കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ. ഇന്ത്യൻ മുസ്ലിം ആയതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. മലപ്പുറത്തുനിന്ന് മക്കയിലേക്കു കാൽനടയായി യാത്ര ചെയ്ത് ഹജ്ജ് ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചയാളാണ് ശിഹാബ്. സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് ശിഹാബ് മോദിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയത്.

വിവിധ മതവിഭാഗങ്ങൾക്കും കുട്ടികൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഭാരതം ഒന്നാകെ ഒറ്റ ചിത്രത്തിൽ എന്ന അടിക്കുറിപ്പോടെയുള്ള ഒരു എക്സ് പോസ്റ്റും കൂട്ടത്തിലുണ്ട്. ദേശീയപതാക പിടിച്ചുനിൽക്കുന്ന സ്വന്തം ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുള്ള കുറിപ്പിന് പിന്നാലെ കടുത്ത വിമർശനമാണ് ഉയർന്നത്.

നിരവധി പേരാണ് പോസ്റ്റിനു താഴെ വിമർശനവുമയി രംഗത്തെത്തിയത്. ഇതിനു വേണ്ടിയാണോ നടന്ന് ഹജ്ജ് ചെയ്യാൻ പോയതെന്ന് ഒരാൾ ചോദിക്കുന്നു. ഇനി ഹജ്ജിനു വേണ്ടി സൗദി വരെ നടക്കേണ്ടതില്ലെന്നും അയോധ്യ വരെ മതിയെന്നും മറ്റൊരാൾ വിമർശിച്ചു.

'നന്ദി മോദി സർ, ഇന്ത്യൻ മുസൽമാനായതിൽ അഭിമാനം' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച സന്ദേശം വ്യാപക വിമർശനം ഉയർന്നതോടെ ശിഹാബ് ചോറ്റൂർ പോസ്റ്റ് മുക്കിയെന്ന രീതിയിൽ വാർത്ത പ്രചരിച്ചിരുന്നു. അയോധ്യയുമായി ബന്ധപ്പെട്ടാണ് കുറിപ്പെന്ന് തെറ്റിദ്ധരിച്ചായിരുന്നു വിമർശനങ്ങൾ.

അയോധ്യയിൽ രാമക്ഷേത്രത്തിൽ ഇന്നലെയാണ് വിഗ്രഹ പ്രതിഷ്ഠ നടന്നത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചുള്ള കുറിപ്പാണ് വിമർശനത്തിന് ഇടയാക്കിയത്. എന്നാൽ മുമ്പു നടന്ന ഒരു പരിപാടിയുടെ പോസ്റ്റിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലൈക്ക് ചെയ്തു. അത് വൈറൽ ആകുകയും പല ദേശീയ പ്രമുഖരും അത് ഷെയർ ചെയ്തു കണ്ടപ്പോൾ രാജ്യത്തിന്റെ പിഎം എന്നെപോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റിനു ലൈക് ചെയ്തതിൽ അത്ഭുതം തോന്നി, അപ്പോൾ അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ഇട്ടതെന്നും ശിഹാബ് ചോറ്റൂർ പറയുന്നു.

അത് അയോദ്ധ്യ വിഷയവുമായി യാതൊരു ബന്ധവും ഇല്ല. എന്ന് മാത്രമല്ല ഫാസിസവുമായി ഒരിക്കലും രാജിയാവനില്ല. താൻ ചിന്തിക്കാത്ത തരത്തിലാണ് സോഷ്യൽ മീഡിയ വാർത്ത വരുന്നത്.
ഈ സത്യാവസ്ഥ അറിയാതെ ആണ് പലരും പ്രതികരിക്കുന്നത്.അത് അല്ലാഹുവിനു വിടുന്നു. ആത്മാർത്ഥമായി പറയുന്ന ഈ വാക്കുകൾ സ്വീകരിക്കുന്നവർ ദയവ് ചെയ്തു അത് ഷെയർ ചെയ്യരുത് എന്ന് പറയുന്നു. ഹബീബായ നബിയെ സ്‌നേഹിക്കുന്ന ഒരാൾ എന്ന നിലക്ക് ഒരിക്കലും ഫാസിസത്തെ പിന്തുണക്കില്ല. വിശദീകരണം ഇല്ലാതെ തെറ്റിദ്ധാരണ വരുന്ന തരത്തിൽ ഇട്ട പോസ്റ്റിനു
തന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്കിൽ പങ്കുവച്ച വിശദീകരണ കുറിപ്പ്

Assalamu alaikum
എന്റെ
മുമ്പു നടന്ന ഒരു പരിപാടിയുടെ പോസ്റ്റിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലൈക്ക് ചെയ്തു.
അത് വൈറൽ ആകുകയും പല ദേശീയ പ്രമുഖരും അത് ഷെയർ ചെയ്തു കണ്ടപ്പോൾ
രാജ്യത്തിന്റെ pm എന്നെപോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റിനു ലൈക് ചയ്തതിൽ അത്ഭുതം തോന്നി
അപ്പോൾ അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് ഞാൻ അല്പം മുമ്പു പോസ്റ്റ് ഇട്ടതു.
അത് അയോദ്ധ്യ വിഷയവുമായി യാതൊരു ബന്ധവും ഇല്ല.
എന്ന് മാത്രമല്ല ഫാസിസവുമായി ഒരിക്കലും രാജിയാവനില്ല.
ഞാൻ ചിന്തിക്കാത്ത തരത്തിലാണ് സോഷ്യൽ മീഡിയ വാർത്ത വരുന്നത്.
ഈ സത്യാവസ്ഥ അറിയാതെ ആണ് പലരും പ്രതികരിക്കുന്നത്.അത് അല്ലാഹുവിനു വിടുന്നു.
ആത്മാർത്ഥമായി പറയുന്ന ഈ വാക്കുകൾ സ്വീകരിക്കുന്നവർ
ദയവ് ചയ്തു അത് ഷെയർ ചെയ്യരുത് എന്ന് പറയുന്നു.
ഹബീബായ നബിയെ സ്‌നേഹിക്കുന്ന ഒരാൾ എന്ന നിലക്ക് ഒരിക്കലും
ഫാസിസത്തെ ഞാൻ പിന്തുണക്കില്ല
വിശദീകരണം ഇല്ലാതെ
തെറ്റിദ്ധാരണ വരുന്ന തരത്തിൽ ഇട്ട പോസ്റ്റിനു ഞാൻ
എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
അല്ലാഹു നമ്മെ സത്യ വിശ്വാസികളിൽ ഉൾപ്പെടുത്തട്ടെ
ശിഹാബ് ചോറ്റൂർ

ഹജ്ജ് നിർവഹിക്കാനായി മലപ്പുറത്തുനിന്ന് കാൽനടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂർ നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മദീനയിലെ പ്രവാചകന്റെ പള്ളിക്കുമുൻപിൽനിന്നുള്ള ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചിരുന്നു. നോമ്പുകാലത്തായിരുന്നു സൗദിയിലെത്തിയത്.

2022 ജൂൺ രണ്ടിനാണ് ശിഹാബ് വീട്ടിൽനിന്ന് യാത്ര തിരിച്ചത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച ശേഷം പാക് അതിർത്തി കടക്കുകയായിരുന്നു. ഇന്ത്യയിലുടനീളം തീർത്ഥയാത്രയ്ക്ക് വൻ വരവേൽപ്പ് ലഭിച്ചു. നിയമതടസം നേരിട്ടതിനെ തുടർന്ന് പാക് അതിർത്തിയിൽ ഏതാനും ദിവസം തങ്ങേണ്ടിവന്നു. ഇതൊഴിച്ചാൽ യാത്ര പുറപ്പെട്ട ശേഷം മിക്ക ദിവസങ്ങളിലും ശിഹാബ് കാൽനട തുടർന്നു.

പാക്കിസ്ഥാൻ കടന്ന് ഇറാൻ, ഇറാഖ്, കുവൈത്ത് വഴിയാണ് സൗദിയിലെത്തിയത്. യാത്രാവിവരങ്ങൾ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്തിരുന്നു.

എണ്ണായിരത്തിലേറെ കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര ഒരു വർഷത്തോളം എടുത്താണ് പൂർത്തിയാക്കിയത്. വാഗാ അതിർത്തിയിൽ പാക്കിസ്ഥാനിൽനിന്നുള്ള അനുമതി ലഭിക്കാത്തതുമൂലം യാത്ര തടസ്സപ്പെട്ട് നാലുമാസത്തിലേറെ അവിടെ തങ്ങേണ്ടിവന്നു.