റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങൾക്ക് ഒപ്പമാണ് മഹേന്ദ്ര സിങ് ധോണിയുടെ പേരും ആരാധകർ പറയാറുള്ളത്. 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ആരാധകവൃന്ദത്തിന് ഇപ്പോഴും ഒരു കുറവുമില്ല. ഐപിഎൽ പോരാട്ടത്തിലടക്കം ഇത് കാണാറുമുണ്ട്. ആരാധകരുടെ വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് കൂടുതലായി ധോണിയുടെ വിശേഷങ്ങൾ അറിയുന്നത്. ആരാധകരുമായുള്ള ധോണിയുടെ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ ധോണിയുടെ കളിക്കളത്തിലും പുറത്തുമുള്ള പെരുമാറ്റം നിരവധിപ്പേരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയും അത്തരത്തിലൊന്നാണ്.

 
 
 
View this post on Instagram

A post shared by subodh singh Kushwaha (@kushmahi7)

സ്വന്തം ആരാധകന്റെ വീട്ടിൽ അയാളുടെ പിറന്നാൾ ആഘോഷത്തിനെത്തി ധോണി സർപ്രൈസ് നൽകിയതായി വിഡിയോയിൽ പറയുന്നു. 'ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. ആരാധകനൊപ്പം ധോണി കേക്ക് പങ്കുവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

വരാനിരിക്കുന്ന ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ധോണിയുണ്ട്. കളിക്കളത്തിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് 42കാരനായ താരം. കഴിഞ്ഞ സീസണിൽ ചെന്നൈയെ കിരീട നേട്ടത്തിലേക്ക് നയിക്കാൻ ധോണിക്ക് കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ 250 മത്സരങ്ങൾ കളിച്ച താരം 24 അർധ സെഞ്ചറികളുൾപ്പെടെ 38.79 ശരാശരിയിൽ 5082 റൺസ് നേടിയിട്ടുണ്ട്. 2019 ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെയാണ് താരം അവസാനമായി ഇന്ത്യൻ ജഴ്‌സിയിൽ കളിച്ചത്.