ന്യൂഡൽഹി: അതെ, തീർച്ചയായും, ആകാംക്ഷയുടെ മണിക്കൂറുകൾ തന്നയാണ് കടന്നുപോകുന്നത്. അതിൽ ഓരോ സെക്കൻഡും ഒരുപക്ഷേ. ചന്ദ്രയാൻ-3 പേടകത്തിന്റെ ഭാഗമായ ലാൻഡർ ചന്ദ്രോപരിതലത്തിൽ തൊടുന്നതും, പിന്നീട് റോവർ പുറത്തിറങ്ങി ഗവേഷണദൗത്യം ആരംഭിക്കുന്നതും ഒക്കെ കണ്ടറിയാൻ ശാസ്ത്രജ്ഞരെ പോലെ സാധാരണക്കാരും കാത്തിരിക്കുകയാണ്. ചിലർ പ്രാർത്ഥനകളിൽ മുഴുകുന്നു. മറ്റുചിലർ പാർട്ടികൾ നടത്തുന്നു. ഡൽഹിയിലെ ക്ഷേത്രങ്ങളും പള്ളികളിലും, ഗുരുദ്വാരകളിലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ബംഗ്ല സാഹിബ് ഗുരുദ്വാരയിൽ പ്രാർത്ഥനയിൽ പങ്കുചേർന്നു.

വൈകിട്ട് 6.04ന് ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡ് ചെയ്യും. രാജ്യത്തെമ്പാടും തൽസമയസംപ്രേഷണമുണ്ട്.ബ്രിക്‌സ്‌ ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിൽ പോയിരിക്കുന്ന പ്രധാനമന്ത്രി ഓൺലൈനിൽ ചേർന്ന് താഴോട്ടിറക്കം വീക്ഷിക്കും.ഇസ്രോയുടെ വെബ്‌സൈറ്റിൽ വൈകിട്ട് 5.20 ന് തൽസമയ സംപ്രേഷണം തുടങ്ങും. ഇസ്രോയുടെ തന്നെ യൂടൂബ് ചാനലിലും, ഡിഡി നാഷണലിലും ലൈവായി കാണാം.

സോഫ്റ്റ് ലാൻഡിങ് എവിടെ?

ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് എൻ ഗർത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ് ലാൻഡിങ്. സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനംമുതലുള്ള 20 മിനിറ്റ് അത്യന്തം 'ഉദ്വേഗജനക'മായിരിക്കും. എന്തും സംഭവിക്കാവുന്ന അവസ്ഥ. പൂർണമായും സ്വയംനിയന്ത്രിത സംവിധാനത്തിലാകും ഈ സമയം പേടകം പ്രവർത്തിക്കുക. ഈ ഘട്ടം വിജയകരമായി പൂർത്തിയാകുമെന്നാണ് ഇന്ത്യൻ ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ.

ഭൂഗുരുത്വാകർഷണത്തിലെ സങ്കീർണതയും ഗൗരവമായി കാണുന്നുണ്ട്. ദൗത്യം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. സോഫ്റ്റ് ലാൻഡിങ്ങിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായിട്ടുണ്ട്. ലാൻഡർ, റോവർ എന്നിവയിലെ ഉപകരണങ്ങളും സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമെല്ലാം സുസജ്ജമാണ്- മലയാളിയായ സോമനാഥ് പറയുന്നു. തീർത്തും ആത്മവിശ്വാസത്തിലാണ് സോമനാഥും സംഘവും.

ഇന്ത്യയുടെ ആഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ-3 വിജയത്തിന് തൊട്ടരികെയാണ്. ഇന്ന് പേടകം ചന്ദ്രനിലിറങ്ങുന്നതോടെ ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ പുതുചരിത്രം കുതിക്കും. റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 തകർന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദൗത്യത്തെ ഉറ്റുനോക്കുകയാണ് ലോകം. ഇന്ന് ചന്ദ്രയാൻ 3 ഇറക്കാനായില്ലെങ്കിൽ 'പ്ലാൻ ബി'യും ഐഎസ്ആർഒ തയ്യാറാക്കിയിട്ടുണ്ട്. ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും നോക്കിയാവും ലാൻഡിങ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

ഇന്ന് തീരുമാനിച്ച പദ്ധതി പ്രകാരം വൈകിട്ട് 5.47 മുതൽ ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിക്കും. മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തേക്ക് എത്തുമ്പോഴായിരിക്കുമിത്. രണ്ടു ദ്രവ എൻജിൻ 11 മിനിറ്റ് തുടർച്ചയായി ജ്വലിപ്പിച്ചാകും റഫ് ബ്രേക്കിങ് ഘട്ടം പൂർത്തീകരിക്കുക. ഇതോടെ അതിവേഗം നിയന്ത്രണവിധേയമായി പേടകം 6-7 കിലോമീറ്റർ അടുത്തെത്തും. തുടർന്ന് മൂന്നു മിനിറ്റുള്ള ഫൈൻ ബ്രേക്കിങ് ഘട്ടത്തിനൊടുവിൽ ചരിഞ്ഞെത്തുന്ന പേടകത്തെ കുത്തനെയാക്കും. 800 മീറ്റർ മുകളിൽനിന്ന് അവസാനവട്ട നിരീക്ഷണം നടത്തി ലാൻഡർ നിശ്ചിത സ്ഥലത്തേക്ക് സോഫ്റ്റ് ലാൻഡിങ്ങിന് നീങ്ങും.

അപകടം തിരിച്ചറിയാൻ സെൻസറുകളും ക്യാമറകളും

സെൻസറുകളുടെയും കാമറകളുടെയും സഹായത്താൽ അപകടം തിരിച്ചറിഞ്ഞ് മറ്റൊരു സ്ഥലത്ത് ഇറങ്ങാനുമാകും. പേടകത്തിലേക്ക് അപ്ലോഡ് ചെയ്ത കമാൻഡുകളും മറ്റു മാർഗനിർദ്ദേശങ്ങളും അനുസരിച്ചാകും നടപടി ക്രമങ്ങൾ. ലാൻഡിങ്ങിന് നാലു മണിക്കൂർമുമ്പുവരെ അപ്ലോഡിങ് തുടരും. പൊടിപടലം ഉയരുന്നത് പേടകത്തെ ബാധിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ഇന്ന് വൈകിട്ട് 6.04 ന് ലാൻഡിങ് നടത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. എല്ലാ കണക്കുകൂട്ടലുകളും പിഴച്ചാലും ലാൻഡർ സോഫ്റ്റ്ലാൻഡ് ചെയ്യുമെന്ന് ഉറപ്പാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കുന്നു.

ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ലാൻഡർ മൊഡ്യൂളിന് എന്തെങ്കിലും സംഭവിച്ചാൽ ലാൻഡിങ് മാറ്റി വെച്ചേക്കും. സാഹചര്യം അനുകൂലമാണെങ്കിൽ മാത്രമാണ് 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ഇറക്കുക. മറിച്ചാണെങ്കിൽ ഓഗസ്റ്റ് 27നായിരിക്കും ലാൻഡിങ് നടക്കുക എന്നാണ് ഐഎസ്ആർഒ അറിയിക്കുന്നത്. ഓഗസ്റ്റ് 27 നാണ് ലാൻഡ് ചെയ്യുന്നതെങ്കിൽ ഇപ്പോൾ ഇറങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് 400- 450 കിലോമീറ്റർ മാറിയാകും ലാൻഡ് ചെയ്യുക. ദൗത്യം പരാജയപ്പെടാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്താണ് ചന്ദ്രയാൻ വിക്ഷേപിച്ചതെന്ന് ഐഎസ്ആർഒ പറയുന്നു.

' എല്ലാം സുഗമമായി പോകുന്നു. പ്രശ്‌നങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല. ആളുകൾ ഓഗസ്റ്റ് 27 നെ കുറിച്ച് സംസാരിക്കുന്നു. അത് ബാക്ക് അപ്പ് മാത്രമാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് 30 കിലോമീറ്റർ എത്തുമ്പോൾ താഴോട്ടിറക്കം തുടങ്ങും', ഇസ്രോ സിബിപിഒ മുൻ ഡയറക്ടർ ഡോ.പി.വെങ്കിടകൃഷ്ണൻ പറഞ്ഞു.

സോഫ്റ്റ് ലാൻഡിങ് വെല്ലുവിളികൾ

ഏകദേശം 30 കിലോമീറ്റർ ഉയരത്തിൽ, ത്രസ്റ്ററുകൾ ഉപയോഗിച്ച് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് താഴ്ന്നിറങ്ങും. ഇതിനെ പവേഡ് ബ്രേക്കിങ് ഘട്ടമെന്നാണ് വിളിക്കുക. ഇടിച്ചിറങ്ങാതിരിക്കാൻ എതിർദിശയിൽ പ്രൊപ്പൽഷൻ നടത്താൻ (ഡിബൂസ്റ്റ്) നാലു ത്രസ്റ്റർ എൻജിനുകളാണുള്ളത്. രണ്ടു ത്രസ്റ്റർ എൻജിനുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് വേഗം കുറയ്ക്കുക. സെക്കൻഡിൽ 2 മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയെത്തിക്കാനാണ് ശ്രമം. ത്രസ്റ്ററുകൾ ജോലിയെടുക്കുന്നതിനിടെ, ലാൻഡർ 90 ഡിഗ്രി തിരിഞ്ഞ് സേഫ് ലാൻഡിങ്ങിനായി തയ്യാറെടുക്കും. ഏകദേശം 100 മീറ്റർ ഉയരത്തിൽ, താഴെയിറങ്ങാൻ തടസ്സങ്ങളുണ്ടോ എന്ന് ലാൻഡർ സ്‌കാൻ ചെയ്ത് നോക്കും. തടസ്സങ്ങളില്ലെങ്കിൽ സാവധാനം താഴോട്ടിറങ്ങും. നിലം തൊടുംവരെ ത്രസ്റ്ററുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കും. എന്നാൽ, ഇതുഎളുപ്പമുള്ള പണിയല്ല. മണിക്കൂറിൽ 6000 കിലോമീറ്റർ വേഗതയിൽ നിന്ന് പൊടുന്നനെ പൂജ്യത്തിലേക്ക് വരിക എന്നതാണ് വെല്ലുവിളി. വെറുതെ ബ്രേക്കുപിടിച്ചാൽ മാത്രം സംഗതി നടപ്പില്ലെന്ന് ചുരുക്കം. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതുകൊണ്ട് പാരച്യൂട്ട് വഴി താഴ്ന്നിറങ്ങാൻ ആവില്ല. ചന്ദ്രയാൻ-2 സോഫ്റ്റ് ലാൻഡിങ് ശ്രമത്തിനിടെ അവസാന നിമിഷം ലാൻഡറുമായി ആശയവിനിമയം മുറിയുകയായിരുന്നു. ചന്ദ്രനോട് 2.1 കിലോമീറ്റർ അടുത്തെത്തിയപ്പോളാണ് സോഫറ്റ് വെയർ തകരാർ മൂലം ഇടിച്ചിറങ്ങിയത്. ലാൻഡറിന്റെ വേഗം കുറയ്ക്കാൻ ആയാലും, മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. ചന്ദ്രനിലെ പൊടിപടലം.

സോഫ്റ്റ് ലാൻഡിങ്ങിൽ ചന്ദ്രയാൻ 3 നെ നിയന്ത്രിക്കുക അതിലെ കംപ്യൂട്ടർ സംവിധാനങ്ങളും എഐ അധിഷ്ഠിത ഗതി നിർണയവുമാണ്. അതി സങ്കീർണമായ അവസാനത്തെ 15 മിനിറ്റുകൾ സമ്പൂർണമായി നിയന്ത്രിക്കുക ലാൻഡറിലെ കംപ്യൂട്ടർ ബുദ്ധിയാണ്. ഗതിനിർണയത്തിന് സഹായകമാവുക മുൻകൂട്ടി തയ്യാറാക്കി നൽകിയ ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നയക്കുന്ന സിഗ്‌നലുകളിലെ ഡാറ്റ ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാന്റ് നെറ്റ് വർക്ക് കേന്ദ്രത്തിലാണ്. ഇവിടെ നിന്ന് ബെംഗളുരുവിലെ ഡീപ്പ് സ്പേസ് നെറ്റ് വർക്കിലേക്കും യുഎസിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലേക്കും സ്പെയിനിലെ യൂറോപ്യൻ സ്പേസ് ഏജൻസി കേന്ദ്രത്തിലേക്കും അയക്കും.

സോഫ്റ്റ് ലാൻജിങ് ആരംഭിച്ചുകഴിഞ്ഞാൽ പിന്നെ മിഷൻ കൺട്രോൾ സെന്ററിൽ നിന്ന് പേടകത്തിന് നിർദ്ദേശങ്ങൾ നൽകാൻ സാധിക്കില്ല. മുൻകൂട്ടി പ്രോഗ്രാം ചെയ്തു നൽകിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുക.

ചന്ദ്രയാൻ-2 നൽകിയ പാഠങ്ങൾ കരുത്തായി

ചന്ദ്രയാൻ രണ്ടിന് സംഭവിച്ച അവസാന നിമിഷത്തിലെ പാളിച്ച ചന്ദ്രയാൻ- 3 ന് സംഭവിക്കാതിരിക്കാൻ വിക്രം ലാൻഡറിന്റെ കാലുകൾക്ക് കൂടുതൽ ശക്തി നൽകിയിട്ടുണ്ട്. പരമാവധി വേഗത കുറച്ചാകും ലാൻഡർ ചന്ദ്രോപരിതലം തൊടുക. വിമാനത്തിന്റെ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ റഫ് ബ്രേക്കിങ് എന്ന പ്രക്രിയിലൂടെയാണ് വേഗത കുറക്കുക. സെക്കന്റിൽ 1-2 മീറ്റർ വേഗതയിലേക്ക് എത്തിച്ചാണ് പേടകത്തെ ഇറക്കുക. ഈ ഘട്ടത്തിലാണ് ചന്ദ്രയാൻ 2 പരാജയപ്പെട്ടത്. നിലവിൽ 25 കിലോമീറ്റർ വരെ കുറഞ്ഞ ദൂരം വരുന്ന ഏറ്റവും അടുത്ത ഭ്രമണപഥത്തിലാണ് പേടകം ചന്ദ്രനെ വലം വെക്കുന്നത്.

തകർന്നു പോയ ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററുമായി ചന്ദയാൻ 3 ന് ആശയവിനിമയ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡർ അയയ്ക്കുന്ന സന്ദേശങ്ങളും പരിശോധനാ ഫലങ്ങളും ഓർബിറ്റർ വഴിയായിരിക്കും കൺട്രോൾ സെന്ററിലെത്തുക. ചന്ദ്രയാൻ 3ന് സ്വന്തമായി ഓർബിറ്ററില്ല.ലാൻഡിങ്ങിന് ശേഷം പ്രഗ്യാൻ റോവർ വേർപെട്ട് ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തും. അശോകസ്തംഭവും ഇസ്റോയുടെ ചിഹ്നവും റോവർ ചന്ദ്രോപരിതലത്തിൽ കോറിയിടും.

വെള്ളത്തിന്റെ സാന്നിധ്യമുൾപ്പെടെ പഠിക്കാൻ ഒരു ചാന്ദ്രദിനം, അതായത് ഭൂമിയിലെ 14 ദിവസമാകും റോവറിന് ലഭിക്കുക. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ വഴിയാകും ലാൻഡറുമായി ആശയവിനിമയം നടത്തുന്നത്. സോഫ്റ്റ്ലാൻഡിങ്ങിന്റെ ചരിത്ര നിമിഷങ്ങൾ ലൈവ് സ്ട്രീമിങ് നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.

ചന്ദ്രനിലെ പൊടിപടലം വെല്ലുവിളി

നിലം തൊടുമ്പോൾ, ലാൻഡറിന്റെ ത്രസ്റ്ററുകൾ ശക്തമായി പ്രവർത്തിക്കുന്നത് മൂലം പൊടിപടലങ്ങൾ അതിവേഗത്തിൽ ഉയരും. ഇത് ക്യാമറാ ലെൻസിനെ മറയ്ക്കുകയും, തെറ്റായ റീഡിങ്ങുകൾക്ക് ഇടയാക്കുകയും ചെയ്യാം. അപ്പോളോ 15 ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ വീഡിയോ നാസ പുറത്തുവിട്ടപ്പോൾ ലാൻഡിങ് കഴിയുന്നത് വരെ മിനിറ്റുകളോളം ഒന്നും കാണാൻ കഴിയാത്ത വിധം പൊടിപടലമാണ്. അപ്പോളോ 15 നെ പോലെ മറ്റ് എല്ലാ അപ്പോളോ ദൗത്യങ്ങളിലും പൊടിപടലങ്ങൾ പ്രശ്‌നമുണ്ടാക്കി. ബഹിരാകാശ യാത്രികരുടെ സ്‌പേ്‌സ് സ്യൂട്ടുകളിളിൽ പൊടി കയറിയതിന് പുറമേ ഉപകരണങ്ങൾ കേടാനാകും ഇടയാക്കി.

വെല്ലുവിളികൾ ഏറെയുണ്ടെങ്കിലു, മൂന്നുരാജ്യങ്ങൾ വിജയകരമായി സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. പലവട്ടത്തെ പരാജയങ്ങൾക്ക് ശേഷമാണ് അമേരിക്ക 1966 ൽ സർവേയർ 1 നെ ചന്ദ്രനിൽ ഇറക്കിയത്. ചൈനയാകട്ടെ ആദ്യ ശ്രമത്തിൽ തന്നെ അവരുടെ ചെയ്ഞ്ച് 3 വിജയകരമായി ലാൻഡ് ചെയ്യിച്ചു. ലൂണ 9 വഴി സോവിയറ്റ് യൂണിയനും ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ഇപ്പോൾ ഇതാ ഇന്ത്യയുടെ ചാന്ദ്രയാൻ -3. വിജയം കണ്ടാൽ, ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടം ഇന്ത്യ കൈവരിക്കും.