മുംബൈ: ഐസിസിയുടെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ കൗമാരനിരയെ കിരീടനേട്ടത്തിൽ എത്തിച്ചാണ് പൃഥ്വി ഷാ എന്ന മുംബൈ താരം ക്രിക്കറ്റ് ആരാധകരുടെ മനസിൽ ഇടംപിടിച്ചത്. ഐപിഎല്ലിലേക്കു വിളിയെത്തിയതോടെ പൃഥ്വിയുടെ താരമൂല്യവുമുയർന്നു. വീരേന്ദർ സേവാഗിന് സമാനമായ വെടിക്കെട്ട് ഓപ്പണർ എന്ന് തുടക്കത്തിൽ വിലയിരുത്തപ്പെട്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് താരത്തിന് തിരിച്ചടിയായത്.

ടെസ്റ്റിലൂടെയായിരുന്നു ഇന്ത്യൻ സീനിയർ ടീമിനായി അദ്ദേഹത്തിന്റെ അരങ്ങേറ്റം. കന്നി മൽസരത്തിൽ തന്നെ സെഞ്ച്വറിയുമായി പൃഥി വരവറിയിക്കുകയും ചെയ്തു. പക്ഷെ ടീമിൽ തന്റെ സ്ഥാനം ഭദ്രമക്കാൻ സാധിച്ചില്ല. എങ്കിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനങ്ങൾ നടത്തി പൃഥ്വി ഇന്ത്യൻ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. ഈ വർഷം ന്യൂസിലാൻഡുമായുള്ള ടി20 പരമ്പരയിലൂടെ പൃഥ്വി തിരിച്ചെത്തുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ക്രിക്കറ്റർമാരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യൻ ടീമിൽ നിരന്തരം തഴയപ്പെട്ടു കൊണ്ടിരുന്ന സമയങ്ങളിൽ അദ്ദേഹം സെലക്ടർമാരെ പരോക്ഷമായി വിമർശിക്കുന്ന തരത്തിൽ പല പോസ്റ്റുകളുമിട്ടിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ പുതിയൊരു ഇൻസറ്റഗ്രാം സ്റ്റോറി കണ്ട് ക്രിക്കറ്റ് പ്രേമികൾ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. എന്താണ് താരം ഉദ്ദേശിക്കുന്നത് എന്നു പോലും ആർക്കും വ്യക്തമായിട്ടില്ല.

നടിയും സോഷ്യൽ മിഡിയ ഇൻഫ്‌ളുവൻസറുമായ സപ്ന ഗിൽ ഉൾപ്പെട്ട 'സെൽഫി വിവാദ'ത്തിനു പിന്നാലെയാണ് കൗതുകമുണർത്തുന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പൃഥ്വി ഷാ എത്തിയിരിക്കുന്നത്. 'ചിലർ അവർക്കു നമ്മേക്കൊണ്ട് ഉപകാരമുള്ളിടത്തോളം കാലം മാത്രമേ നമ്മെ സ്‌നേഹിക്കൂ' എന്നാണ് പൃഥ്വി ഷാ കുറിച്ചത്. നിങ്ങളെ പരമാവധി ഉപയോഗിക്കുവാൻ സാധിക്കുന്നതു വരെ മാത്രമേ ചില ആളുകൾ നിങ്ങളെ സ്നേഹിക്കുകയുള്ളൂ. നേട്ടങ്ങൾ അവസാനിക്കുന്നിടത്ത് അവരുടെ വിശ്വാസ്യതയും തീരുമെന്നായിരുന്നു പൃഥ്വി ഷാ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

താരത്തിന്റെ ഈ സ്റ്റോറി കണ്ട് എന്താണ് സംഭവമെന്നു വ്യക്തമാവാതെ ക്രിക്കറ്റ് പ്രേമികൾ തലപുകയ്ക്കുകയാണ്. ആരെക്കുറിച്ചാണോ, എന്തിനെക്കുറിച്ചാണോ പൃഥ്വി സൂചിപ്പിച്ചതെന്നു ഒരു വ്യക്തതയുമില്ല. വ്യത്യസ്തമായ തരത്തിലാണ് സോഷ്യൽ മീഡിയയിൽ ഫാൻസ് പ്രതികരിച്ചിരിക്കുന്നത്.

പൃഥ്വി ഷാ തന്റെ കാമുകിയുമായി ബ്രേക്കപ്പ് ആയിരിക്കുകയാണെന്നും അതാണ് ഈ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്നുമാണ് ചില ആരാധകരുടെ കണ്ടെത്തൽ. വേറെയും രസകരമായ വ്യാഖ്യാനങ്ങൾ പലരും കുറിച്ചിട്ടുണ്ട്.

വളരെ സത്യമാണിത്. പൃഥ്വി ഷാ ഇന്ത്യൻ ടീമിലേക്കു വീണ്ടും തിരഞ്ഞെുക്കപ്പടാനുള്ള ഒരേയൊരു കാരണം സോഷ്യൽ മീഡിയയിലെ പ്രതിഷേധമാണെന്നു വ്യക്തമാണ്. സഞ്ജു സംസണിനെപ്പോലെ ആർക്കും അദ്ദേഹത്തെ ടീമിൽ കളിപ്പിക്കാൻ താൽപ്പല്യമില്ലെന്നും ഒരു യൂസർ ചൂണ്ടിക്കാട്ടി.

പൃഥ്വി ഷായുടെ ജീവിതത്തിൽ എന്തൊക്കെയോ ചിലതു സംഭവിക്കുന്നുണ്ട്. അദ്ദേഹം അതിനെ മറികടന്നു തിരിച്ചുവരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു, കൂടാതെ കരിയറിൽ ശ്രദ്ധ പതിപ്പിക്കുമെന്നും കരുതുന്നുവെന്നു ഒരു യൂസർ കുറിച്ചു.

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസിൽ ഡൽഹി ക്യാപ്പിറ്റൽസിനായി 600 റൺസ് ലോഡിങ്. തന്റെ നിരാശയും രോഷവുമെല്ലാം പൃഥ്വി ഷാ ഐപിഎല്ലിലായിരിക്കും തീർക്കുകയെന്നും ഒരു യൂസർ ട്വീറ്റ് ചെയ്തു.

മുംബൈയിലെ ഹോട്ടലിൽവച്ച് പൃഥ്വി ഷായെ മർദ്ദിച്ച സംഭവത്തിൽ നടിയായ സപ്ന ഗില്ലിനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ച സപ്ന ഗിൽ, പൃഥ്വി ഷായാണ് തന്നെ ഉപദ്രവിച്ചതെന്ന് ആരോപിച്ചിരുന്നു.

സെൽഫിയെടുക്കാൻ സഹകരിക്കാതിരുന്നതിനെ തുടർന്നാണ് പൃഥ്വി ഷായെ സപ്നയും ഗില്ലും ആക്രമിച്ചതെന്നാണ് കേസ്. താരത്തിനു നേരെ ബേസ് ബോൾ ബാറ്റുകൊണ്ട് ആക്രമണമുണ്ടായതായും കാറിൽ പിന്തുടർന്നു ഭീഷണിപ്പെടുത്തിയതായും പൊലീസിനു നൽകിയ പരാതിയിലുണ്ട്. അക്രമികൾ കാറിന്റെ വിൻഡ് ഷീൽഡ് തകർത്തു. 50,000 രൂപ ആവശ്യപ്പെട്ടതായും പൃഥ്വി ഷായുടെ സുഹൃത്തിന്റെ പരാതിയിൽ പറയുന്നു.