ന്യൂഡൽഹി: മകൻ സൊരാവറിന്റെ ജന്മദിനത്തിൽ സമൂഹമാധ്യമത്തിലൂടെ പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. കഴിഞ്ഞ ഒരുവർഷമായി മകനെ കാണാൻ സാധിച്ചിട്ടില്ലെന്നും തന്നിൽനിന്നു അകറ്റി നിർത്തിയിരിക്കുകയാണെന്നും ധവാൻ സമൂഹമാധ്യമത്തിൽ സങ്കടം പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ ധവാന് ഡൽഹി കോടതി വിവാഹ മോചനം അനുവദിച്ചിരുന്നു. മുൻ ഭാര്യ ഐഷ മുഖർജിയോടൊപ്പമാണു മകൻ താമസിക്കുന്നത്. ധവാന് മകനെ കാണാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, അതിനു സാധിക്കുന്നില്ലെന്നാണു താരത്തിന്റെ പരാതി.

''ഞാൻ നിന്നെ കണ്ടിട്ട് ഒരു വർഷമാകുന്നു. മൂന്നു മാസത്തോളമായി എല്ലായിടത്തുനിന്നും എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ടാണ് ഒരു ചിത്രം തന്നെ പോസ്റ്റ് ചെയ്ത് നിനക്ക് ആശംസകൾ നേരുന്നത്.'' ധവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ''നിന്നെക്കുറിച്ചോർത്ത് എനിക്ക് അഭിമാനമുണ്ട്. നീ നന്നായി വളരുന്നുണ്ടെന്ന് എനിക്കറിയാം. പപ്പ നിന്നെ എപ്പോഴും മിസ് ചെയ്യുന്നുണ്ട്. കാണാൻ സാധിക്കുന്നില്ലെങ്കിലും ഞാൻ എല്ലാ ദിവസവും നിനക്കായി മെസേജുകൾ അയക്കുന്നുണ്ട്. നിന്റെ വിശേഷങ്ങൾ അന്വേഷിക്കുകയും, എന്റെ ജീവിതത്തെക്കുറിച്ചു പറയുകയും ചെയ്യുന്നു.''

''പപ്പ നിന്നെ ഒരുപാടു സ്‌നേഹിക്കുന്നു'' എന്നു പറഞ്ഞാണ് ശിഖർ ധവാന്റെ കുറിപ്പ് അവസാനിക്കുന്നത്. 2022 ഡിസംബറിലാണ് ധവാൻ ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിനായുള്ള തയ്യാറെടുപ്പിലാണ് ധവാനിപ്പോൾ. പഞ്ചാബ് കിങ്‌സിനെ അടുത്ത സീസണിലും ധവാൻ തന്നെ നയിക്കും. 38 വയസ്സുകാരനായ ഓപ്പണിങ് ബാറ്റർ ഐപിഎല്ലിനായുള്ള പരിശീലനം ആരംഭിച്ചു.

 
 
 
View this post on Instagram

A post shared by Shikhar Dhawan (@shikhardofficial)

ഭാര്യ അയേഷ മുഖർജിയിൽ നിന്ന് ക്രൂരതയും മാനസിക പീഡനങ്ങളും അനുഭവിച്ച ഹർജിക്കാരന് ഇവരിൽ നിന്ന് വിവാഹമോചനത്തിന് അർഹതയുണ്ടെന്ന് നിരീക്ഷച്ചാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.

ക്രിക്കറ്റ് മൈതാനത്തിന് പുറത്ത് വ്യക്തി ജീവിതത്തിൽ ഏറ്റവും മോശം സമയത്തിലൂടെ കടന്ന് പോകുമ്പോഴും സ്വയം ചിരിക്കാൻ ശ്രമിക്കുകയാണ് ശിഖർ ധവാൻ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ശിഖർ ധവാൻ തന്റെ മകന് പിറന്നാൾ ആശംസകൾ അറിയിച്ചത്. വിവാഹ മോചനം അനുവദിക്കുമ്പോൾ തന്നെ മകനെ കാണുന്നതിനും ഒപ്പം താമസിക്കുന്നതിനുമുള്ള ഉപാധികളും കോടതി മുന്നോട്ടുവച്ചിരുന്നു

ഓസ്ട്രേലിയൻ പൗരത്വമുള്ള ആയിഷ മുഖർജി അവിടെയാണ് താമസം. ഓസ്ട്രേലിയയിലും ഇന്ത്യയിലും വച്ച് മകനെ കാണാനുള്ള അവകാശം, വെക്കേഷൻ സമയത്ത് മകനൊപ്പം താമസിക്കാനുള്ള അവകാശം തുടങ്ങിയവ കോടതി ധവാന് അനുവദിച്ചിരുന്നു. എന്നാൽ മകന് പിറന്നാൾ ആശംസകൾ നേർന്നുള്ള താരത്തിന്റെ കുറിപ്പിലാണ് ഒരു വർഷമായി നേരിൽ കാണാനോ കഴിഞ്ഞ മൂന്ന് മാസങ്ങളായി സമൂഹമാധ്യമങ്ങൾ വഴിയോ കാണാൻ പോലും കഴിയുന്നില്ലെന്ന കാര്യം പുറത്തറിയുന്നത്.