ബെംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിൽ കണക്കുകൂട്ടലുകൾ പിഴച്ചില്ല. ലാൻഡിങ് സൃഷ്ടിച്ച പൊടിപടലങ്ങൾ അടങ്ങിയതോടെ, ലാൻഡർ മൊഡ്യൂളിൽ നിന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങി. റോവർ സഞ്ചരിക്കുന്ന ഇടത്തുനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ലാൻഡറിലേക്കും അവിടെ നിന്ന് ഇസ്രോ മിഷൻ കൺട്രോളിലേക്കും കിട്ടും. അടുത്ത 14 ദിവസം, പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ നിന്നും ചിത്രങ്ങളും വിവരങ്ങളും അയയ്ക്കും. 14 ദിവസത്തിന് ശേഷം പതിയെ പ്രവർത്തനം മന്ദഗതിയിലാകും. കാരണം സൗരോർജ്ജ സെല്ലുകൾ വഴിയാണ് റോവർ പ്രവർത്തിക്കുന്നത്.

വിജയകരമായി ലാൻഡർ ലാൻഡ് ചെയ്തതോടെ, ചന്ദ്രനിൽ വലിയ പൊടിപടലമാണ് ഉണ്ടായത്. പൊടിപടലം അടങ്ങിയ ശേഷം മാത്രമാണ് റോവർ പുറത്തിറങ്ങിയത്. കുറഞ്ഞ ഗുരുത്വാകർഷണം മൂലം ഭൂമിയിലെ പോലെ പൊടിപടലം ചന്ദ്രനിൽ പെട്ടെന്ന് അടങ്ങുകയില്ല എന്നതാണ് കാരണം. പൊടിപടലം അടങ്ങും മുമ്പ് റോവർ പുറത്തിറങ്ങിയാൽ, ക്യാമറകൾക്കും മറ്റ് സുപ്രധാന ഉപകരണങ്ങൾക്കും കേടുവരാം. 'ഏതാനും മണിക്കൂറുകൾക്കം റോവർ പുറത്തുവരും. ചിലപ്പോൾ ഒരുദിവസം എടുത്തേക്കാം. റോവർ പുറത്തുവന്നാൽ, രണ്ടുപരീക്ഷണങ്ങൾ നടത്തും.' ഇസ്രോ ചെയർമാൻ എസ് സോമനാഥ് നേരത്തെ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. എന്തായാലും വിചാരിച്ചത് പോലുള്ള കാലതാമസം റോവർ പുറത്തിറങ്ങാൻ ഉണ്ടായില്ല.

പ്രഗ്യാൻ റോവർ വേർപെട്ട് ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തുന്നതിനിടെ, അശോകസ്തംഭവും ഇസ്റോയുടെ ചിഹ്നവും റോവർ ചന്ദ്രോപരിതലത്തിൽ കോറിയിടും. ഇതിന്റെ ചക്രങ്ങളിൽ ഈ ചിഹ്നങ്ങൾ പതിപ്പിച്ചിട്ടുണ്ട്. കാറ്റ് ഇല്ലാത്തതിനാൽ ഈ മുദ്ര മായാതെ കിടക്കും. ലാൻഡറിൽ നിന്ന് നിശ്ചിത ദൂരത്തിൽ മാത്രമാണ് റോവർ സഞ്ചരിക്കുക.

വെള്ളത്തിന്റെ സാന്നിധ്യമുൾപ്പെടെ പഠിക്കാൻ ഒരു ചാന്ദ്രദിനം, അതായത് ഭൂമിയിലെ 14 ദിവസമാകും റോവറിന് ലഭിക്കുക. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ വഴിയാകും ലാൻഡറുമായി ആശയവിനിമയം നടത്തുന്നത്. റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്സൽ മോണോക്രോമാറ്റിക് ക്യാമറകൾ വഴിയാണ് ഭൂമിയുള്ള ചിത്രങ്ങളെടുക്കുക. ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രിഡി രൂപം ലഭിക്കുന്നതോടെ റോവറിന്റെ സഞ്ചാര പാത എളുപ്പം തീരുമാനിക്കാൻ സാധിക്കും

ആറുചക്രമുള്ള പ്രഗ്യാൻ റോവറിന് ഏകദേശം 27 കിലോഗ്രാം ഭാരമുണ്ട്. സൗരോർജ പാനലുകളാണ് പ്രഗ്യാന് പ്രവർത്തിക്കാൻ വേണ്ട ഊർജം നൽകുക. സെക്കൻഡിൽ ഒരുസെന്റിമീറ്റർ വേഗത്തിലാണ് പ്രഗ്യാൻ ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിക്കുക. ആകെ അര കിലോമീറ്ററോളം ദൂരം ചാന്ദ്ര വാഹനം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് അടി നീളവും 2.5 അടി വീതിയും 2.8 അടി ഉയരവുമാണ് പ്രഗ്യാനുള്ളത്.

സൗരോർജ്ജ പാനലുകൾ വിടർത്തിയ ശേഷമാണ് പ്രഗ്യാൻ പുറത്തിറങ്ങിയത്. ലാൻഡറുമായി ഒരു വയർ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ചന്ദ്രോപരിതലത്തിൽ റോവർ നിലയുറപ്പിച്ചാൽ ഈ വയർ വിച്ഛേദിക്കപ്പെടും. തുടർന്ന് പര്യവേക്ഷണം തുടങ്ങും.

ഒരു ചാന്ദ്ര ദിവസം, അതായത് ഭൂമിയിലെ 14 ദിവസം വരെ പരീക്ഷണം തുടരും. ചന്ദ്രനിൽ സൂര്യപ്രകാശം അകന്ന് രാത്രി പടരുന്നതോടെ റോവറിന്റെ സൗരോർജ്ജ പാനലുകൾ അടഞ്ഞുപോകാനാണ് സാധ്യത. മേഖലയിൽ ജലസാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രഗ്യാൻ അയക്കുന്ന ഡാറ്റ സുപ്രധാനമാണ്.