ചെന്നൈ: ക്യാപ്റ്റൻ വിജയകാന്തിന്റെ വേർപാടിന്റെ വേദനയിലാണ് തമിഴ് ജനത. നടനായും സാമൂഹിക പ്രവർത്തകനായും രാഷ്ട്രീയ നേതാവായുമൊക്കെ ജനമനസ് കീഴടക്കിയ വിജയകാന്തിന്റെ വിയോഗം ഡിസംബർ 28 ന് ആയിരുന്നു. മറീന കടൽക്കരയ്ക്കടുത്ത ഐലൻഡ് ഗ്രൗണ്ടിൽ വിജയകാന്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വച്ചപ്പോൾ സിനിമാ പ്രവർത്തകരും രാഷ്ട്രീയനേതാക്കളും പൊതുജനങ്ങളുമുൾപ്പെടെ 15 ലക്ഷത്തോളം പേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.

ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ സോഷ്യൽ മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി. നടന്മാരായ വിജയും രജനികാന്തുമെല്ലാം ക്യാപ്റ്റന്റെ ഭൗതികശരീരത്തിന് മുന്നിൽ കണ്ണീരൊഴുക്കി. ഇപ്പോഴിതാ വിജയകാന്തിന് അന്തിമോപചാരവുമായി അദ്ദേഹത്തിന്റെ സ്മാരകത്തിൽ എത്തിയ നടൻ സൂര്യയുടെ വീഡിയോ പ്രചരിക്കുകയാണ്.

വിജയകാന്തിന്റെ സ്മാരകത്തിലെത്തിയ സൂര്യ വികാരാധീനനാവുന്നതും കരയുന്നതും വീഡിയോയിൽ കാണാം. വിജയകാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദർശിച്ചു. കാർത്തിയും ഒപ്പമുണ്ടായിരുന്നു. വിജയകാന്തിന്റെ മരണസമയത്ത് സൂര്യ വിദേശത്ത് ആയിരുന്നു.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിജയകാന്തിനോടുള്ള തന്റെ ആദരം ആ സമയത്ത് അദ്ദേഹം അറിയിച്ചിരുന്നു. സൂര്യയും വിജയകാന്തും തമ്മിൽ വർഷങ്ങളുടെ അടുപ്പമുണ്ട്. സൂര്യയുടെ കരിയറിലെ തുടക്കകാലത്തെ ചിത്രമായ പെരിയണ്ണയിലെ ടൈറ്റിൽ കഥാപാത്രമായ എക്സ്റ്റൻഡഡ് കാമിയോ റോളിൽ എത്തിയത് വിജയകാന്ത് ആയിരുന്നു. ഇഴയടുപ്പമുള്ള ബന്ധമായിരുന്നു ഇരുവർക്കുമിടയിൽ.

ഒരു കണ്ണിൽ ധൈര്യവും മറ്റൊരു കണ്ണിൽ അനുകമ്പയുമായി ജീവിച്ച അപൂർവ്വ കലാകാരനായിരുന്നു വിജകാന്തെന്ന് സൂര്യ അദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

'അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച, സംസാരിച്ച, ഭക്ഷണം കഴിഞ്ഞ ദിനങ്ങൾ മറക്കാനാവില്ല. സഹായം ചോദിച്ചെത്തുന്ന ഒരാളോടും അദ്ദേഹം നോ പറഞ്ഞില്ല. കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച് അവരുടെ പുരട്ചി കലൈഞ്ജറായി മാറിയ എന്റെ സഹോദരൻ വിജയകാന്തിന്റെ വിയോഗത്തിൽ എന്റെ അനുശോചനം അറിയിക്കുകയാണ്. അദ്ദേഹം ഇനിയില്ല എന്നത് എന്നെ തളർത്തിക്കളയുന്നു. ഒരു കണ്ണിൽ ധൈര്യവും മറ്റൊരു കണ്ണിൽ അനുകമ്പയുമായി ജീവിച്ച അപൂർവ്വ കലാകാരനായിരുന്നു അദ്ദേഹം.

ഒരു തരത്തിലുള്ള വേർതിരിവുമില്ലാതെ എല്ലാവരെയും അദ്ദേഹം സഹായിച്ചു. നമ്മുടെ ഹൃദയങ്ങളിൽ പിരട്ചി കലൈഞ്ജറും ക്യാപ്റ്റനുമായി. അണ്ണൻ വിജയകാന്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു', സൂര്യ അനുശോചിച്ചിരുന്നു.