ലിസ്‌ബൺ: ഖത്തറിലെ ലോകകപ്പ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ റിസർവ്വ് ബെഞ്ചിൽ ഇരുത്തിയ സാഹചര്യത്തിൽ പങ്കാളിയായ ജോർജിന റോഡ്രിഗസിന്റെ വൈകാരികമായ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു.ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളെ പോലെ തന്നെ തനിക്കും എത്രമാത്രം പ്രിയപ്പെട്ടവനാണ് സി.ആർ.സെവൻ എന്നുള്ളത് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പങ്കാളിയുടെ അന്നത്തെ പ്രതികരണം.ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവന് ക്രിസ്മസ് സമ്മാനമായി റോൾസ് റോയിസ് സമ്മാനിച്ചിരിക്കുകയാണ് ജോർജിന റോഡ്രിഗസ്.

മക്കൾക്കൊപ്പം പോർച്ചുഗലിലായിരുന്നു ക്രിസ്മസ് ആഘോഷം. 7 കോടി രൂപയോളം വിലയുള്ള റോൾസ് റോയ്സ് ഡോൺ മോഡലാണ് സമ്മാനിച്ചത്. റോൾസ് റോയൽസിന്റെ ഏക കൺവെർട്ടബിൾ കാർ കൂടിയാണ് റോൾസ് റോയൽസ് ഡോൺ. റൊണാൾഡോ തന്റെ പുതിയ റോൾസ് റോയ്സ് ഡോണിൽ ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.ക്രിസ്മസ് സമ്മാനം ഉണ്ടെന്ന് അറിഞ്ഞ റൊണാൾഡോ മക്കളെയും കൂട്ടിയാണ് സമ്മാനം കാണുവാൻ എത്തിയത്. ഏഴുകോടി രൂപ വിലമതിക്കുന്ന റോൾസ് റോയിസ് ഡോണിൽ കുടുംബാംഗങ്ങള്ക്കൊപ്പം റൊണാൾഡോ അൽപദൂരം സഞ്ചരിച്ചു.

മക്കൾക്ക് സൈക്കിളുകളായിരുന്നു സമ്മാനം. റൊണാൾഡോയുടെ വീടും, ക്രിസ്മസ് വിരുന്നിന് ഒരുക്കിയിരിക്കുന്ന മേശയും ജോർജിന പങ്കുവച്ച വിഡിയോയിൽ കാണാം.ഇൻസ്റ്റാഗ്രാം മോഡലായ ജോർജിന ഒരു പരസ്യത്തിൽ നിന്ന് ഈടാക്കുന്നത് എട്ടരലക്ഷം യൂറോയാണ്. ജോർജിന റോഡ്രിഗസ് ക്രിസ്റ്റ്യാനോയുടെ പ്രതികരണത്തിന്റെ വിഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്ലബ്ബ് ഫുട്‌ബോൾ കളിക്കാരൻ കൂടിയാണ് ക്രിസ്റ്റ്യാനോ. വാഹനങ്ങളോട് കമ്പമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗാരേജിൽ പ്രീമിയം കാറുകളുടെ വലിയ ശേഖരം തന്നെയുണ്ട്. ഇപ്പോഴിതാ ഈ ശേഖരത്തിലേക്ക് പുതിയൊരു കാർ കൂടി എത്തിയിരിക്കുകയാണ്.