ബെംഗളൂരു: ചന്ദ്രനിൽ സഞ്ചരിക്കുമ്പോൾ പേടിക്കേണ്ടത് വലിയ ആഴമുള്ള ഗർത്തങ്ങളെയാണ്. ഇന്ത്യയുടെ പ്രഗ്യാൻ റോവറും അത്തരമൊരു ഗർത്തത്തിന് മുന്നിൽ ചെന്നുപെട്ടു. നാല് മീറ്റർ വ്യാസമുള്ള ഗർത്തവുമായി മുഖാമുഖം വന്നെങ്കിലും, വഴി തിരിച്ചുവിട്ട് റോവർ രക്ഷപ്പെട്ടു.
റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് കൊണ്ടാണ് ഇസ്രൊ ഇക്കാര്യം അറിയിച്ചത്. റോവറിലെ നാവിഗേഷൻ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് 27നാണ് ചിത്രങ്ങൾ എടുത്തത്.

ഗർത്തത്തിന്റെ അറ്റത്ത് നിന്ന് മൂന്നുമീറ്റർ അകലെ വച്ച് റോവറിനെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും റോവർ പുതുവഴിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഐഎസ്ആർഒ എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) കുറിച്ചു. ''2023 ഓഗസ്റ്റ് 27ന്, റോവറിന്റെ സഞ്ചാരപാതയിൽ മൂന്നു മീറ്റർ മുന്നിലായി 4 മീറ്റർ വ്യാസമുള്ള ഒരു ഗർത്തം കണ്ടു. ഇതേത്തുടർന്ന് വന്ന വഴിക്കു തിരിച്ചുപോകാൻ റോവറിന് നിർദ്ദേശം നൽകി. റോവർ ഇപ്പോൾ സുരക്ഷിതമായി പുതിയൊരു പാതയിലൂടെ നീങ്ങുകയാണ്.' ഐഎസ്ആർഒ കുറിച്ചു.

ആറ് വീലുകളുള്ള സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റോവറിന്റെ രണ്ടാഴ്ചത്തെ പരീക്ഷണങ്ങൾക്കിടെ, ഇതുവരെ ആരും സ്പർശിച്ചിട്ടില്ലാത്ത മേഖലയിലെ ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ശേഖരിച്ച് അയയ്ക്കും.

ചാന്ദ്രദിനം പൂർത്തിയാകാൻ ഇനി 10 ദിവസം മാത്രം ശേഷിക്കെ റോവർ പ്രഗ്യാന് പിടിപ്പത് പണിയാണെന്ന് സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ ഡയറക്ടർ നിലേഷ് എം ദേശായി പറഞ്ഞു. സമയത്തോട് മത്സരിച്ചാണ് റോവറിന്റെ പ്രവർത്തനം. ദക്ഷിണ ധ്രുവത്തിൽ പരമാവധി ദൂരം സഞ്ചരിച്ച് പരീക്ഷണം നടത്താനാണ് ശ്രമിക്കുന്നത്. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ മൂന്നാമത്തെ മുഖ്യലക്ഷ്യമാണ് ഇപ്പോൾ വിജയകരമായി പൂർത്തീകരിച്ചുകൊണ്ടിരിക്കുവ്വത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ നിന്ന് ആദ്യത്തെ ശാസ്ത്ര വിവരം ഇന്നലെ ഐ എസ് ആർ ഒക്ക് കിട്ടിയിരുന്നു. ചന്ദ്രോപരിതലത്തിലെ വിവിധ തലങ്ങളിൽ താപനിലയിലെ വ്യത്യാസമാണ് വിക്രം ലാൻഡറിന്റെ തെർമൽ പ്രോബ് രേഖപ്പെടുത്തിയത്. ചന്ദ്രോപരിതലത്തിന്റെ താപ സ്വഭാവം മനസ്സിലാക്കാനാണ് ചാസ്തേ((Chandra's Surface Thermophysical Experiment) ദക്ഷിധ്രുവത്തിലെ മുകൾമണ്ണിന്റെ താപസവിശേഷതകൾ അളക്കുന്നത്. പ്രതലത്തിന് 10 സെന്റി മീറ്റർ വരെ ആഴത്തിൽ പോകാൻ കഴിയുന്ന ടെംപറേച്ചർ പ്രോബാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രോബിൽ 10 സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്.

ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതുകൊണ്ട് തന്നെ താപനില വളരെയധികം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. താപനിലയുടെ വ്യത്യാസം ഗ്രാഫിൽ രേഖപ്പെടുത്തി ഇസ്രോ അവതരിപ്പിച്ചു. പ്രോബിനെ മണ്ണിന്റെ വിവിധ തലങ്ങളിലേക്ക് കടത്തി വിട്ടാണ് താപനിലയുടെ വ്യത്യാസം അളന്നത്. ദക്ഷിണ ധ്രുവത്തിൽ നിന്നുള്ള ആദ്യത്തെ വിവരമാണ് ഇതെന്നും വിശദമായ പരീക്ഷണങ്ങൾ നടന്നുവരികയാണെന്നും ഇസ്രോ അറിയിച്ചു.


സൂര്യന്റെ പ്രകാശമുള്ളപ്പോൾ ചന്ദ്രന്റെ ഉപരിതല ഊഷ്മാവ് അൻപത് ഡിഗ്രി സെൽഷ്യസാണെങ്കിലും, 80 മില്ലീമീറ്റർ താഴെ ഇത് മൈനസ് പത്ത് ഡിഗ്രി സെൽഷ്യസാണ്. ചന്ദ്രനിലെ മണ്ണിന് ഉയർന്ന താപ പ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തം. ചന്ദ്രന്റെ ഉപരിതലത്തിലെ മൃദുവായ മണ്ണിലൂടെ ഉപകരണം മെല്ലെ താഴ്‌ത്തിയാണ് താപനില അളന്നത്.

ആദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്തെ മണ്ണിലെ താപസ്വഭാവം ഈ രീതിയിൽ പഠനവിധേയമാകുന്നത്. ഭാവിയിൽ ഈ മണ്ണുപയോഗിച്ച് ചന്ദ്രനിൽ നിർമ്മാണ പ്രവർത്തികൾ അടക്കം നടത്തുന്നതിനെ പറ്റിയുള്ള ഗവേഷണങ്ങൾക്ക് ചാസ്തേയിൽ നിന്ന് വരുന്ന വിവരങ്ങൾ സഹായകമാകും. തിരുവനന്തപുരം വി എസ്എസ്സിയുടെ ഭാഗമായ സ്പേസ് ഫിസികിസ് ലബോറട്ടറിയുടെ നേതൃത്വത്തിലാണ് ഉപകരണം വികസിപ്പിച്ചത്. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ നിന്നുള്ള ഗവേഷകരും വികസന സംഘത്തിന്റെ ഭാഗമാണ്.

ഓഗസ്റ്റ് 23 നാണ് വിക്രം ലാൻഡർ ചന്ദ്രനെ തൊട്ടത്. ഈ സ്ഥലം പിന്നീട് ശിവശക്തി പോയിന്റായി നാമകരണം ചെയ്തു. ചന്ദ്രനിൽ നിന്ന് ലഭിച്ച വിവരങ്ങൾ വളരെ വിലപ്പെട്ടതെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ലോകത്ത് ആദ്യമായി ലഭിക്കുന്ന വിവരങ്ങളാണ് ഇവ. വരും ദിവസങ്ങളിൽ ശാസ്ത്രജ്ഞന്മാർ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ദക്ഷിണധ്രുവത്തിലേക്ക് പോകാൻ അമേരിക്ക, ചൈന, റഷ്യ അടക്കമുള്ള ഒരുപാട് രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അവർക്കൊന്നും അത് സാധിച്ചില്ല. നിരപ്പായ സ്ഥലം കണ്ടെത്തുക എന്നത് ദക്ഷിണധ്രുവത്തിൽ പ്രയാസകരമാണ്. ഇതാണ് ആ ഭാഗത്ത് പോകുന്നതിന് തടസം. ദക്ഷിണ ധ്രുവത്തിലേക്ക് പോയ ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് ചാന്ദ്രയാൻ- അദ്ദേഹം പറഞ്ഞു.

14 ദിവസമാണ് സൂര്യപ്രകാശം ലഭിക്കുക. 14 ദിവസം ഇരുട്ടായിരിക്കും. സൂര്യപ്രകാശം ലഭിക്കാത്ത സമയത്ത് റോവറിനേയും ലാൻഡറിനേയും സ്ലീപിങ് മോദിലേക്ക് മാറ്റും. വീണ്ടും സൂര്യപ്രകാശം വന്ന് എല്ലാ ഭാഗവും ചൂടായി പ്രവർത്തിക്കാൻ പറ്റും എന്ന് മനസ്സിലായാൽ കമ്പ്യൂട്ടർപ്രവർത്തിച്ചു തുടങ്ങും. അങ്ങനെ സംഭവിച്ചാൽ അത് ഭാഗ്യമാണ്. വീണ്ടും ഒരു 14 ദിവസം കൂടി ലഭിക്കും. സൗത്ത് പോളിൽ മൂലകങ്ങളും ജലവും കണ്ടെത്താൻ സാധ്യത ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.