കൊച്ചി: പ്രധാനമന്ത്രിയുടെ അനുഗ്രഹം ഏറ്റുവാങ്ങി മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ഭംഗിയായി നടത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സുരേഷ് ഗോപി. വിവാഹത്തിന് കുടുംബത്തിന് കൂടുതൽ സൗകര്യങ്ങൾക്ക് വേണ്ടി സുരേഷ് ഗോപി പുതിയ കാരവാനും സ്വന്തമാക്കി. കുടുംബത്തിന് വിശ്രമിക്കാനും മറ്റുമായാണ് കാരവാൻ എത്തിച്ചത്. മികച്ച സൗകര്യങ്ങളാണ് കാരവാനിലുള്ളത്. റോൾസ് റോയിസ് കാറുകളിലേത് പോലെ സ്റ്റാർ ലൈറ്റ് മൂഡ് ലൈറ്റിങ്ങുകൾ, ടി.വിക്ക് പകരമായി പ്രൊജക്ടർ സ്‌ക്രീൻ, ട്രാവലിങ്ങ്/ മീറ്റിങ്ങ് റൂം, ബെഡ്റൂം, മേക്ക്അപ്പ് റൂം, ടോയിലറ്റ് തുടങ്ങിയ സൗകര്യങ്ങൽ ഒരുക്കിയിട്ടുണ്ട്.

കോതമംഗലത്ത് പ്രവർത്തിക്കുന്ന ഓജസ് ഓട്ടോമൊബൈൽസാണ് സുരേഷ് ഗോപിയുടെ കാരവാൻ ഒരുക്കിയത്. നടനായി ഓജസ് ഓട്ടോമൊബൈൽസ് ഒരുക്കുന്ന മൂന്നാമത്തെ കാരവാനാണ് ഇത്. ഓജസിന്റെ സ്റ്റേറ്റ്സ് മാൻ ഡിസൈനിലാണ് കാരവാൻ. പേൾ വൈറ്റ് നിറത്തിലാണ് കാരവാന്റെ ബോഡി. ഇതിൽ ഹെഡ്ലൈറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ബ്ലാക്ക് ഇൻസേർട്ടുകളും നൽകിയിട്ടുണ്ട്. വാഹനത്തിന്റെ മുമ്പിലായി എസ്.ജി. എന്ന ഇല്ലുമിനേറ്റ് ചെയ്യുന്ന ലോഗോയും നൽകിയിട്ടുണ്ട്. പിന്നിലൂടെയും സൈഡിലൂടെയും വാഹനത്തിനുള്ളിൽ പ്രവേശിക്കാനുള്ള സൗകര്യവും നൽകുന്നുണ്ട്. സ്ലൈഡ് ഔട്ട് സ്റ്റെപ്പാണ് സൈഡിലുള്ളത്.

ഭാരത് ബെൻസിന്റെ 1017 ബി.എസ്.6 ഷാസിയിലാണ് ഈ കാരവാൻ നിർമ്മിച്ചിരിക്കുന്നത്. 3907 സി.സി. നാല് സിലിണ്ടർ ഫോർ ഡി 34ഐ ഡീസൽ എൻജിനാണ് കരുത്ത് നൽകുന്നത്. 170 ബി.എച്ച്.പി. പവറും 520 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.