ശ്രീഹരിക്കോട്ട: ചന്ദ്രയാൻ മൂന്ന് ദൗത്യം ജൂലൈ 14ന് വിക്ഷേപിക്കുമെന്ന് ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ. അടുത്ത വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.25നായിരിക്കും വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിക്ഷേപണത്തീയതി ഐഎസ്ആർഒ പുറത്തുവിട്ടത്. ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിക്ഷേപണം ഒരു ദിവസം വൈകിച്ച് ജൂലൈ 14ന് ആക്കുന്നത് എന്നാണ് സൂചന.

സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനിൽ ലാൻഡർ ഇറങ്ങേണ്ടത് ഓഗസ്റ്റ് 23ന് ആയിരുന്നു.
ചന്ദ്രയാൻ 3 പേടകം വിക്ഷേപണ വാഹനമായ എൽവി എം 3ൽ സംയോജിപ്പിക്കുന്ന ജോലികൾ ഇന്നലെ പൂർത്തിയായി. ഇന്നു രാവിലെ എൽവി എം 3 എം4 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്കു മാറ്റി.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽ രണ്ടാം വിക്ഷേപണ തറയിൽ എൽവി എം 3 റോക്കറ്റിനെ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ലാൻഡറും റോവറും ഉൾപ്പെടെയുള്ള പേലോഡുകൾ വിക്ഷേപണ വാഹനത്തിൽ ഇന്നലെ തന്നെ ഘടിപ്പിച്ചിരുന്നു. പരീക്ഷണ ഘട്ടങ്ങളെല്ലാം പൂർത്തീകരിച്ചതിനു ശേഷമാണ് പേ ലോഡുകൾ റോക്കറ്റിൽ ഘടിപ്പിച്ചത്.

ഈ മാസം 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ഒന്നിലാകും വിക്ഷേപണമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2019ൽ നടന്ന ചാന്ദ്രയാൻ രണ്ടിന്റെ പരാജയ കാരണങ്ങൾ കണ്ടെത്തി, പരിഹരിച്ച ശേഷമാണ് ചാന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിന് ഒരുങ്ങുന്നത്

എൽവി എം3-എം4/ചാന്ദ്രയാൻ-3 മിഷൻ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ചന്ദ്രയാൻ-3 എൽവി എം3യുമായി സംയോജിപ്പിച്ചതായി ഐഎസ്ആർഒ ട്വീറ്റ് ചെയ്തു. ജൂലായ് 12-നും 19നും ഇടയിൽ ചന്ദ്രയാൻ-3യുടെ വിക്ഷേപണം നടത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. ചന്ദ്രനിലേക്ക് ബഹിരാകാശപേടകം ഇറക്കാനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ശ്രമമാണ് ചാന്ദ്രയാൻ-3. ചന്ദ്രയാൻ-2 ദൗത്യം 2019 ജൂലൈയ് 22നാണ് നടത്തിയത്. എന്നാൽ, പേടകത്തിന്റെ ലാൻഡറും റോവറും ചന്ദ്രനിൽ ഇടിച്ചിറങ്ങിയത് അതിന്റെ പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചിരുന്നു.

എൽവി എം3

ലാൻഡർ, റോവർ, പ്രോപ്പൽഷൻ മൊഡ്യൂൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാൻ-3യിൽ ഉള്ളത്. ഇവയെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള വാഹനമാണ് എൽവി എം3. സാറ്റലൈറ്റ് പോലുള്ള ഭാരമേറിയ വസ്തുക്കൾ ബഹിരാകാശത്ത് എത്തിക്കുന്നതിന് ശക്തിയേറിയ പ്രൊപ്പൽഷൻ (മുന്നോട്ട് തള്ളുന്ന) സംവിധാനം ആവശ്യമാണ്. ഭൂഗുരത്വബലം മറികടക്കുന്നതിന് വേണ്ടിയാണിത്. ഈ സംവിധാനം ഉൾക്കൊള്ളിച്ചിട്ടുള്ള റോക്കറ്റാണ് എൽവി എം3.

ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് എൽവി എം3. 650 ടൺ ആണ് ഇതിന്റെ ഭാരം. 43.5 മീറ്റർ നീളവും അഞ്ച് മീറ്റർ വ്യാസവും ഇതിനുണ്ട്. എട്ട് ടൺ ഭാരമുള്ള വസ്തുക്കൾ ഭൂമിയുടെ ഏറ്റവും താഴെയുള്ള ഓർബിറ്റിൽ എത്തിക്കാൻ കഴിയും. ഭൂമിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണിത്. അതേസമയം, ഭൂമിയിൽ നിന്ന് 35,000 കിലോമീറ്റർ അകലെയുള്ള ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റുകളിൽ (ജിടിഒ) സാറ്റലൈറ്റ് എത്തിക്കുമ്പോൾ കുറഞ്ഞ ഭാരം മാത്രമാണ് അതിന് വഹിക്കാൻ കഴിയുക, പരമാവധി 5 ടൺ മാത്രം.

2014ലായിരുന്നു എൽഎംവി3യുടെ ആദ്യ ബഹിരാകാശ യാത്ര. 2019ലെ ചന്ദ്രയാൻ-2വിന്റെ വിക്ഷേപണത്തിനും ഇത് തന്നെയാണ് ഉപയോഗിച്ചത്. ഈ വർഷം മാർച്ചിൽ 36 വൺവെബ് സാറ്റലൈറ്റുകൾ ബഹിരാകാശത്ത് എത്തിച്ചിരുന്നു.

സാറ്റലൈറ്റ് വിക്ഷേപണത്തിന് ആവശ്യമായ ഊർജം നൽകുന്ന, വേർപ്പെടുത്താൻ കഴിയുന്ന ഒട്ടേറെ ഭാഗങ്ങൾ റോക്കറ്റുകൾക്കുണ്ട്. പലതരത്തിലുള്ള ഇന്ധനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇന്ധനം തീർന്ന് കഴിയുമ്പോൾ ഇവ റോക്കറ്റിൽ നിന്ന് അടർന്ന് മാറി അന്തരീക്ഷത്തിലെ വായുവുമായി ഉരസി കത്തിനശിക്കുകയാണ് പതിവ്. റോക്കറ്റിന്റെ വളരെ കുറഞ്ഞ ഭാഗം മാത്രമാണ് ചന്ദ്രയാൻ-3 പോലുള്ള സാറ്റ്ലൈറ്റുകൾക്കൊപ്പം ലക്ഷ്യസ്ഥാനത്ത് എത്തുക. സാറ്റ്ലൈറ്റ് വേർപ്പെട്ട് കഴിയുമ്പോൾ റോക്കറ്റിന്റെ ശേഷിക്കുന്ന ഭാഗം അന്തരീക്ഷത്തിൽവെച്ച് കത്തിനശിക്കുകയോ ബഹിരാകാശ അവശിഷ്ടമായി മാറുകയോ ചെയ്യും. എൽവി എം3ക്ക് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. രണ്ട് സോളിഡ് ബൂസ്റ്റേഴ്‌സും (എസ്2000), പ്രധാനപ്പെട്ട ദ്രാവക രൂപത്തിലുള്ള ഇന്ധനം നിറക്കുന്ന ഭാഗവും (എൽ110) ക്രയോജനിക്ക് അപ്പർ ഭാഗവും (സി25).