ചെന്നൈ: 'വാരിസും' 'തുനിവും' മികച്ച പ്രതികരണങ്ങളാണ് തിയറ്ററുകളിൽ നേടിയത്. 'വാരിസി'ന്റെ വിജയം വിജയ് ആഘോഷിക്കുന്നതിന്റെ ഫോട്ടോസ് ഇന്ന് പുറത്തുവന്നിരുന്നു. 'തുനിവി'ന്റെ വിജയം അജിത്ത് ആഘോഷിക്കില്ല എന്നാണ് തമിഴകത്ത് നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

'തുനിവി'ന്റെ റിലീസ് ദിവസം നടന്ന ആഘോഷത്തിനിടെ ഒരു ആരാധകൻ ലോറിയിൽ നിന്ന് വീണു മരിച്ചിരുന്നു. മദ്യപിച്ചതിന്റെ പേരിൽ, 'തുനിവ്' കാണാൻ തിയറ്ററിൽ പ്രവേശിപ്പിക്കാതിരുന്നതിൽ മറ്റൊരു ആരാധകൻ ആത്മഹത്യയും ചെയ്തിരുന്നു. ഇക്കാരണങ്ങളാൽ അജിത്ത് 'തുനിവി'ന്റെ വിജയമാഘോഷിക്കാൻ തയ്യാറാല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എച്ച് വിനോദാണ് 'തുനിവ്' സംവിധാനം ചെയ്തത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നെറ്റ്ഫ്‌ളിക്‌സിലായിരിക്കും അജിത്ത് ചിത്രത്തിന്റെ സ്ട്രീമിങ് എന്ന് അറിയിച്ചിട്ടുണ്ട്. 'വാരിസ്' ഏഴ് ദിവസത്തിനുള്ളിൽ 210 കോടി രൂപയിലധികം നേടിയിരിക്കുന്നുവെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. അതിനിടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച് ഒരു അപ്‌ഡേറ്റ് വരുന്നത്. ആമസോൺ പ്രൈം വീഡിയോയ്ക്ക് 'വാരിസി'ന്റെ ഒടിടി റിലീസ് അവകാശം നിർമ്മാതാക്കൾ നൽകിയെന്നാണ് ഏറ്റവും പുതിയ വിവരം.