തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ മുൻ മന്ത്രി കെ ബി ഗണേശ്‌കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമം നടന്നുവെന്ന സിബിഐ റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. ഉമ്മൻ ചാണ്ടിയോട് ക്ഷമ ചോദിച്ചു കൊണ്ടാണ് ഷമ്മി തിലകൻ ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നത്.

സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നതായി ഷമ്മി തിലകൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഏതെങ്കിലും തരത്തിൽ ആത്മാവിന് പ്രതികാരാദാഹം ഉണ്ടായാൽ നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കണമെനന്ും അദ്ദേഹം പറയുന്നു.

ഗണേശ്‌കുമാർ എംഎ‍ൽഎ., ബന്ധുവായ ശരണ്യ മനോജ്, വിവാദ ദല്ലാൾ നന്ദകുമാർ എന്നിവർ ചേർന്ന് കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തി എന്നായിരുന്നു സിബിഐ. റിപ്പോർട്ട്. ഈ വാർത്ത പങ്കുവച്ചായിരുന്നു ഗണേശ്‌കുമാറിന്റെ പേരെടുത്ത് പറയാതെ ഷമ്മിതിലകന്റെ വിമർശനം.

ഷമ്മി തിലകന്റെ കുറിപ്പിന്റെ പൂർണരൂപം

ഉമ്മൻ ചാണ്ടി സാർ മാപ്പ്.. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുന്നു..! ഒപ്പം..; പ്രതികാരദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടർന്ന് ബഹിർഗമിക്കാൻ സാധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ (CME) മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..; ഈ സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ, അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

മാസങ്ങൾക്ക് മുമ്പ് സിബിഐ. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഗണേശ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിരുന്നു.