ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും യുകെ പ്രധാനമന്ത്രി ഋഷി സുനകും ഒന്നിച്ചുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഷെയ്ഖ് ഹസീനയോട് മുട്ടുകുത്തിയിരുന്ന് സംസാരിക്കുന്ന ഋഷി സുനകിന്റെ ചിത്രമാണ് വൈറലാകുന്നത്. സുനകിന്റെ എളിമയെ പ്രശംസിക്കുന്ന അടിക്കുറിപ്പുകളോടെ എക്‌സിൽ നിരവധി ഉപയോക്താക്കൾ ചിത്രം പങ്കിട്ടു.

ഞായറാഴ്ച സമാപിച്ച ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ സുനകും ഷെയ്ഖ് ഹസീനയും ഡൽഹിയിൽ എത്തിയിരുന്നു . ഇരുവരും തമ്മിൽ ഹൃദ്യമായ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോ ആരുടെയും മനംകവരുന്നതാണ്. ഒരു മരക്കസേരയിൽ ഇരിക്കുന്ന ഷെയ്ഖ് ഹസീനയുടെ അരികിൽ ഒരു മുട്ടിൽ ഇരിക്കുന്ന സുനക ചെരുപ്പ് ധരിച്ചിട്ടില്ല. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റുകൾ.

സുനകിനെ പ്രശംസിച്ച് നിരവധി ഉപയോക്താക്കൾ ഫോട്ടോ പോസ്റ്റ് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തു. 'വലിയ മനുഷ്യന് അഹംഭാവമില്ല!' ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഫോട്ടോ പങ്കിട്ടു തന്റെ പോസ്റ്റിൽ കുറിച്ചു. മറ്റൊരാൾ ഫോട്ടോയെ 'മനോഹരം' എന്ന് വിശേഷിപ്പിച്ചു. മറ്റൊരു ഉപയോക്താവ് സുനകിനെ 'മാന്യൻ' എന്ന് പ്രശംസിച്ചു.

ഞായറാഴ്ച സുനക്, ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം കിഴക്കൻ ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം സന്ദർശിക്കുകയും ആരതി നടത്തുകയും ചെയ്തു. താനൊരു അഭിമാനിയായ ഹിന്ദുവാണെന്നും ഇന്ത്യാ സന്ദർശന വേളയിൽ ക്ഷേത്രം സന്ദർശിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം, മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അദ്ദേഹം രാജ്ഘട്ടിലുമെത്തി.

ജി 20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് ചർച്ച നടത്തിയിരുന്നു. മോദിയുമായി സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ (എഫ്ടിഎ) പുരോഗതിയെക്കുറിച്ച് ചർച്ച നടത്തിയ അദ്ദേഹം ബാക്കിയുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇത് പരസ്പര പ്രയോജനകരമായ എഫ്ടിഎയിൽ ഒപ്പുവെക്കുന്നതിലേക്ക് നയിച്ചു. കൂടുതൽ ചർച്ചകൾക്കായി ഉഭയകക്ഷി സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി സുനകിനെ ക്ഷണിച്ചു. ജി 20 ഉച്ചകോടിയിൽ മോദിയെ അഭിനന്ദിക്കുന്നതിനിടെ അദ്ദേഹം ക്ഷണം സ്വീകരിച്ചു