ഫോൺ 15 പുറത്തിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം ഫ്രാൻസിൽ നിന്നും പുറത്ത് വരുന്നത് ഐഫോൺ ആരാധകർക്ക് അത്ര സുഖം നൽകുന്ന വാർത്തയല്ല. ഐഫോൺ 12 ൽ അനുവദനീയമായതിലും കൂടിയ അളവിൽ റേഡിയേഷൻ കണ്ടെത്തിയതിനെ തുടർന്ന് ഫ്രാൻസിൽ അതിന്റെ വിൽപന സർക്കാർ നിരോധിച്ചു എന്നതാണ് വാർത്ത. നിലവിലെ ഫോണുകൾ അപ്ഡേറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കാനോ അല്ലെങ്കിൽ രാജ്യത്തിനകത്ത് വിറ്റഴിച്ച ഐഫോൺ 12 മുഴുവൻ തിരിച്ചെടുക്കാനോ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഇപ്പോൾ കണ്ടെത്തിയ അളവിലുള്ള റേഡിയേഷൻ ക്യാൻസറിന് കരണമായേക്കും എന്ന റിപ്പോർട്ട് ഫ്രഞ്ച് ഡിജിറ്റൽ മിനിസ്റ്റർ ജീൻ- നോയൽ ബാരോട്ട് നിഷേധിച്ചെങ്കിലും ഈ പ്രസ്താവന, മൊബൈൽ ഫോൺ ഉപയോഗം സുരക്ഷിതമാണോ എന്ന ചർച്ച വീണ്ടും ഉയർത്തിയിരിക്കുകയാണ്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ മനുഷ്യർക്ക് ഹാനികരമാണെന്നതിന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല എന്ന് വിശദീകരിച്ച് മൊബൈൽ ഫോണിനെ കുറിച്ചുള്ള ഭയം അകറ്റാൻ നേരത്തെ ലോകാരോഗ്യ സംഘടനയും ശ്രമിച്ചിരുന്നു.

എന്നാൽ, ശാസ്ത്രലോകം പറയുന്നത്, മൊബൈൽ ഫോൺ ഉപയോഗത്തിന്റെ സുരക്ഷാ വെല്ലുവിളികൾ ഇനിയും പൂർണ്ണമായും മനസ്സിലാകാത്തതിനാൽ ഏറെ കരുതൽ എടുക്കണമെന്നാണ്. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യൂത കാന്തിക തരംഗം മനുഷ്യന്റെ ആരോഗ്യത്തിന് വിപരീത ഫലങ്ങൾ ഉണ്ടാക്കുന്നു എന്നതിന് നിലവിൽ തെളിവുകൾ ഒന്നും തന്നെ ഇല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതേസമയം, തീർത്തും അപകടകാരിയല്ല എന്ന് തെളിയിക്കാനും ആയിട്ടില്ല. കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും ഈ രംഗത്ത് ഉണ്ടാകേണ്ടതുണ്ട് എന്നാണ് മുതിർന്ന ശാസ്ത്രജ്ഞർ പറയുന്നത്.

എന്നിരുന്നാലും, മൊബൈൽ ഫോൺ ഉപയൊഗത്തിൽ പരമാവധി സുരക്ഷ ഉറപ്പാക്കാൻ പല മാർഗ്ഗ നിർദ്ദേശങ്ങളുംനിലവിൽ ഉണ്ട്. ഇവയുടെ മാനദണ്ഡങ്ങളിൽ അല്പം ചില ലംഘനങ്ങൾ ഉണ്ടായാലും അത്ര ഭയക്കാനില്ല എന്നും ചില വിദഗ്ദ്ധർ പറയുന്നു. അതേസമയം, ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള റിസർച്ച് ഓൺ കാൻസർ, ചില റേഡിയോ തരംഗങ്ങൾ അമിതമായ അളവിൽ ഉണ്ടായാൽ കാൻസറിന് കാരണമായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കാര്യം മറ്റു ചില ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നു.

യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പ്രകാരം, ഇലക്ട്രോണിക് ഉപകരണങ്ങൾ മൂലമുണ്ടാകുന്ന വൈദ്യൂത കാന്തിക തരംഗം ഏറ്റാൽ മനുഷ്യ ശരീരം ആഗിരണം ചെയ്യുന്ന ഊർജ്ജത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന സ്പെസിഫിക് അബ്സോർപ്ഷൻ നിരക്ക് (എസ് എ ആർ) മൊബൈൽ ഫോൺ ചെവിയോട് അടുത്തു പിടിക്കുമ്പൊൾ 2 വാട്ട്സ് പെർ കിലോഗ്രാമും പോക്കറ്റിൽ വയ്ക്കുമ്പോൾ 4 വാട്ട്സ് പെർ കിലോഗ്രാമും ആയിരിക്കണം. എന്നാൽ, ഐഫോൺ 12 ൽ എസ് എ ആർ 5.74 വാട്ട്സ് പെർ കിലോഗ്രാം വരെയാണെന്നാണ് കണ്ടെത്തിയത്.

എന്നാൽ, ആപ്പിൾ ഇക്കാര്യം പാടെ നിഷേധിക്കുകയാണ്. ചെവിയോട് അടുത്തു പിടിക്കുമ്പോൾ എസ് എ ആർ 0.98 വാട്ട്സ് പെർ കിലോഗ്രാമും പോക്കറ്റിൽ സൂക്ഷിക്കുമ്പോൾ 0.99 വാട്ട്സ് പെർ കിലോഗ്രാമും ആണെന്നാണ് കമ്പനി പറയുന്നത്. ഐഫോണുകളുടേ എസ് എ ആർ പരിധികളെ കുറിച്ച് ഇതാദ്യമായല്ല ആപ്പിൾ വിവാദത്തിലാകുന്നത്. ഐഫോൺ 7 ഉം ഐഫോൺ എക്സും ഈ പരിധി ലംഘിച്ചതായി 2019 ൽ ഷിക്കാഗോ ട്രിബ്യുണിൽ റിപ്പോർട്ടുകൾ വന്നിരിന്നു.