ചെന്നൈ: തേജസ് യുദ്ധവിമാനത്തിൽ ലഘുയാത്ര നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് രംഗത്തുവന്നത്. എന്താണ് അടുത്തത്, മുങ്ങിക്കപ്പലാണോ? എന്ന ചോദ്യത്തോടൊപ്പമാണ് എക്‌സിൽ ചിത്രം പങ്കുവച്ചത്. കള്ളപ്പണം വെളുപ്പിച്ചതിന് തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജൂവലറിക്കെതിരായ കേസിൽ ഇ.ഡി നോട്ടിസ് അയച്ചതിനു പിന്നാലെയാണ് നരേന്ദ്ര മോദിയെ പ്രകാശ് രാജ് വിമർശിച്ചത്.

ഇന്ത്യയുടെ തദ്ദേശ നിർമ്മിത തേജസ് യുദ്ധവിമാനത്തിൽ നരേന്ദ്ര മോദി യാത്രചെയ്തിരുന്നു. ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ് ആസ്ഥാനത്ത് ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി യുദ്ധവിമാനത്തിൽ യാത്ര ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

'തേജസ് വിമാനത്തിൽ വിജയകരമായി ഒരു ചെറുയാത്ര പൂർത്തിയാക്കി. അവിശ്വസനീയവും അതിവിശിഷ്ടവുമായ ആ അനുഭവം നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളിലുള്ള എന്റെ ആത്മവിശ്വാസം ഏറെ വർധിപ്പിച്ചു. ഇന്ത്യയുടെ കരുത്തിൽ ഞാനനുഭവിക്കുന്ന അഭിമാനത്തിലും ശുഭാപ്തിവിശ്വാസത്തിലുമുള്ള പുത്തനുണർവാണ് ഈ യാത്ര എനിക്ക് സമ്മാനിച്ചത്', എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിന്റെ നിർമ്മാണകേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വിമാനയാത്ര. സന്ദർശനത്തിനിടെ നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.

ഒരു സീറ്റുള്ള യുദ്ധ വിമാനമാണ് തേജസ്. എന്നാൽ പരിശീലന ആവശ്യങ്ങൾക്കായി നിർമ്മിച്ച വ്യോമസേനയുടെ രണ്ട് സീറ്റുള്ള പ്രത്യേക തേജസ് വിമാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ഇന്ത്യൻ നാവികസേനയ്ക്കും ഇരട്ട സീറ്റുള്ള തേജസ് വിമാനങ്ങളുണ്ട്.

കഴിഞ്ഞ ദിവസം ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോടു തോറ്റതോടെ ബിജെപിയുടെ പദ്ധതി പാളിയെന്നും പ്രകാശ് രാജ് പരിഹസിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് ജയിച്ചിരുന്നെങ്കിൽ മോദിയുടെ നേതൃത്വത്തിൽ ആഘോഷിക്കാൻ ബിജെപി പദ്ധതി തയാറാക്കിയിരുന്നുവെന്നു വിശദീകരിക്കുന്ന, കോൺഗ്രസ് അനുകൂല അക്കൗണ്ടിൽ വന്ന കുറിപ്പു പങ്കുവച്ചായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. ''പ്രധാന നടന്റെ തിരക്കഥ പാടേ പാളിയിരിക്കുന്നു. ഇനിയും ഇതുപോലെ ഒരുപാടു കാര്യങ്ങൾ വരും'' കുറിപ്പ് പങ്കുവച്ച് പ്രകാശ് രാജ് എഴുതി.

വിവാദ ജൂവലറിയുടെ ബ്രാൻഡ് അംബാസഡറായ നടനോട് അടുത്തയാഴ്ച ചെന്നൈയിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഇ.ഡി നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂവലറിയിൽനിന്നു കണക്കിൽപെടാത്ത 23.7 ലക്ഷം രൂപയും 11.6 കിലോ സ്വർണവും ഇ.ഡി പിടിച്ചെടുത്തിരുന്നു. സ്വർണ നിക്ഷേപ പദ്ധതിയിലൂടെ 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതിന് ജൂവലറിക്കെതിരെ തമിഴ്‌നാട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നേരത്തേ കേസെടുത്തിരുന്നു.