ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് വൻകുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ചന്ദ്രയാന് മൂന്ന് ദൗത്യത്തിന്റെ വിജയത്തിന് ശേഷം വൻ പരിപാടികളാണ് ഐഎസ്ആർഒ ആസൂത്രണം ചെയ്യുന്നത്. ഗഗൻയാൻ പദ്ധതി അടക്കമുള്ള അടുത്തിടെ തന്നെ തുടങ്ങാനിരിക്കയാണ്. 2040 ൽ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലയക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാറും വ്യക്തമാക്കി.

മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായിപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 2035 ഓടെ 'ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ' (ഇന്ത്യൻ സ്പേസ് സ്റ്റേഷൻ) നിർമ്മിക്കാനും 2040 ൽ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനും ഇന്ത്യ ലക്ഷ്യമിടണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയതായി സർക്കാർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇത് സാധ്യമാക്കുന്നതിനായി ബഹിരാകാശ വകുപ്പ് ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായുള്ള മാർഗ്ഗരേഖ തയ്യാറാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ശുക്രൻ, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങൾ ആരംഭിക്കാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്ക് നിർദ്ദേശം നൽകി. അതേസമയം മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണ പറക്കൽ ഈ മാസം 21ന് നടക്കും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് രാവിലെ ഏഴിനും ഒൻപതിനും ഇടയിലാണ് വിക്ഷേപണം. ദൗത്യം റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ദൗത്യമാണിത്. ഗഗൻയാൻ സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ദൗത്യമാണിത്. ഈ അബോർട്ട് ടെസ്റ്റിനായി വികസിപ്പിച്ചെടുത്ത സിംഗിൾ ലിക്വിഡ് റോക്കറ്റാണ് ടെസ്റ്റ് വെഹിക്കിളായ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ-1 (ടിവി-ഡി1). പേലോഡുകളിൽ ക്രൂ മൊഡ്യൂളും ക്രൂ എസ്‌കേപ്പ് സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു.

ഇത്തരത്തിൽ നാല് അബോർട്ട് മിഷനുകൾ നടത്തും. ടിവി-ഡി1 എന്ന പേരിലായിരിക്കും ആദ്യത്തേത്. പിന്നാലെ ടിവി-ഡി2 ഈ വർഷം തന്നെ വിക്ഷേപിക്കും. വിമാനത്തിനുള്ളിൽ അപാകതകൾ ഉണ്ടാവുകയാണെങ്കിൽ ക്രൂ അംഗങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നതാണ് പരീക്ഷണത്തിന്ററെ പ്രാഥമിക ലക്ഷ്യം. യുദ്ധവിമാനങ്ങളിൽ കാണപ്പെടുന്ന എജക്ഷൻ സീറ്റിന് സമാനമായ തത്വത്തിലാണ് അബോർട്ട് ആൻഡ് ക്രൂ എസ്‌കേപ്പ് സിസ്റ്റം പ്രവർത്തിക്കുന്നത്. ഓൺബോർഡ് കമ്പ്യൂട്ടർ എന്തെങ്കിലും തകരാറുകൾ കണ്ടെത്തിയാൽ, വിവിധ ഉയരങ്ങളിൽ സ്വയമേവ പ്രവർത്തിക്കാൻ ക്രൂ എസ്‌കേപ്പ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നു.

ക്രൂ മൊഡ്യൂൾ 17 കിലോമീറ്റർ ദൂരം കഴിഞ്ഞാൽ വേർപെടും. തുടർന്ന് അബോർട്ട് നടപടികൾ ഇവ തനിയെ ആരംഭിക്കും. പാരച്യൂട്ടുകൾ പിന്നാലെ വിന്യസിക്കും. തുടർന്ന് മൊഡ്യൂളുകൾ കടലിൽ പതിക്കും. ബംഗാൾ ഉൾക്കടലിൽ നിന്ന് ക്രൂ മൊഡ്യൂൾ റിക്കവർ ചെയ്യും. ഇതിനായി ഇന്ത്യൻ നാവികസേനയിൽ നിന്ന് ഡൈവിങ് ടീമിനെയും, പ്രത്യേക കപ്പലുകളെയും ഉപയോഗിക്കും. ഈ ഫ്ളൈറ്റ് ടെസ്റ്റ് ഗഗൻയാൻ ദൗത്യത്തിനായി ഏറെ നിർണായകമാണ്. ഈ മിഷനിലെ ഏറ്റവും സുപ്രധാനമായ സുരക്ഷാ ഫീച്ചറാണിത്.

കന്നി പരീക്ഷയ്ക്ക് മുന്നോടിയായി, ക്രൂ മൊഡ്യൂൾ ബംഗളൂരുവിലെ ഇസ്രോയുടെ ഫെസിലിറ്റിയിൽ ഒരു അക്കോസ്റ്റിക് ടെസ്റ്റ് ഉൾപ്പെടെ വിവിധ ഇലക്ട്രിക്കൽ ടെസ്റ്റുകൾക്ക് വിധേയമായി. ലോഞ്ച് പാഡിലെ ടെസ്റ്റ് വെഹിക്കിളുമായി അന്തിമ സംയോജനത്തിന് മുമ്പ് വൈബ്രേഷൻ ടെസ്റ്റുകൾക്കും ക്രൂ എസ്‌കേപ്പ് സിസ്റ്റവുമായുള്ള പ്രീ-ഇന്റഗ്രേഷനുമായി ഇത് ഓഗസ്റ്റ് 13 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു.

ഇത് വിജയിച്ചാൽ മാത്രമേ ബാക്കിയുള്ള ടെസ്റ്റുകൾ കൂടി നടത്താനാവൂ. ബഹിരാകാശത്തേക്ക് ആളില്ലാ പേടകം അയക്കുന്നതുമെല്ലാം ഈ ദൗത്യത്തിന്റെ വിജയത്തെ ആശ്രയിച്ചാണുള്ളത്. എല്ലാം കൃത്യമായി വന്നാൽ മാത്രമേ ഇന്ത്യൻ ബഹിരാകാശ യാത്രികരുമായി ഗഗൻയാൻ മിഷൻ ലോഞ്ച് ചെയ്യാനാവൂ എന്നും ഐഎസ്ആർഒ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.