പാലക്കാട്: മിത്ത് പരാമർശ വിവാദം തണുക്കും മുമ്പേ ജയ് ഗണേശ് സിനിമ പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയിൽവെച്ച് ഉണ്ണി മുകുന്ദനാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കറും ഫേസ്‌ബുക്കിലൂടെ ചിത്രത്തെ കുറിച്ചുള്ള വിവരം പങ്കുവെച്ചിട്ടുണ്ട്.

വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിൽ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണ് ജയ് ഗണേശിൽ ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്. ജയ് ഗണേശിന്റെ തിരക്കഥ പൂർത്തിയാക്കിയ ശേഷം ഈ വേഷം അവതരിപ്പിക്കാനുള്ള ഒരു നടനായുള്ള തിരച്ചിലിലായിരുന്നു താനെന്നാണ് നായകനായി ഉണ്ണി മുകുന്ദനിലേക്ക് എത്തിയതിനേക്കുറിച്ച് രഞ്ജിത് ശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചത്.

രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ മൂന്നാമത്തെ നിർമ്മാണ സംരംഭമാണ് ജയ് ഗണേശ്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ സ്പീക്കർ എ. എൻ ഷംസീർ നടത്തിയ മിത്ത് പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയിരുന്നു.

ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവർ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ. മറ്റ് മതങ്ങളിലെ വിശ്വാസത്തേയും ആചാരത്തേയും ദൈവങ്ങളേയും കുറിച്ച് പറയാൻ പോലും ആർക്കും ധൈര്യമില്ല. ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി സംസാരിക്കാൻ മടിച്ച് നിൽക്കരുതെന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘഷത്തിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ പറഞ്ഞത്.

'മാളികപ്പുറമാണ്' ഉണ്ണിയുടേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്.വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ള തിരക്കഥ എഴുതിയിരിക്കുന്നു. ഉണ്ണി മുകുന്ദൻ നായകനായ ഹിറ്റ് ചിത്രത്തിന്റെ അവതരണം മമ്മൂട്ടിയായിരുന്നു. ദേവനന്ദ, ശ്രീപത്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, അഭിലാഷ് പിള്ള, മനോജ് കെ ജയൻ, രഞ്ജി പണിക്കർ, ആൽഫി, മനോഹരി ജോയ്, ടി ജെ രവി, ശ്രീിജിത്ത് രവി, സമ്പത്ത് റാം, അജയ് വാസുദേവ്, തുഷാര പിള്ള, കലാഭവൻ ജിന്റോ എന്നിവരും ചിത്രത്തിൽ വേഷമിട്ടു.

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം 'ഗന്ധർവ്വ ജൂനിയറാ'ണ്. വിഷ്ണു അരവിന്ദാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പ്രവീൺ പ്രഭാറാമും സുജിൻ സുജാതനുമാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ നിർമ്മാണം ലിറ്റിൽ ബിഗ് ഫിലിംസും എം ഇൻഫോടെയ്ന്മെന്റുമാണ്. പേര് സൂചിപ്പിക്കുന്നതു പോലെ ഈ സിനിമ 'ഗന്ധർവ്വ ജൂനിയർ' ഫാന്റസിയും ഹാസ്യവും കലർന്നതാണ്. സിനിമയുടെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.