തിരുവനന്തപുരം: നടൻ മോഹൻലാലിനൊപ്പം കറുപ്പു വസ്ത്രം ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രം പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ജീവിതം ആഘോഷിക്കാനുള്ളതാണെന്നും സഞ്ജു ഫേസ്‌ബുക്കിൽ കുറിച്ചു. തിങ്കളാഴ്ചയാണ് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രം സഞ്ജു സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെട്ട ഒരു വിഡിയോയാണ് സഞ്ജു സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തത്.

കറുപ്പ് നിറത്തിലുള്ള ഷർട്ടും പാന്റസും ഷൂസും ധരിച്ചുകൊണ്ടുള്ള ചിത്രമാണ് സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഞ്ജു കറുപ്പ് അണിഞ്ഞുള്ള തന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നത്. കറുത്ത ലവ് സ്‌മൈലി ക്യാപ്ഷനായി നൽകികൊണ്ടാണ് സഞ്ജു ചിത്രം പങ്കുവച്ചിരിക്കുന്നത്.

എന്നാൽ താരം തന്റെ പ്രതിഷേധം അറിയിക്കുന്നതാണ് ആ കറുപ്പ് അണിയുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ബിസിസിഐക്കെതിരെ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധം കൂടിയാണോ ഈ കറുപ്പ് അണിഞ്ഞിരിക്കുന്നതെന്ന് ചിലർ സഞ്ജു പങ്കുവച്ച പോസ്റ്റിന് താഴെയായി കമന്റുകളായി രേഖപ്പെടുത്തിട്ടുണ്ട്. 'എന്തിനും ഒരു മര്യാദ വേണം കേട്ടോ' എന്ന് പറഞ്ഞുകൊണ്ട് ചിലർ കേരള പൊലീസിനെ കമന്റിൽ മെൻഷൻ ചെയ്യുന്നുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ സഞ്ജു, ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനാണു മലയാളി താരം. കറുപ്പ് വസ്ത്രത്തിലുള്ള സഞ്ജുവിന്റെ ചിത്രം രാജസ്ഥാൻ റോയൽസും ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. 'അടിപൊളി ചേട്ടൻ' എന്നാണു സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് വിശേഷിപ്പിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ സഞ്ജുവിനെ ബിസിസിഐ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. യുവതാരം ഇഷാൻ കിഷനാണ് ഏകദിന പരമ്പരയിൽ വിക്കറ്റ് കീപ്പറാകുക.

 
 
 
View this post on Instagram

A post shared by Sanju V Samson (@imsanjusamson)

പരിക്ക് ഭേദമായി തിരികെയെത്തിയ മലയാളി താരത്തിനെക്കാളും സെലക്ടർമാർ കൂടുതൽ പരിഗണന നൽകുന്നത് ഫോം ഔട്ടായ കെ.എൽ രാഹുൽ പോലെയുള്ള താരങ്ങൾക്കാണ്. ഇത് വലിയതോതിലാണ് ബിസിസിഐക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് ബിസിസിഐ ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സ്‌ക്വാഡിനെയും പ്രഖ്യാപിച്ചത്. പത്തു വർഷത്തിനു ശേഷം പേസർ ജയ്‌ദേവ് ഉനദ്കട്ട് ഇന്ത്യൻ ഏകദിന ടീമിലേക്കു മടങ്ങിയെത്തി.

ഓസ്‌ട്രേലിയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സ്‌ക്വാഡ് - രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് ഐയ്യർ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, ഉംറാൻ മാലിക്ക്, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, ജയദേവ് ഉനദ്ഘട്ട്.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയിലുള്ളത്.മാർച്ച് 17ന് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ വച്ചാണ് ആദ്യ മത്സരം. തുടർന്ന് 19-ാം തീയതി വിശാഖപട്ടണത്തും അവസാനം ചെന്നൈയിൽ വെച്ച് മാർച്ച് 22നുമാണ് മത്സരം സംഘടിപ്പിക്കുക.