തിരുവനന്തപുരം: എ എൻ ഷംസീർ എംഎൽഎയെ സ്പീക്കറായി ചുമതലപ്പെടുത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ നിയമസഭയിൽ നടത്തിയ പരാമർശം ഏറ്റെടുത്ത് സൈബർ സിപിഐഎം. 'ഷംസീർ എന്ന് മുതലണ് സ്പീക്കറായത്? ഷംസീറിന്റെ ക്ലാസ് എനിക്ക് വേണ്ട' എന്ന വി ഡി സതീശന്റെ പരാമർശമാണ് വീണ്ടും ചർച്ചയാവുന്നത്.

കഴിഞ്ഞ വർഷം ചേർന്ന നിയമസഭാ സമ്മേളനത്തിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശായെ സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീലാണ് ഷംസീറിന്റെ പ്രതികരണം വി ഡി സതീശനെ ചൊടിപ്പിച്ചത്.'പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ഒരു അംഗം വെറുതെ ബഹളം ഉണ്ടാക്കുകയാണ്. സഭ നിയന്ത്രിക്കാൻ ഷംസീറിനെ സ്പീക്കർ ഏൽപ്പിച്ചിട്ടുണ്ടോ. എങ്ങനെ നിയമസഭയിൽ സംസാരിക്കണമെന്ന് ഷംസീർ തനിക്ക് ക്ലാസ് എടുക്കണ്ട. ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ല.' എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ.

സിപിഐഎം സെക്രട്ടറിയായി ചുമതലയേറ്റെടുത്തതോടെ എം വി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് എം ബി രാജേഷിനേയും സ്പീക്കറായി എ എൻ ഷംസീറിനേയുമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തിയത്.'പാർട്ടി ഏൽപ്പിച്ച ചുമതലകൾ നിർവഹിക്കും. എനിക്ക് മുമ്പും രാഷ്ട്രീയ നേതൃത്വത്തിൽ പലരും നേരത്തെ സ്പീക്കർ ആയിട്ടുണ്ട്. ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ട്. സ്പീക്കർ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനമാണ്.' എ എൻ ഷംസീർ പറഞ്ഞു.

എം വി ഗോവിന്ദൻ മാസ്റ്ററുടെ വകുപ്പുകൾ എം ബി രാജേഷിന് കൈമാറാനാണ് തീരുമാനം. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പകരം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവർ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്.