മുംബൈ: മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. മരിച്ചുവെന്ന തരത്തിൽ വെള്ളിയാഴ്ച വാർത്ത പുറത്തുവിട്ടത് ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമാണെന്ന് നടി ഇന്നു പുറത്തുവിട്ട വിഡിയോയിലൂടെ അറിയിച്ചു. താൻ വേദനിപ്പിച്ചതിന് എല്ലാവരോടും മാപ്പെന്നും നടി വിശദീകരിച്ചു.

തന്റെ മരണവാർത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് നടി പൂനം പാണ്ഡെ പറഞ്ഞു. കഴിഞ്ഞ ദിവസം സെർവിക്കൽ കാൻസർ ബാധിച്ചതിനെ തുടർന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം നൽകാനാണ് താൻ വ്യാജ മരണവാർത്ത സൃഷ്ടിച്ചതെന്നും പൂനം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

''എല്ലാവർക്കും നമസ്‌കാരം, ഞാൻ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാർത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചർച്ചകൾ നടന്നു. ഈ രോഗം പതിയെ കാർന്നു തിന്നുന്നതാണ്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവർന്നിട്ടുണ്ട്. മറ്റു കാൻസറിനെപ്പോലെ സെർവിക്കൽ കാൻസറും തടയാം. എച്ച്.പി.വി വാക്സിനെടുക്കുക. കൃത്യമായി മെഡിക്കൽ പരിശോധന നടത്തുക. സെർവിക്കൽ കാൻസറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളികളാകുക''- പൂനം പറഞ്ഞു.

 
 
 
View this post on Instagram

A post shared by F I L M Y G Y A N (@filmygyan)

പൂനം പാണ്ഡേ അന്തരിച്ചെന്ന വാർത്ത വലിയ ഞെട്ടലാണ് ചലച്ചിത്ര ലോകത്ത് ഉണ്ടായത്. സെർവിക്കൽ കാൻസറിനെ തുടർന്ന് പൂനം മരണപ്പെട്ടന്ന വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ താൻ മരിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് പൂനം പാണ്ഡെ രംഗത്തെത്തുകയായിരുന്നു. ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമാക്കി രംഗത്തെത്തിയത്.

താൻ മരിച്ചെന്ന് പ്രചരിപ്പിച്ചത് ഗർഭാശയ കാൻസർ (സെർവിക്കൽ കാൻസർ) ബോധവൽക്കരണത്തിനെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി സെർവിക്കൽ കാൻസർ മൂലം നടി മരണപ്പെട്ടന്ന് ഇന്നലെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത്തർ പ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ താരത്തെ കണ്ടെത്തിയെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്തയോട് നടിയുടെ കുടുംബം പ്രതികരിച്ചിരുന്നില്ല.

പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാർത്ത ആദ്യം വെളിപ്പെടുത്തിയത്. 'ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്'- എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്.

സിനിമാ-മോഡലിങ് രംഗത്തുള്ളവർ വെള്ളിയാഴ്ച രാവിലെ ഉണർന്നത് പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയുടെ മരണവാർത്ത കേട്ടാണ്. എന്നാൽ, പലർക്കും വാർത്ത വിശ്വസിക്കാൻകഴിഞ്ഞില്ല. തുടർന്ന് മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കി. പൂനത്തിന്റെ വിയോഗവാർത്ത, അവരുടെ മാനേജർ നികിത ശർമ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബോളിവുഡിലെ താരങ്ങളായ കങ്കണ റണൗട്ട് മുതൽ ചെറുതും വലുതുമായ ഒട്ടേറെപ്പേർ അനുശോചിച്ചു.

രാത്രി വൈകി പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും അവർ ആടിയ നാടകമാണിതെന്നുമുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളുടെ വെബ്സൈറ്റുകളിൽ വന്നു. വാർത്താ ഏജൻസികളും ഇവർ മരിച്ചെന്ന വാർത്ത നൽകിയിരുന്നു. രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനുവരി 29 വരെ പോസ്റ്റ്ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂർണ ആരോഗ്യവതിയായാണ് പൂനം പാണ്ഡെ കാണപ്പെട്ടത്.

മാത്രമല്ല, ഇവരുടെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവന്നില്ല. ഇതോടെ മരണവാർത്തയെ സംശയത്തോടെയാണ് ആളുകൾ നോക്കി കണ്ടത്. പൂനത്തിന്റെ സഹോദരിയാണ് മരണവാർത്ത തങ്ങളെ അറിയിച്ചതെന്ന് പി.ആർ ഏജൻസി വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവർ പ്രതികരിച്ചില്ലെന്നും ഏജൻസി മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നാടകം കളിച്ചതിൽ പൂനത്തിനെതിരേയുള്ള വിമർശനങ്ങൾ ശക്തമാവുകയാണ്. നടിക്കെതിരേ നടപടിയെടുക്കണമെന്നും ഒട്ടേറെപേർ ആവശ്യപ്പെടുന്നു.