മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സിന്റെ യുവ പേസർ തുഷാർ ദേശ്പാണ്ഡെ വിവാഹിതനാകുന്നു. സ്‌കൂൾകാലം മുതലുള്ള കൂട്ടുകാരി നാഭ ഗദ്ദംവറാണു വധു. തിങ്കളാഴ്ച മുംബൈയിൽ ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തി. മഹാരാഷ്ട്രയിൽ നിന്നുള്ള 28 കാരനായ ക്രിക്കറ്റ് താരം ഐപിഎൽ കിരീടം നേടി ദിവസങ്ങൾക്ക് ശേഷമാണ് വിവാഹിതനാകുന്നത്.

'സ്‌കൂൾ ക്രഷ്' എന്നതിൽനിന്നു ഭാവി വധുവായി നാഭയ്ക്കു സ്ഥാനക്കയറ്റം ലഭിച്ചതായി തുഷാർ ദേശ്പാണ്ഡെ സമൂഹമാധ്യമത്തിൽ കുറിച്ചു. ക്രിക്കറ്റ് ബോൾ കയ്യിൽ പിടിച്ചാണ് തുഷാറും ഭാവിവധുവും വിവാഹ നിശ്ചയത്തിനു ശേഷം ഫോട്ടോഷൂട്ട് ചെയ്തത്.



ഇന്ത്യൻ ക്രിക്കറ്റ് താരം ശിവം ദുബെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ക്രിക്കറ്റ് താരങ്ങളായ ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, സിമർജിത് സിങ് എന്നിവർ തുഷാറിനും നാഭയ്ക്കും ആശംസകൾ അറിയിച്ചു. ഐപിഎൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്‌സിനായി നിർണായക പ്രകടനമാണ് തുഷാർ ദേശ്പാണ്ഡെ 2023 സീസണിൽ നടത്തിയത്. മറ്റൊരു ചെന്നൈ താരം ഋതുരാജ് ഗെയ്ക്വാദ് ഒരാഴ്ച മുൻപേ വിവാഹിതനായിരുന്നു. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീം അംഗം ഉത്കർഷ പവാർ ആയിരുന്നു വധു.



വിക്കറ്റ് വേട്ടയിൽ ആറാം സ്ഥാനത്തുള്ള തുഷാർ, 16 മത്സരങ്ങളിൽനിന്ന് 21 വിക്കറ്റുകൾ വീഴ്‌ത്തി. 17 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്‌ത്തിയതാണു സീസണിലെ മികച്ച പ്രകടനം. ഐപിഎൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ തുഷാർ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു, ടൂർണമെന്റിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇംപാക്റ്റ് പ്ലെയറായി തുഷാർ മാറി. എന്നാൽ, ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.



എന്നാൽ ഈ സീസണിലെ തുടക്കം മോശമായിരുന്നെങ്കിലും, തുഷാറിന് ക്യാപ്റ്റനും പരിശീലകനും നിരന്തരം പിന്തുണ നൽകി. ഇതിനുപിന്നാലെ മൂന്നാം ആഴ്ചയിൽ തന്നെ ദേശ്പാണ്ഡെ പർപ്പിൾ തൊപ്പി കൈവശപ്പെടുത്തി. കളികളിൽ നിന്ന് 21 വിക്കറ്റുമായി സിഎസ്‌കെയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായാണ് വലംകൈയൻ താരം സീസൺ അവസാനിപ്പിച്ചത്.

2022 ഐപിഎല്ലിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്‌സ് തുഷാർ ദേശ്പാണ്ഡെയെ സ്വന്തമാക്കിയത്. ആ സീസണിൽ വെറും 3 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. എന്നാൽ 2023ൽ കളിമാറി. വിവിധ റോളുകളിൽ തുഷാറിന്റെ മികവ് ടീം ഉപയോഗപ്പെടുത്തി.

മധ്യഓവറുകളും ഡെത്ത് ഓവറുകളും എറിയാൻ തുഷാർ പാണ്ഡെയ്ക്ക് അവസരം ലഭിച്ചു. ചിലപ്പോഴെക്കെ ബാറ്റർമാരിൽ നിന്നും അടിവാങ്ങിയെങ്കിലും, ധോണിയുടെ സംഘത്തിന് വിക്കറ്റ് ആവശ്യമുള്ളപ്പോഴൊക്കെ തുഷാർ രക്ഷകനായെത്തിയിരുന്നു. ഫസ്റ്റ് ക്ലാസിൽ 29 മത്സരങ്ങൾ കളിച്ചിട്ടുള്ള തുഷാർ ദേശ്പാണ്ഡെ 80 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സിനു പുറമേ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിയും കളിച്ചിട്ടുണ്ട്.