തിരുവനന്തപുരം: മന്ത്രി പി.എ.മുഹമ്മദ് റിയാസും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും തമ്മിലുള്ള വാക് പോര് ഏറ്റുപിടിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത്. മതനിരപേക്ഷ കോൺഗ്രസിനെ ഒറ്റുകൊടുക്കുന്ന ആളായി കാലം വി.ഡി.സതീശനെ വിലയിരുത്തുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചത്. പ്രതിപക്ഷ നേതാവ് നട്ടെല്ല് ആർഎസ്എസിനു പണയം വച്ചു എന്നും റിയാസ് പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിയാസിന്റെ ചിത്രം പങ്കുവച്ച് രൂക്ഷ വിമർശനവുമായി മുൻ എംഎൽഎ വി.ടി. ബൽറാം രംഗത്തെത്തിയത്.

'സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് സ്വന്തം ഭാര്യയേയും അമ്മായി അച്ഛനേയും പഞ്ഞിക്കിടുമ്പോൾ അതിനോട് ക മാന്ന് ഒരക്ഷരം മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാൻ വരുന്നത്.' എന്ന് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു. മുഹമ്മദ് റിയാസിന്റെ ചിത്രം പങ്കുവച്ചാണ് വിമർശനം.

വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായത് പിൻവാതിലിലൂടെയാണോ എന്ന അപകർഷതാബോധം അദ്ദേഹത്തിനുണ്ട്. ത്യാഗാനുഭവമോ അനുഭവപരിചയമോ ഇല്ലാതെ പ്രതിപക്ഷ നേതാവായതിനാൽ പാർട്ടിയിൽ അദ്ദേഹത്തോട് എതിർപ്പുണ്ട്. പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായി. പ്രതിപക്ഷ നേതാവിനെക്കണ്ട് ഗുഡ്‌മോണിങും ഗുഡ് ഈവനിങും പറഞ്ഞാലേ മന്ത്രിപ്പണി എടുക്കാൻ കഴിയൂ എന്ന തോന്നൽ അദ്ദേഹത്തിനുണ്ട്. അത് പ്രതിപക്ഷ നേതാവിന്റെ അലമാരയിൽ വച്ചാൽ മതി.

മന്ത്രിമാരെ തുടർച്ചയായി ആക്ഷേപിക്കുകയാണ്. താനുൾപ്പടെയുള്ളവർ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ്. വികസനകാര്യത്തിൽ എല്ലാവരെയും ഒരുമിപ്പിച്ചാണ് സർക്കാർ പോകുന്നത്. പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ ആരോപണം ഉയർന്നാൽ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു ദിവസംപോലും വി.ഡി.സതീശൻ ജയിൽവാസം അനുഭവിച്ചിട്ടില്ല.

രാഷ്ട്രീയ ത്യാഗം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. 30 കൊല്ലം എംഎൽഎയായിരുന്ന കാര്യമാണ് എപ്പോഴും പറയുന്നത്. അല്ലാതെ അദ്ദേഹത്തിന് വേറൊന്നും അറിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.