നിയും മരിക്കാത്ത ഭൂമിയുടെ ആസന്നമൃതിയിൽ ദുഃഖിച്ച് ഭൂമിക്കായി ഒരു ചരമഗീതം എഴുതി വെച്ചിട്ടാണ് മലയാളത്തിന്റെ പ്രിയ കവി ഒ. എൻ. വി കുറുപ്പ് നമ്മെ വിട്ടു പിരിഞ്ഞത്. ആ കവി ഹൃദയത്തെ നിർത്താതെ വേട്ടയാടിയ ഭൂമിയുടെ മരണം എന്ന പേടിസ്വപ്നം യാഥാർത്ഥ്യമായേക്കും എന്നാണ് നാസയുടെ പുതിയ കണ്ടുപിടുത്തം നമ്മോട് പറയുന്നത്. കഴിഞ്ഞ ഒർ ദശാബ്ദത്തിലേറെയായി നാസയുടെ ക്യുരിയോസിറ്റി എന്ന റോവർ നടത്തുന്ന അന്വേഷണത്തിൽ കണ്ടെത്തിയത് ചൊവ്വാ ഗ്രഹത്തിൽ 360 കോടി വർഷങ്ങൾക്ക് മുൻപ് ജീവനുണ്ടായിരുന്നു എന്നാണ്.

2021-ൽ ചൊവ്വയുടെ പ്രതലത്തിൽ ബഹുഭുജാകൃതിയിലുള്ള ചില വിടവുകൾ ക്യുരിയോസിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദമായ പരിശോധനയിലാണ് ഒരു കാലത്ത് സൂക്ഷ ജീവികൾ കഴിഞ്ഞിരുന്നതായിരിക്കാം ഇതെന്ന അനുമാനത്തിൽ ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. അതി പുരാതനമായ ഒരു താടകത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയ ഈ ദുരൂഹമായ വിടവുകൾ നൽകുന്ന സൂചന, ഇന്ന് ഭൂമിയിൽ നാം അനുഭവിക്കുന്നതുപോലെ വരണ്ടതും ഈർപ്പം നിറഞ്ഞതുമായ കാലാവസ്ഥാ ചക്രം ചൊവ്വയിലും നിലനിന്നിരുന്നു എന്നാണ്.

അത്തരം കാലാവസ്ഥാ ചക്രങ്ങൾ, കാർബൺ അധിഷ്ഠിത പോളിമറുകളുടെ രൂപീകരണത്തിന് കാരണമാകും. ഓർഗാനിക് സംയുക്തങ്ങളുടെയും ഡി എൻ എയുടെ പോലും രൂപീകരണത്തിലെ അടിസ്ഥാന ശിലകളാണ് ഇത്തരം പോളിമറുകൾ. ഭൂമിയിലേതു പോലെ ക്രമമായ ഇടവേളകളിൽ വരണ്ടതും ഈർപ്പം നിറഞ്ഞതുമായ കാലാവസ്ഥകൾ മാറി മാറി ചൊവ്വയിലും വന്നിരുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ഇപ്പോൾ കണ്ടെത്തിയ വിടവുകൾ എന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതിനുപരിയായി, ഇത്തരത്തിലുള്ള കാലാവസ്ഥ ചക്രം ജീവന്റെ ഉത്പത്തിയിലേക്ക് നയിക്കുന്ന തന്മാത്രാ രൂപീകരണത്തിന് സഹായകമാണ് എന്നതാണ്.

ചൊവ്വയിൽ മനുഷ്യ ജീവിതം സാധ്യമാണോ എന്ന അന്വേഷണത്തിനായി 2011 ൽ ഫ്ളോറിഡയിലെ കേപ് കനാവെരലിൽ നിന്നായിരുന്നു ക്യുരിയോസിറ്റി യാത്ര ആരംഭിച്ചത്. രണ്ടു വർഷത്തെ പര്യവേഷണമായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും അതിന്റെ വിജയത്തെ തുടർന്ന് കാലാവധി അനന്തമായി നീട്ടുകയായിരുന്നു. രണ്ട് വർഷം മുൻപായിരുന്നു കളിമണ്ണ് നിറഞ്ഞ ഒരു പ്രതലത്തിനും കൂടുതൽ ലവണാംശമുള്ള മറ്റൊരു പ്രതലത്തിനും ഇടയിലായി ഈ പുരാതന തടാകം കണ്ടെത്തിയത്.തികച്ചും വിരുദ്ധങ്ങളായ ഈ രണ്ട് പ്രതലങ്ങളാണ് കാലാവസ്ഥ ഭേദങ്ങൾ ചൊവ്വയിൽ ഉണ്ടായിരുന്നു എന്ന അനുമാനത്തിലേക്ക് വഴി തെളിച്ചത്.

എന്നാൽ, എങ്ങനെയാണ് ഈ കാലാവസ്ഥാ ചക്രം ഇല്ലാതെയായത് എന്ന് ഇതുവരെ സംശയരഹിതമായി മനസ്സിലാക്കാൻ ആയിട്ടില്ല. ഇന്നുള്ളതിനേക്കാൾ കൂടിയ ചൂടായിരുന്നു അന്നെന്നും, അതായിരിക്കാം ഒരു കാരണമെന്നും ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.