ലഖ്നൗ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വിശിഷ്ടാതിഥികളുടെ വൻനിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളിൽ മിക്കവരും ക്ഷേത്രത്തിലെത്തിയിരുന്നു. സിനിമ, കായികതാരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ അയോധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയായി. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയിൽ വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ, സീനിയർ താരം വിരാട് കോലി, മുൻ ക്യാപ്റ്റൻ എം എസ് ധോണി എന്നിവർക്കെല്ലാം അയോധ്യയിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ മൂവരും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. രോഹിത് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മുംബൈയിൽ പരിശീലനത്തിലായിരുന്നു അദ്ദേഹം. കോലി വ്യക്തിപരമായ കാരങ്ങളെ തുടർന്ന് ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റുകളിൽ അദ്ദേഹം കളിക്കുന്നില്ല.

ക്ഷണം കിട്ടിയ മുൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, അനിൽ കുംബ്ലെ, വെങ്കടേഷ് പ്രസാദ് തുടങ്ങിയവരൊക്കെ അയോധ്യയിലെത്തിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത സച്ചിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അനുഗ്രഹത്തേക്കാൾ കൂടുതൽ മറ്റൊന്നുമില്ലെന്നാണ് സച്ചിൻ പറയുന്നത്.

സച്ചിന്റെ വാക്കുകളിങ്ങനെ... ''ഇതൊരു പ്രത്യേക വികാരമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വന്ന് അനുഗ്രഹം വാങ്ങൂ. അതിനേക്കാൾ വലുതായി മറ്റൊന്നും ഉണ്ടാകില്ല.'' സച്ചിൻ പറയുന്നു.

അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ തമിഴ് സിനിമാ താരങ്ങളായ രജനികാന്തും ധനുഷും പങ്കെടുത്തിരുന്നു. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണെന്ന് രജനികാന്ത് പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിന് ശേഷം തിരികെ മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.

ചരിത്ര നിമിഷമാണ് ഇവിടെ നടന്നത്. ഉറപ്പായും എല്ലാ വർഷവും അയോദ്ധ്യയിൽ ദർശനം നടത്തുമെന്ന് രജനീകാന്ത് പറഞ്ഞു. സിനിമാ, കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ വിവിധ മേഖലകളിലെ 8,000-ത്തിലധികം വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു.

പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നിരവധി സിനിമാ താരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, കങ്കണ റണാവത്ത്, ചിരംഞ്ജീവി, രാംചരൺ, ആലിയ ഭട്ട്, രൺബീർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അതേ സമയം ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് എത്തിയിരുന്നു. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വാർണർ പോസ്റ്റുമായെത്തിയത്. വാർണർക്ക് ഇന്ത്യൻ പൗരത്വം നൽകൂവെന്ന് ആരാധകർ കമന്റ് ബോക്‌സിൽ ആവശ്യപ്പെടുന്നുണ്ട്. യഥാർത്ഥ ഇന്ത്യൻ താങ്കളാണെന്നൊക്കെ മറ്റു ചില കമന്റുകൾ.