ബറോഡ: എട്ട് വർഷത്തിനിടെ ആദ്യമായി ഭാര്യയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. എട്ടാം വിവാഹവാർഷിക ദിനത്തിലാണ് ഭാര്യ സഫ ബേഗിനൊപ്പം നിൽക്കുന്ന ചിത്രം ഇർഫാൻ പങ്കുവെച്ചത്. ഹൃദ്യമായ കുറിപ്പോടെയാണ് ഇർഫാൻ പഠാൻ ഭാര്യ സഫ ബേഗിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്തത്. ഒരുപാട് റോളുകൾ കൈകാര്യം ചെയ്യുന്ന ഒരേയൊരാളെന്നാണ് ഭാര്യയെക്കുറിച്ച് ഇർഫാൻ വിശേഷിപ്പിച്ചിരിക്കുന്നത്.

മനോഹരമായ ഈ യാത്രയിൽ ഭാര്യയായി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇർഫാൻ പഠാൻ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഭാര്യയുടെ മുഖം വ്യക്തമാകുന്ന തരത്തിലുള്ള ചിത്രം ഇർഫാൻ ആദ്യമായാണ് സമൂഹമാധ്യമത്തിൽ ഇടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തിനും ഭാര്യയ്ക്കും ആശംസകൾ അറിയിച്ച് നിരവധി ആരാധകർ ചിത്രത്തിൽ പ്രതികരണവുമായെത്തി.

2016 ഫെബ്രുവരിയിലായിരുന്നു ഇർഫാൻ പഠാനും സഫയും വിവാഹിതരായത്. 30 വയസ്സുകാരിയായ സഫ മാധ്യമ പ്രവർത്തകയും മോഡലുമായിരുന്നു. 2020ലാണു താരം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. കളി നിർത്തിയതിനു ശേഷം കമന്ററിയിൽ സജീവമാണ് ഇർഫാൻ പഠാൻ. ഇന്ത്യയ്ക്കായി 29 ടെസ്റ്റ്, 120 ഏകദിനം, 24 ട്വന്റി20 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്‌സ്, ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

സഫ ബേഗിന്റെ മുഖം മറച്ച ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് ഇർഫാൻ മുൻപ് വൻ വിമർശനം നേരിടേണ്ടിവന്നിരുന്നു. ഇർഫാൻ പഠാന്റെ മകന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തിലാണ് സഫയുടെ മുഖം മായ്ച്ചുകളഞ്ഞത്. ഇതോടെ, ഭാര്യയുടെ മുഖം കാണിക്കാൻ താരം സമ്മതിക്കുന്നില്ലെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിൽ മുഖം മറയ്ക്കാനുള്ള തീരുമാനം ഭാര്യയുടേത് മാത്രമാണെന്നാണ് ഇർഫാൻ പഠാൻ അന്നു പ്രതികരിച്ചത്.

മുമ്പ് പലപ്പോഴും ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെങ്കിലും അതിലെല്ലാം സഫ ബേഗിന്റെ മുഖാവരണം ധരിച്ച ചിത്രങ്ങളായിരുന്നു. ഇന്ത്യക്കാരിയാണെങ്കിലും സഫ വളർന്നത് സൗദിയിലായിരുന്നു. മോഡലായിരുന്ന സഫ പ്രൊഫഷണൽ നെയിൽ ആർട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയയാണ്. സൗദിയിലെ വ്യവസായിയായ മിർശ ഫാറൂഖിയാണ് സഫയുടെ പിതാവ്.

2016ലാണ് ഇർഫാനും സഫയും വിവാഹിതരായത്. ദമ്പതികൾക്ക് ഇമ്രാൻ, സുലൈമാൻ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിച്ചശേഷം കമന്റേറ്ററെന്ന നിലയിലും പഠാൻ ശ്രദ്ധേയനായിരുന്നു.