ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ യഥാർത്ഥ വസ്തുത ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിനിടെയാണ് വീഡിയോ പങ്കുവെച്ച് ഗൗതം ഗംഭീർ ഇതിന് പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് ചോദിച്ചത്.

കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി രണ്ട് പേർ ചേർന്ന് നിർബന്ധപൂർവം നടത്തികൊണ്ടുപോകുന്നതാണ് വീഡിയോ. കപിലിന്റെ വായ തുണികൊണ്ടും കെട്ടിയിട്ടുണ്ട്. ഇത് യഥാർത്ഥ കപിൽ ദേവ് അല്ലെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നാണ് കരുതുന്നതെന്നും ഗംഭീർ എക്‌സിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

കപിലിനെ രണ്ട് പേർ ചേർന്ന് കൈകൾ പിന്നിലേക്ക് കെട്ടി വായിൽ തുണികൊണ്ട് കെട്ടി ഒരു ഗോഡൗൺ പോലെയുള്ള സ്ഥലത്തേക്ക് നടത്തിക്കൊണ്ടുപോകുന്ന 10 സെക്കൻഡുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നടക്കുന്നതിനിടെ കപിൽ നിസഹായ അവസ്ഥയിൽ തിരിഞ്ഞുനോക്കുന്നുണ്ട്.

വീഡിയോ പുറത്തുവന്നതോടെ ആരാധകരും അമ്പരപ്പിലാണ്. പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായുള്ള വീഡിയോ ആണോ യഥാർത്ഥമാണോ എന്ന് വിഡിയോക്ക് താഴെ ആളുകൾ കമന്റിലൂടെ ചോദിക്കുന്നുണ്ട്. അതേസമയം, കാഴ്ചക്കാരെ കൂട്ടാനുള്ള പരസ്യ തന്ത്രമാണിതെന്നാണ് കൂടുതൽ ആരാധകരും കമന്റിലൂടെ പറയുന്നത്.