കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ ഇന്ത്യയെ അഭിനന്ദിച്ച് അഫ്ഗാനിസ്ഥാൻ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ വസ്മ അയൂബി. ഇന്ത്യൻ ജഴ്‌സി ധരിച്ചു നിൽക്കുന്ന ചിത്രവും അവർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാൻ ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെത്താതെ പുറത്തായതോടെ ഇന്ത്യയെയാണ് ഇനി പിന്തുണയ്ക്കുന്നതെന്ന് വസ്മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യയെപ്പോലെ ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ തോൽപിക്കുന്നതു കാണാൻ കാത്തിരിക്കുകയാണെന്ന് അസ്മ എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) അവകാശപ്പെട്ടു.

തന്റെ സെക്കൻഡ് ഹോം ടീമായ ഇന്ത്യക്ക് ശ്രീലങ്കക്കെതിരായ മത്സരത്തിൽ വിജയിക്കാൻ ആകട്ടെയെന്ന് അഭിനന്ദിക്കുന്നതായി വസ്മ പറഞ്ഞു.

'അഭിനന്ദനങ്ങൾ ഭാരത്' എന്നാണു ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. പാക്കിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവിനെയും വസ്മ അഭിനന്ദിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ സ്വദേശിയായ വസ്മ യുഎഇയിലാണു താമസിക്കുന്നത്. ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ 228 റൺസിന്റെ കൂറ്റൻ വിജയമാണു സ്വന്തമാക്കിയത്.

ഇന്ത്യ 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസെടുത്തപ്പോൾ പാക്കിസ്ഥാന്റെ മറുപടി 32 ഓവറിൽ 128 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്കായി വിരാട് കോലിയും കെ.എൽ. രാഹുലും സെഞ്ചറി നേടി. ഏകദിനത്തിലെ 13,000 റൺസെന്ന നാഴികക്കല്ലും കോലി പിന്നിട്ടു. രാജ്യാന്തര ഏകദിനത്തിൽ 13,000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ താരമാണ് കോലി.

വിരാട് കോലി, കെ.എൽ രാഹുൽ എന്നിവരുടെ സെഞ്ചറിയും രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ എന്നിവരുടെ അർധ സെഞ്ച്വറിക്കും പുറമെ കുൽദീപ് യാദവിന്റെ 5 വിക്കറ്റ് പ്രകടനവും ഇന്ത്യൻ വിജയത്തിന് മാറ്റ് കൂട്ടി. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 32 ഓവറിൽ 128 റൺസിന് പുറത്തായി. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വലിയ വിജയ മാർജിനാണിത്.