തിരുവനന്തപുരം: കള്ളത്തരം പിടിക്കപ്പെടാതെ ഇരുന്നാൽ കുറേക്കഴിയുമ്പോൾ അത് നിയമ വിധേയമാകുമോ? എന്നാണ് കഴിഞ്ഞ ദിവസം നമ്മുടെ പരമോന്നത നീതിപീഠം വ്യക്തമാക്കിയത്-ആ ആരോപണം ഉന്നയിക്കുന്നത് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ്.

മൂന്ന് ദിവസം മുമ്പ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നീതിബോധം ഉള്ള എല്ലാവർക്കും ആശങ്ക ഉണ്ടാക്കുന്നതാണ്. 2017 ലെ ജില്ലാ ജഡ്ജ് നിയമനത്തിൽ നടന്ന ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയിൽ എത്തിയത് മുതലുള്ള അട്ടിമറിയുടെ ക്ലൈമാക്‌സ് ആണ് പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ച് വിചിത്ര വിധിയിലൂടെ പൂർത്തിയാക്കിയത്‌ഫേസ്‌ബുക്ക് പോസ്്റ്റിൽ സന്ദീപ് ആരോപിക്കുന്നു.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

കള്ളത്തരം പിടിക്കപ്പെടാതെ ഇരുന്നാൽ കുറേക്കഴിയുമ്പോൾ അത് നിയമ വിധേയമാകുമോ? എന്നാണ് കഴിഞ്ഞ ദിവസം നമ്മുടെ പരമോന്നത നീതിപീഠം വ്യക്തമാക്കിയത്.

മൂന്ന് ദിവസം മുമ്പ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നീതിബോധം ഉള്ള എല്ലാവർക്കും ആശങ്ക ഉണ്ടാക്കുന്നതാണ്. 2017 ലെ ജില്ലാ ജഡ്ജ് നിയമനത്തിൽ നടന്ന ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയിൽ എത്തിയത് മുതലുള്ള അട്ടിമറിയുടെ ക്ലൈമാക്‌സ് ആണ് പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ച് വിചിത്ര വിധിയിലൂടെ പൂർത്തിയാക്കിയത്.

ജില്ലാ ജഡ്ജ് പരീക്ഷയിൽ ആദ്യ റാങ്കിലുള്ളവർക്ക് നിയമനം നൽകാതെ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതാണ് സംഭവങ്ങളുടെ തുടക്കം. എഴുത്ത് പരീക്ഷയിൽ ആദ്യമെത്തിയവർ 'കാണേണ്ടത് പോലെ' കാണാത്തതുകൊണ്ടാകാം ചട്ടത്തിലില്ലാത്ത ഇന്റർവ്യൂവിലെ പ്രകടനം അടിസ്ഥാനമാക്കി നിയമനം നടത്തി. എഴുത്ത് പരീക്ഷയുടെ മാർക്ക് മാനദണ്ഡമേ ആയില്ല. അതോടെ ആദ്യറാങ്കുകാർ ഔട്ട്. ഇഷ്ടക്കാർ നീതിദേവതയുടെ(?) സിംഹാസനത്തിലേക്ക്!

സ്വാഭാവികമായും കേസ് സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കെത്തി. ഇനിയാണ് ഇന്ത്യൻ ജൂഡീഷ്യറിക്ക് തന്നെ നാണക്കേടായ സംഗതികൾ അരങ്ങേറുന്നത്. കേസ് എത്തിയത് കുര്യൻ ജോസഫിന്റെ മുമ്പാകെ. നീതിബോധം സഹപ്രവർത്തകരോടുള്ള മമതയ്ക്ക് വഴിമാറിയപ്പോൾ കേസ് ഭരണഘടനാ ബഞ്ചിലേക്ക്. തീർത്തും അനാവശ്യമായ ഒരു നടപടി. ഹൈക്കോടതി ജഡ്ജിമാർ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതിൽ എന്ത് ഭരണഘടനാ ലംഘനം എന്ന് ചോദിക്കരുത്. കേസ് പരിഗണിക്കാതെ 6 വർഷം സുപ്രീം കോടതിയിൽ കെട്ടിക്കിടന്നു. ഒടുവിൽ 'പരമോന്നത നീതിപീഠ'ത്തിലെ 'പരമോന്നത നീതിദേവതമാർ' പ്രസാദിച്ച് 3 ദിവസം മുൻപ് വിധി പുറപ്പെടുവിച്ചു. റാങ്ക് ലിസ്റ്റ് അട്ടിമറിച്ച കേരളാ ഹൈക്കോടതി വിധി തെറ്റ്. ഹർജിക്കാരുടെ ആവശ്യം ന്യായം. ഹൈക്കോടതി ചെയ്ത തെറ്റുകൾ അക്കമിട്ട് പറഞ്ഞ് നെടുങ്കൻ വിധിന്യായം. പക്ഷേ.........

ആ 'പക്ഷേ' നമ്മുടെയൊക്കെ സാമാന്യ യുക്തിയെ വെല്ലുവിളിക്കുന്നതായിരുന്നു. ചട്ടവിരുദ്ധമായി നിയമനം കിട്ടിയവർ കഴിഞ്ഞ 6 വർഷമായി ജോലി ചെയ്യുന്നതിനാൽ അവരെ പിരിച്ചു വിടാൻ സാധിക്കില്ല പോലും.

(ഉന്നത മൂല്യബോധമുള്ള ഈ ജില്ലാ ജഡ്ജിമാരെ പിരിച്ചു വിടുന്നതോടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ആണിക്കല്ല് തന്നെ ഇളകിയേക്കാം.) അതായത്, പ്രതികൾ മോഷണം നടത്തിയെന്ന് തെളിഞ്ഞെങ്കിലും മോഷണ മുതൽ കുറേക്കാലമായി കൈവശം വച്ച് അനുഭവിക്കുന്നതിനാൽ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകുന്നത് അനീതിയാണെന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ കണ്ടെത്തൽ. ഇതേ ബഞ്ച് തന്നെയാണ് 25 തവണയോളം ഈ കേസ് തട്ടിക്കളിച്ചതെന്ന് കൂടി ഓർക്കണം.

ഒടുവിൽ കാലതാമസത്തിന്റെ പേരിൽ വിചിത്ര വിധിയും പുറപ്പെടുവിച്ച് നമ്മുടെ പരമോന്നത നീതിപീഠം കൈകഴുകി. ഓരോ സുപ്രീംകോടതി വിധിയും പിന്നീട് രാജ്യത്തെ നിയമമാകും. അതാണ് പിൽക്കാലത്തെ മാതൃക, കീഴ് വഴക്കം. സുപ്രീം കോടതിയുടെ ലോജിക് അനുസരിച്ച് നാളെ മുതൽ ആർക്കും തട്ടിപ്പ് നടത്തി ഏത് ജോലിയിലും പ്രവേശിക്കാം. 6 വർഷം പിടികൊടുക്കാതെ ഇരുന്നാൽ മതി. ഇതെന്ത് 'വിധി?' എന്ന് തലയിൽ കൈവെക്കാൻ മാത്രം വിധിക്കപ്പെട്ടവർ ഇനി എന്ത് ചെയ്യണം?