ന്യൂഡൽഹി: മനുഷ്യരേക്കാൾ സ്മാർട്ടായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വീണ്ടും തലവേദനയാകുകയാണ്. മനുഷ്യവംശത്തിന് തന്നെ ഭീഷണിയാണ് എഐ എന്ന് അഭിപ്രായപ്പെടുന്ന പ്രമുഖരുണ്ട്. പുതിയ ഒരു ഡീപ് ഫോക് വീഡിയോ വൈറലായതോടെ, എഐ തരുന്ന പണിയെ കുറിച്ച് വീണ്ടും ചർച്ച മുറുകിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക് വീഡിയോ ആണ് ഇപ്പോഴത്തെ ഏറ്റവും വൈറലായ വീഡിയോ. കറുപ്പ് വസ്ത്രം ധരിച്ച യുവതി ലിഫ്റ്റിൽ പ്രവേശിക്കുന്നതാണ് വീഡിയോ. കണ്ടാൽ രശ്മിക മന്ദാനയെ പോലെ. വീഡിയോ മൊത്തം മോർഫ് ചെയ്തതാണ് എന്നതാണ് ആശങ്കയുടെ കാര്യം. രശ്മികയുടെ മുഖം മറ്റൊരു യുവതിയുടെ മുഖവുമായി മോർഫ് ചെയ്തിരിക്കുകയാണ്.

വീഡിയോ വൈറലായതോടെ, നെറ്റിസൺസ് എല്ലാം ഇത്തരത്തിലുള്ള മോർഫിങ്ങിന്റെ അപകടത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ആർക്കും വേണമെങ്കിലും ആരുടെയും മുഖം മോർഫ് ചെയ്ത് മാറ്റാവുന്ന അപകടാവസ്ഥ. വീഡിയോ റീപ്പോസ്റ്റ് ചെയ്ത അമിതാഭ് ബച്ചൻ, ഇത് കേസ് കൊടുക്കേണ്ട വിഷയമെന്ന് കുറിച്ചു.

യഥാർഥ വീഡിയോയിൽ ഉള്ളത് ബ്രിട്ടീഷ്-ഇന്ത്യൻ വനിതയായ സാറ പട്ടേലാണ്. സാറയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സ് ഉള്ള വ്യക്തിയാണ്. ഒക്ടോബർ 9 നാണ് സാറ വീഡിയോ പോസ്റ്റ് ചെയ്തത്. വ്യാജനാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വൈറലായതിൽ കേന്ദ്രസർക്കാർ പ്രതികരിച്ചു. ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇതു പാലിക്കുന്നില്ലെങ്കിൽ ഇരയായ വ്യക്തിക്ക് കോടതിയെ സമീപിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഐടി നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കുള്ള ബാധ്യതകൾ അദ്ദേഹം എക്‌സിൽ പങ്കുവച്ചു.

വളരയധികം പേടിപ്പെടുത്തുന്നതാണ് എന്നാണ് രശ്മികയുടെ പ്രതികരണം.