ചെന്നൈ: അമ്പിളി അമ്മാവനെ കീഴടക്കിയ ഇന്ത്യ ഇനി സൂര്യനിലേക്ക്. ലോകം ഉറ്റുനോക്കുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ (ഐഎസ്ആർഒ) മറ്റൊരു ചരിത്രദൗത്യത്തിന് ശനിയാഴ്ച തുടക്കമാവും. രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 പേടക വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-ന് തുടങ്ങിയ കൗൺടൗണിൽ ഐഎസ് ആർഒ പൂർണ്ണ തൃപ്തിയിലാണ്. ഡിസംബറിലോ അടുത്തവർഷം ജനുവരിയിലോ ആയിരിക്കും പേടകം സൂര്യനെ നിരീക്ഷിക്കാനുള്ള സ്ഥലത്ത് എത്തുക. സൂര്യനെ നിരീക്ഷിക്കാൻ തദ്ദേശീയമായി നിർമ്മിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്.

ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ശനിയാഴ്ച രാവിലെ 11.50-ന് പി.എസ്.എൽ.വി. സി-57 റോക്കറ്റിൽ ആദിത്യ എൽ-1 യാത്ര തുടങ്ങും. ഭൂമിയുടെ 800 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ആദ്യം എത്തിക്കുക. തുടർന്ന് പ്രൊപ്പൽഷൻ എൻജിൻ ജ്വലിപ്പിച്ച് പേടകത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി വികസിപ്പിക്കും. നാലുമാസത്തിനകം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ-1 പോയന്റിൽ (ലഗ്രാഞ്ച് പോയന്റ്) പേടകം എത്തിച്ചേരും. ചാന്ദ്രയാന്റെ തൊട്ടു പിന്നാലെയാണ് ആദിത്യ. ഇത് ഇന്ത്യൻ ബഹിരാകാശ ഗവേഷകരുടെ കരുത്തായാണ് വിലയിരുത്തുന്നത്.
.
സൂര്യന്റെ അറിയാക്കഥകൾ കണ്ടെത്തുകയാണ് ലക്ഷ്യം. 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി എക്‌സ്എൽ സി57 റോക്കറ്റ് കുതിച്ചുയരുന്നത് ഏറെ പ്രതീക്ഷയുമായാണ്. 64 മിനിറ്റിനുശേഷം, ഭൂമിയിൽനിന്ന് 648.7 കിലോമീറ്റർ അകലെ, ആദിത്യ റോക്കറ്റിൽനിന്നു വേർപെടും. തുടർന്ന് 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിൽ എത്തുക. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണിത്.

ഇവിടെനിന്നാകും സൗര അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വർഷത്തോളം പഠിക്കുക. വിവിധ പഠനങ്ങൾക്കായി വെൽക്, സ്യൂട്ട്, സോളക്‌സ്, ഹെലിയസ്, അസ്‌പെക്‌സ്, പാപ, മാഗ് എന്നീ 7 പേലോഡുകൾ ആദിത്യയിലുണ്ട്. ചന്ദ്രയാൻ 3 ദൗത്യ വിജയത്തിനു പിന്നാലെ ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിനും വിദേശ ബഹിരാകാശ ഏജൻസികളുടെ സഹായവും പിന്തുണയുമുണ്ട്. നാസയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും (ഇഎസ്എ) പലതരത്തിൽ ആദിത്യ എൽ1 ദൗത്യത്തിനു പിന്തുണ നൽകുന്നുണ്ട്.

ആദിത്യയുടെ വിക്ഷേപണം മുതൽ ഓർബിറ്റിൽ എത്തുന്നതുവരെയും തുടർന്നുമുള്ള കമാൻഡുകൾ നൽകുന്നതിനും ആദിത്യയിൽ നിന്നുള്ള ശാസ്ത്ര വിവരങ്ങൾ സമാഹരിക്കുന്നതിനും അടുത്ത 2 വർഷം ഇഎസ്എയുടെ കീഴിൽ ഓസ്‌ട്രേലിയ, സ്‌പെയിൻ, അർജന്റീന എന്നിവിടങ്ങളിലുള്ള മൂന്ന് 35 മീറ്റർ ഡീപ് സ്‌പേസ് ആന്റിനകൾ സഹായിക്കും. ഫ്രഞ്ച് ഗയാനയിലെ കോറോ സ്റ്റേഷനും യുകെയിലെ ഗൂൺഹില്ലി എർത്ത് സ്റ്റേഷനും ഈ ദൗത്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഉപഗ്രഹം കൃത്യമായി ഓരോ നിമിഷവും ഏതു സ്ഥാനത്തായിരിക്കുമെന്നു കണ്ടെത്താൻ ഐഎസ്ആർഒ നിർമ്മിച്ച ഓർബിറ്റ് ഡിറ്റർമിനേഷൻ സോഫ്റ്റ്‌വെയറിന്റെ കൃത്യത പരിശോധിക്കാനും ഇഎസ്എ സഹായിച്ചിട്ടുണ്ട്. ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ (എൽ1) ആദിത്യയ്ക്കു കൂട്ടാകാൻ ഇഎസ്എ 1996 ൽ വിക്ഷേപിച്ച സോളർ ഹീലിയോസ്ഫിറിക് ഒബ്‌സർവേറ്ററി (സോഹോ) എന്ന നിരീക്ഷണ ദൗത്യം കാത്തിരിപ്പുണ്ട്.

സൂര്യനെ കുറിച്ചുള്ള പഠനമാണ് ആദിത്യ എൽ1 പേടകം ലക്ഷ്യമിടുന്നതെന്നും എൽ1 പോയന്റിൽ എത്തിച്ചേരാൻ 125 ദിവസങ്ങളെടുക്കുമെന്നും ഐഎസ് ആർ ഒ ചെയർമാൻ ഇ സോമനാഥ് പറഞ്ഞു. ചന്ദ്രയാൻ-4 നെ കുറിച്ച് ഇതുവരെ അന്തിമതീരുമായിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആദിത്യ എൽ 1ന് ശേഷം ഗഗൻയാൻ ആകും അടുത്ത ദൗത്യമെന്നും കൂട്ടിച്ചേർത്തു. ഒക്ടോബർ ആദ്യവാരം ഗഗൻയാൻ വിക്ഷേപണം നടക്കുമെന്നും അറിയിച്ചു.

ആദിത്യ എൽ1 ന്റെ വിക്ഷേപണത്തോടനുബന്ധിച്ച് ഡോ. എസ്. സോമനാഥ് തിരുപ്പതി ജില്ലയിലെ ചെങ്കാളമ്മ പരമേശ്വരി ക്ഷേത്രത്തിലെത്തി പ്രാർത്ഥനയും പൂജയും നടത്തി. ആദിത്യ എൽ1 വിജയകരമാകാൻ ഇസ്റോയുടെ ഒരുസംഘം ശാസ്ത്രജ്ഞർ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ പേടകത്തിന്റെ ചെറുമാതൃകയുമായെത്തി പൂജ നടത്തി.