ബെംഗളൂരു: പാക്കിസ്ഥാൻ ടീമിന് സിന്ദാബാദ് വിളിച്ച ആരാധകനെ തടഞ്ഞ് പാക്കിസ്ഥാൻ പൊലീസ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന് ലോകകപ്പ് പാക്കിസ്ഥാൻ - ഓസ്ട്രേലിയ മത്സരത്തിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. മത്സരത്തിനിടെ സ്വന്തം ടീമായ പാക്കിസ്ഥാന് മുദ്രാവാക്യം വിളിക്കുകയായിരുന്നു പാക്കിസ്ഥാൻ സ്വദേശിയായ യുവാവ്. എന്നാൽ ഇവിടെ പാക്കിസ്ഥാന് മുദ്രാവാക്യം വിളിക്കരുതെന്ന് പൊലീസുകാരൻ നിർദ്ദേശിക്കുക ആയിരുന്നു.

ഒരു വിഭാഗം കാണികൾ മത്സരത്തിനിടെ ഓസ്ട്രേലിയക്ക് പിന്തുണയറിയിച്ച് മുദ്രാവാക്യം വിളിച്ചതിനു പിന്നാലെ ഗാലറിയിലുണ്ടായിരുന്ന പാക്കിസ്ഥാൻ ആരാധകർ തങ്ങളുടെ ടീമിന് സിന്ദാബാദ് വിളിക്കുകയായിരുന്നു. ഇതോടെയാണ് ഒരു പൊലീസുകാരൻ പാക് ജേഴ്സി ധരിച്ചിരിക്കുന്ന ആരാധകന് സമീപമെത്തി ഇവിടെ പാക്കിസ്ഥാൻ സിന്ദാബാദ് വിളിക്കരുതെന്ന് പറഞ്ഞ് അയാളെ തടഞ്ഞത്. ഇത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം.

മത്സരം കാണാനായി പാക്കിസ്ഥാനിൽ നിന്ന് വന്നതാണെന്നും തന്റെ ടീമിനെ പിന്തുണയ്ക്കുന്നതിനായി പാക്കിസ്ഥാൻ സിന്ദാബാദ് എന്നല്ലാതെ പിന്നെന്താണ് വിളിക്കുകയെന്നും ആരാധകൻ ചോദിക്കുന്നുണ്ട്. ആളുകൾ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുമ്പോൾ എന്തുകൊണ്ട് തനിക്ക് പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ചുകൂടാ എന്നും ആരാധകൻ ചോദിക്കുന്നു. ഇത് താൻ ഫോണിൽ റെക്കോഡ് ചെയ്യാൻ പോകുകയാണെന്ന് യുവാവ് പറഞ്ഞതിനു പിന്നാലെ പൊലീസുകാരൻ അവിടെ നിന്ന് പോകുന്നതും വീഡിയോയിലുണ്ട്.