ഹാമിൽട്ടൻ: ഗാലറിയിൽ നിന്നും ആരാധകന്റെ 'ചാച്ചു' (അമ്മാവൻ) വിളിയിൽ രൂക്ഷമായി പ്രതികരിച്ച് പാക്കിസ്ഥാൻ ഓൾ റൗണ്ടർ ഇഫ്തിഖർ അഹമ്മദ്. സെഡോൺ പാർക്ക് സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് നായകീയ സംഭവങ്ങൾ.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ബാബർ അസമാണ് മുൻപൊരിക്കൽ ഇഫ്തിഖറിന് ചാച്ചു എന്ന പേരു നൽകിയത്. പാക്കിസ്ഥാൻ ടീമിലെ സഹതാരങ്ങളും ആരാധകരും പലപ്പോഴും പാക്ക് ഓൾറൗണ്ടറെ ചാച്ചു എന്നായിരുന്നു വിളിക്കാറ്. എന്നാൽ ആരാധകൻ പരസ്യമായി ഗാലറിയിൽ നിന്നും വിളിച്ചത് ഇഷ്ടപ്പെടാതെ താരം പ്രതികരിക്കുകയായിരുന്നു.

താരം ബൗണ്ടറി ലൈനിനു സമീപത്തു ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു ഇത്. ചാച്ചു എന്നു വിളിക്കരുതെന്ന് ഇഫ്തിഖർ ആവശ്യപ്പെട്ടു. ഇഫ്തിഖറിന്റെ ഫാൻ ആണെന്ന് ആരാധകൻ പറഞ്ഞെങ്കിലും, പാക്ക് താരം ഇതൊന്നും ഗൗനിച്ചില്ല. ഒന്നു മിണ്ടാതിരിക്കാമോ എന്നായിരുന്നു ഇഫ്തിഖറിന്റെ അടുത്ത പ്രതികരണം. എന്നാൽ പിന്നീട് ഇതേ ആരാധകന്റെ കൂടെ ഇഫ്തിഖർ എടുത്ത സെൽഫിയും എക്‌സ് പ്ലാറ്റ്‌ഫോമിൽ പ്രചരിക്കുന്നുണ്ട്.

രണ്ടാം ട്വന്റി20യിൽ ന്യൂസീലൻഡ് പാക്കിസ്ഥാനെ 21 റൺസിനു തോൽപിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ന്യൂസീലൻഡ് 2 - 0ന് മുന്നിലെത്തി. അടുത്ത കളി ജയിച്ചാൽ ആതിഥേയർക്കു പരമ്പര സ്വന്തമാക്കാം. കഴിഞ്ഞ ദിവസം പരുക്കേറ്റ കെയിൻ വില്യംസൺ ഇല്ലാതെയായിരിക്കും ന്യൂസീലൻഡ് പരമ്പരയിലെ അടുത്ത മത്സരങ്ങൾ കളിക്കുക. ബുധനാഴ്ച ഡ്യൂൺഡിനിലാണു പരമ്പരയിലെ അടുത്ത മത്സരം.