ബെംഗളൂരു: ചരിത്രം കുറിച്ചുകൊണ്ട് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തെ തൊട്ടപ്പോൾ ഇസ്രോയിൽ ആഹ്ലാദപൂത്തിരികൾ വിടർന്നു. വൈകിട്ട് 6.04 ന്  വിക്രം ലാൻഡർ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ അതേസമയത്ത് തന്നെ എക്‌സിൽ കുറിപ്പിട്ട് ഇസ്രോ ആഘോഷിച്ചു. ദൗത്യത്തിന്റെ വിജയത്തിന് രാജ്യത്തെ ജനങ്ങളെ ഇസ്രോ അഭിനന്ദിച്ചു.

ചന്ദ്രനിൽ ജലം കണ്ടെത്തിയ ശേഷം ദക്ഷിണ ധ്രുവത്തിൽ ഇതാദ്യമായി ഇറങ്ങുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ' ഇന്ത്യ, ഞാൻ ലക്ഷ്യസ്ഥാനത്തെത്തി, എനിക്കൊപ്പം നിങ്ങളും'. ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ, ഇസ്രോയുടെ കുറിപ്പിൽ പറഞ്ഞു.

5.20 നാണ് ലാൻഡിങ്ങിന്റെ തൽസമയ സംപ്രേഷണം ആരംഭിച്ചത്. ലാൻഡർ അതിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി. ഓരോ ഘട്ടത്തിലും മിഷൻ കൺട്രോൾ റൂമിൽ, ഇസ്രോ ശാസ്ത്രജ്ഞ്രർ ആഹ്ലാദാരവങ്ങൾ മുഴക്കി. ഒടുവിൽ ചന്ദ്രോപരിതലത്തിൽ തൊട്ടപ്പോൾ, എല്ലാവരും തുള്ളിച്ചാടി. ദക്ഷിണാഫ്രിക്കയിൽ നിന്ന് പ്രധാനമന്ത്രിയും വീഡിയോ ലിങ്ക് വഴി ആഘോഷത്തിൽ പങ്കുചേർന്ന് മുഴുവൻ ടീമിനെയും അഭിനന്ദിച്ചു.

എല്ലാ ഘട്ടങ്ങളും അണുവിട പിഴവില്ലാതെ ലാൻഡർ പൂർത്തിയാക്കിയെന്ന് പ്രോജക്റ്റ് ഡയറക്ടർ പി.വീരമുത്തുവേൽ അറിയിച്ചു. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് എൻ ഗർത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ് ലാൻഡിങ് നടന്നത്. വൈകിട്ട് 5.47 മുതലാണ് ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിച്ചത്. മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്ത് എത്തിയപ്പോഴാണ് സോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികൾ ആരംഭിച്ചത്. രണ്ടു മണിക്കൂർ മുൻപ് തന്നെ ലാൻഡിങ്ങിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരുന്നു.

രണ്ടു ദ്രവ എൻജിൻ 11 മിനിറ്റ് തുടർച്ചയായി ജ്വലിപ്പിച്ചാണ് റഫ് ബ്രേക്കിങ് ഘട്ടം പൂർത്തീകരിച്ചത്. ഇതോടെ നിയന്ത്രണവിധേയമായി പേടകം 6-7 കിലോമീറ്റർ അടുത്തെത്തി. തുടർന്ന് മൂന്നു മിനിറ്റുള്ള ഫൈൻ ബ്രേക്കിങ് ഘട്ടത്തിനൊടുവിൽ ചരിഞ്ഞെത്തിയ പേടകത്തെ കുത്തനെയാക്കി. 800 മീറ്റർ മുകളിൽനിന്ന് അവസാനവട്ട നിരീക്ഷണം നടത്തി ലാൻഡർ നിശ്ചിത സ്ഥലത്തേക്ക് സോഫ്റ്റ് ലാൻഡിങ്ങിന് നീങ്ങുകയായിരുന്നു.
സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനംമുതലുള്ള 20 മിനിറ്റ് അത്യന്തം 'ഉദ്വേഗജനക'മായിരുന്നു. പൂർണമായും സ്വയം നിയന്ത്രിത സംവിധാനത്തിലായിരുന്നു പേടകം പ്രവർത്തിച്ചത്.

അടുത്ത 14 ദിവസം, പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ നിന്നും ചിത്രങ്ങളും വിവരങ്ങളും അയയ്ക്കും, 14 ദിവസത്തിന് ശേഷം പതിയ പ്രവർത്തനം മന്ദഗതിയിലാകും. കാരണം സൗരോർജ്ജ സെല്ലുകൾ വഴിയാണ് റോവർ പ്രവർത്തിക്കുന്നത്.

വിജയകരമായി ലാൻഡ് ചെയ്തതോടെ, ചന്ദ്രനിൽ വലിയ പൊടിപടലമാണ് ഉണ്ടായത്. പൊടിപടലം അടങ്ങിയ ശേഷം മാത്രമായിരിക്കും റോവർ പുറത്തിറങ്ങുക. കുറഞ്ഞ ഗുരുത്വാകർഷണം മൂലം ഭൂമിയിലെ പോലെ പൊടിപടലം ചന്ദ്രനിൽ പെട്ടെന്ന് അടങ്ങുകയില്ല.