ബെംഗളൂരു: ഇനി ഒരാഴ്ചത്തെ കാത്തിരിപ്പ് മാത്രം. ചന്ദ്രയാൻ- 3 പേടകത്തിന്റെ ഭ്രമണപഥം താഴ്‌ത്തലുകൾ പൂർത്തിയായി. ഇന്നത്തെ അവസാന ഭ്രമണപഥം താഴ്‌ത്തൽ കൂടി കഴിഞ്ഞതോടെ. ചന്ദ്രനിലേക്ക് ഇനി 163 കിലോമീറ്റർ മാത്രം. ഹ്രസ്വനേരത്തെ ഭ്രമണപഥം താഴ്‌ത്തലായിരുന്നു ഇന്നത്തേതെന്ന് ഇസ്രോ അറിയിച്ചു. ചന്ദ്രനിലേക്കുള്ള പേടകത്തിന്റെ കൂടിയ ദൂരം 163 കിലോമീറ്ററും, കുറഞ്ഞ ദൂരം 153 കിലോമീറ്ററുമാണ്.

ഇനി പ്രൊപ്പൽഷൻ മൊഡ്യൂളും, ലാൻഡർ മൊഡ്യൂളും വേർപ്പെടുത്താനുള്ള തയ്യാറെടുപ്പാണെന്ന് ദേശീയ ബഹിരാകാശ ഏജൻസി ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് 17 നാണ് രണ്ടുമൊഡ്യൂളും പരസ്പരം വേർപിരിഞ്ഞ് യാത്ര തുടരുക.

ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് തൊടുത്തുവിട്ട ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത് ഓഗസ്റ്റ് 5 നാണ്.

പിന്നീട് ഓഗസ്റ്റ് 6, 9, 14 തീയതികളിലായി മൂന്നുവട്ടം ഭ്രമണപഥം താഴ്‌ത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഓഗസ്റ്റ് 23 ന് ഇറക്കാനാണ് ലക്ഷ്യമിടുന്നത്.

ചന്ദ്രയാൻ 3 അയച്ച രണ്ടുചിത്രങ്ങളും ഇസ്രോ പുറത്തുവിട്ടു. ലാൻഡറിന്റെ ഇമേജർ ക്യാമറ എടുത്ത ഭൂമിയുടെ ചിത്രമാണ് ആദ്യത്തേത്.

രണ്ടാമത്തേത് ലാൻഡറിന്റെ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ എടുത്ത ചന്ദ്രന്റെ ചിത്രമാണ്.

വെല്ലുവിളികൾ നിറഞ്ഞ ദൗത്യം

ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം താണ്ടുക തന്നെ വലിയ വെല്ലുവിളിയാണെങ്കിലും, അവിടം കൊണ്ട് തീരുന്നില്ല ബുദ്ധിമുട്ടുകൾ. ചന്ദ്രനിൽ ഇറങ്ങുന്ന 15 മിനിറ്റത്തെ സോഫ്റ്റ് ലാൻഡിങ്ങിനെ പേടിസ്വപ്നത്തിന്റെ 15 മിനിറ്റുകൾ എന്നാണ് ഇസ്രോ മേധാവി എസ് സോമനാഥ് നേരത്തെ വിശേഷിപ്പിച്ചത്. ശരിയായ ഉയരത്തിൽ ശരിയായ സമയത്ത് എഞ്ചിനുകൾ പ്രവർത്തിപ്പിക്കുക, ശരിയായ അളവിലുള്ള ഇന്ധനം ഉപയോഗിക്കുക, ചന്ദ്രോപരിതലത്തിലെ കുന്നുകളും കുഴികളും ക്യത്യമായി സ്‌കാൻ ചെയ്‌തെടുക്കുക ഇങ്ങനെ ലാൻഡറിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്. ഇതെല്ലാം ലാൻഡർ സ്വയം ചെയ്യേണ്ട കാര്യങ്ങളാണ്. ഭൂമിയിലിരുന്ന് ഇസ്രോയ്ക്ക് ലാൻഡറിനെ നേർവഴിക്ക് നയിക്കാൻ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് ചുരുക്കം.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ ദീർഘവൃത്താകൃതിയിൽ തുടങ്ങി ക്രമേണ 100 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്കു പ്രൊപ്പൽഷൻ മൊഡ്യൂൾ എത്തും.പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെട്ട ശേഷം 100 കിലോമീറ്റർ X 30 കിലോമീറ്റർ ഭ്രമണപഥത്തിൽ പ്രവേശിക്കും. ഇതിന്റെ അർഥം ചന്ദ്രനിൽ നിന്ന് ഏറ്റവും അകലെയുള്ള ദൂരം 100 കിലോമീറ്ററും, അടുത്തുള്ള ദുരം 30 കിലോമീറ്ററും എന്നാണ്. ഏകദേശം 30 കിലോമീറ്റർ ഉയരത്തിൽ, ത്രസ്റ്ററുകൾ ഉപയോഗിച്ച് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് താഴ്ന്നിറങ്ങും. ഇതിനെ പവേഡ് ബ്രേക്കിങ് ഘട്ടമെന്നാണ് വിളിക്കുക.

ഇടിച്ചിറങ്ങാതിരിക്കാൻ എതിർദിശയിൽ പ്രൊപ്പൽഷൻ നടത്താൻ (ഡിബൂസ്റ്റ്) നാലു ത്രസ്റ്റർ എൻജിനുകളാണുള്ളത്. രണ്ടു ത്രസ്റ്റർ എൻജിനുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് വേഗം കുറയ്ക്കുക. സെക്കൻഡിൽ 2 മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയെത്തിക്കാനാണ് ശ്രമം. ത്രസ്റ്ററുകൾ ജോലിയെടുക്കുന്നതിനിടെ, ലാൻഡർ 90 ഡിഗ്രി തിരിഞ്ഞ് സേഫ് ലാൻഡിങ്ങിനായി തയ്യാറെടുക്കും. ഏകദേശം 100 മീറ്റർ ഉയരത്തിൽ, താഴെയിറങ്ങാൻ തടസ്സങ്ങളുണ്ടോ എന്ന് ലാൻഡർ സ്‌കാൻ ചെയ്ത് നോക്കും. തടസ്സങ്ങളില്ലെങ്കിൽ സാവധാനം താഴോട്ടിറങ്ങും. നിലം തൊടുംവരെ ത്രസ്റ്ററുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കും.

എന്നാൽ, ഇതുഎളുപ്പമുള്ള പണിയല്ല. മണിക്കൂറിൽ 6000 കിലോമീറ്റർ വേഗതയിൽ നിന്ന് പൊടുന്നനെ പൂജ്യത്തിലേക്ക് വരിക എന്നതാണ് വെല്ലുവിളി. വെറുതെ ബ്രേക്കുപിടിച്ചാൽ മാത്രം സംഗതി നടപ്പില്ലെന്ന് ചുരുക്കം. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതുകൊണ്ട് പാരച്യൂട്ട് വഴി താഴ്ന്നിറങ്ങാൻ ആവില്ല. ചന്ദ്രയാൻ-2 സോഫ്റ്റ് ലാൻഡിങ് ശ്രമത്തിനിടെ അവസാന നിമിഷം ലാൻഡറുമായി ആശയവിനിമയം മുറിയുകയായിരുന്നു. ചന്ദ്രനോട് 2.1 കിലോമീറ്റർ അടുത്തെത്തിയപ്പോളാണ് സോഫറ്റ് വെയർ തകരാർ മൂലം ഇടിച്ചിറങ്ങിയത്. ലാൻഡറിന്റെ വേഗം കുറയ്ക്കാൻ ആയാലും, മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. ചന്ദ്രനിലെ പൊടിപടലം.