ബെംഗളൂരു: സ്ലീപ് മോദിലായ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിക്രം ലാൻഡറിനെയും, പ്രഗ്യാൻ റോവറിനെയും ഉണർത്താനുള്ള ശ്രമം ഐഎസ്ആർഒ ശനിയാഴ്ചത്തേക്ക് മാറ്റി വച്ചു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് റോവറിനെയും, ലാൻഡറിനെയും പുനരുജ്ജീവിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ ഡയറക്ടർ നിലേഷ് ദേശായി പറഞ്ഞു. ചില സാങ്കേതിക കാരണങ്ങളാൽ അത് സെപ്റ്റംബർ 23 ലേക്ക് മാറ്റി വച്ചിരിക്കുകയാണ്.

ശിവശക്തി പോയിന്റ് എന്നുപേരിട്ട സ്ഥലത്താണ് വിക്രം ലാൻഡറും, റോവറും ഇപ്പോഴുള്ളത്. ചന്ദ്രോപരിതലത്തിൽ, വിജയകരമായി പരീക്ഷണങ്ങൾ നടത്തിയ ശേഷം ഈ മാസമാദ്യമാണ് റോവറും, ലാൻഡറും സ്ലീപ് മോദിലേക്ക് മാറിയത്. റോവർ സെപ്റ്റംബർ രണ്ടിനും, ലാൻഡർ സെപ്റ്റംബർ നാലിനുമാണ് ഉറക്കത്തിലേക്ക് വീണത്.

ചന്ദോപരിതലത്തിലെ പരീക്ഷണങ്ങൾക്കിടെ, റോവർ 100 മീറ്ററോളം സഞ്ചരിച്ചിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ലാൻഡറും ചില സുപ്രധാന പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.

റോവറിനെ 300-350 മീറ്റർ വരെ സഞ്ചരിപ്പിക്കാനാണ് ഇസ്രോ ആദ്യം പദ്ധതിയിട്ടത്. എന്നാൽ, ചില കാരണങ്ങളാൽ റോവറിന് 105 മീറ്റർ ദൂരം വരെയേ പോകാൻ കഴിഞ്ഞുള്ളു. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളും, മനുഷ്യനെ അയയ്ക്കാനുള്ള ശ്രമങ്ങൾക്കും ഊർജ്ജം നൽകുന്ന തരത്തിൽ ചന്ദ്രനിൽ ഹോപ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കാനും ലാൻഡറിന് കഴിഞ്ഞു.

ഓഗസ്റ്റ് 23 നു വൈകിട്ട് 6.04 നാണു വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് റോവറും ലാൻഡറും ഉറക്കമായത്. സൂര്യൻ ഉദിക്കുമ്പോൾ, പ്രകാശം കിട്ടുന്നവിധം ലാൻഡറിന്റെയും റോവറിന്റെയും സൗരോർജ്ജ പാനലുകൾ ക്രമീകരിച്ചിരുന്നു. സൂര്യപ്രകാശം ഇല്ലാതായതോടെ ഏതാണ്ട് മൈനസ് 180 ഡിഗ്രി സെൽഷ്യസെന്ന കൊടുംതണുപ്പിലാണ് ലാൻഡറും, റോവറും കഴിഞ്ഞത്.

റീചാർജിങ് വിജയകരമായാൽ, ദൗത്യത്തിന്റെ ആയുസ് വീണ്ടും കൂടും. കൂടുതൽ സാമ്പിളുകൾ എടുത്ത് ചാന്ദ്രപര്യവേക്ഷണം തുടരാൻ കഴിയും.