കൊച്ചി: മലയാളികളെല്ലാം തങ്ങളെ ഏറെ നാൾ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത നടൻ ഇന്നസെന്റിന് വിട ചൊല്ലുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയും ധാരാളം പേർ അനുശോചന കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇന്നസെന്റ് ചേട്ടന് താൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ലെന്നും മരിച്ച് പോയെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സലിം കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ

ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,

മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.

എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ.........