കോഴിക്കോട്: ഭൂമിയുടെ കേന്ദ്രം മക്കയിലെ കഅബയാണെന്ന് പറഞ്ഞുകൊണ്ടുള്ള ചില ഓഡിയോകൾ വാട്സാപ്പിൽ പ്രചരിക്കുന്ന കാലമാണിത്. പല ഇസ്ലാമിക ഗ്രൂപ്പുകളും ഇതേകാര്യം പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കയാണ് സ്വതന്ത്രചിന്തകനും ശാസ്ത്രകാരനുമായ ശാസ്ത്രലോകം ബൈജുരാജ്. തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിൽ ബൈജുരാജ് ഇങ്ങനെ പറയുന്നു.

'കഴിഞ്ഞ ദിവസം വാട്സാപ്പിൽ ഒരാൾ ചോദിച്ച സംശയം ആണിത്. മക്കയാണോ ഭൂമിയുടെ കേന്ദ്രം എന്ന്. നമുക്ക് ആദ്യം ആ മെസേജ് ഒന്ന് നോക്കാം. 'ഹലോ നമസ്‌ക്കാരം. ഞാൻ നിങ്ങളുടെ ഒരുപാട് വീഡിയോകൾ കാണാറുണ്ട്. ചില അറിവുകൾ നിങ്ങൾ പറയുമ്പോഴാണ് ഞങ്ങൾ ആ വഴിക്ക് ചിന്തിച്ച് തുടങ്ങാറുള്ളത്. അഭിനന്ദനങ്ങൾ. ഇപ്പോൾ ഞാൻ വാട്സാപ്പിൽ വരാനുള്ള കാരണം പറയാം. ഞാൻ ഒരു ഇസ്ലാംമത വിശ്വാസിയാണ്. ഞങ്ങളുടെ ആരാധാനാലയങ്ങളെല്ലാം കേന്ദ്ര ബിന്ദുവാക്കുന്നത് മക്കയിലെ കഅബയാണ്. ഞങ്ങളുടെ പല ക്ലാസുകളിലും, കഅബയുടെ സ്ഥാനം, ഭൂമിയുടെ മധ്യത്തിൽ ആണെന്ന് പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. ഉരുണ്ടഭൂമിയിൽ ഒരു മധ്യഭാഗം എന്നതിന് പ്രസക്തിയുണ്ടോ എന്ന് പലതവണ ചിന്തിച്ച് പോയിട്ടുണ്ട്. എന്നാൽ സമീപകാലത്ത് അക്ഷാംശ രേഖാംശങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, ഈ പറഞ്ഞത് സത്യമാണെന്ന് കേൾക്കുകയുണ്ടായി. ആ സമയത്ത് എനിക്ക് ആദ്യം മനസ്സിൽ വന്നത് താങ്കളുടെ സംസാരവും ചാനലുമാണ്. അതിനാൽ ഇതേക്കുറിച്ച് ഒന്ന് പഠിച്ചു പറഞ്ഞാൽ നന്നാവുമായിരുന്നു. ''- ഇങ്ങനെയാണ് ആ മെസേജ്.

ഒരു ഗോളത്തിന്റെ കേന്ദ്രം എവിടെ?

തുടർന്ന് ബൈജുരാജ് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. 'ആദ്യമേ പറയട്ടേ, ഇത് മതവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് അല്ല. ഇത് തീർത്തും ശാസ്ത്രീയമായിട്ട് മാത്രം കാണുക. നമ്മൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട് ഭൂമിക്ക് ഗോളാകൃതിയാണെന്ന്. ഭൂമി ഗോളം അഥവാ ഏകദേശം ഒരു പന്തിന്റെ ആകൃതിയാണ്. ഒരു ഗോളത്തിന്റെ സെന്റർ എന്ന് പറയുന്നത് അതിന്റെ ഉൾഭാഗത്താണ്. പുറമെയല്ല. ഇതിന് ജിയോഗ്രാഫിക്കൽ സെന്റർ അഥവാ, ജ്യോമട്രിക്കൽ സെന്റർ എന്നെല്ലാം പറയും. ഏകദേശം 6,400 കിലോമീറ്റർ ഉൾഭാഗത്താണ് ഭൂമിയുടെ കേന്ദ്രം. അത് നമുക്ക് കണ്ണുകൊണ്ട് കാണാൻ കഴിയില്ല.

ഇനി കണ്ണുകൊണ്ട് കാണാൻ കഴിയുന്ന രീതിയിൽ ഭൂമിയുടെ പുറം ഭാഗത്ത് ഒരു സെന്റർ വേണമെന്ന് ഉണ്ടെങ്കിൽ, അത് എവിടെ ആയിരിക്കും. ഞാൻ ഇപ്പോൾ ഉള്ളത് യുഎഇയിൽ ആണ്. എവിടെ ആയാലും അയാൾ നിൽക്കുന്ന ഭാഗം കൃത്യമായി മുകളിലേക്ക് വരത്തക്ക രീതിയിലാണ് നിൽക്കുക. അങ്ങനെ നിൽക്കുമ്പോൾ ആ ഭാഗം തന്നെയാണ് ഭൂമിയുടെ ഉപരിതലത്തിലെ കേന്ദ്രം.

കുറേ നാൾ മുന്നേ ഒരാൾ വാട്സാപ്പിൽ ഒരു മെസേജ് അയച്ചിരുന്നു. അയാൾ പറയുകയാണ് കരയാണ് കടലിനേക്കാൾ താഴ്ന്ന് ഇരിക്കുന്നത് എന്നാണ്. കാരണം അയാൾ കടലിൽ മീൻപിടിക്കാൻ പോയി തിരിച്ചുവരുന്ന സമയത്ത് കരയെല്ലാം, താഴ്ഭാഗത്തായിട്ടായിരിക്കും കാണുക. ഉദാഹരണമായി നമ്മൾ മറൈൻ ഡ്രൈവിൽ നിന്ന് ഏകദേശം പത്തുകിലോമീറ്റർ കടലിലേക്ക്, പോവുകയാണ് എന്ന് വിചാരിക്കുക. അവിടെനിന്ന് കൊച്ചി ഭാഗത്തേക്ക് നോക്കുന്ന ഒരാൾക്ക്, കൊച്ചിയിൽ പത്തുനിലയുള്ള കെട്ടിടങ്ങൾ എല്ലാം ഏഴുനിലയായിട്ടാണ് കാണുക. കൊച്ചിയിൽ മൂന്ന് നിലയുള്ള കെട്ടിടം കാണുവാനും സാധിക്കില്ല. നാലു നില മുതൽ മുകളിലേക്കുള്ള ഭാഗമാണ് നിങ്ങൾക്ക് കാണാൻ കഴിയുക. അതുകാരണമാണ് അയാൾ അങ്ങനെ പറഞ്ഞത്. കരയെല്ലാം താണിരിക്കയാണെന്ന്.

മുൻഭാഗവും വലതുഭാഗവും താഴ്ന്ന വരുന്ന രീതിയിലാണ് അയാൾക്ക് കടൽ കാണാൻ കഴിയുക. ഇടതുഭാഗത്തേക്ക് നോക്കിയാലും കടൽ താണുവരും. പിന്നോട്ട് നോക്കിയാലും കടൽ താണുവരും. അപ്പോൾ അയാൾ നിൽക്കുന്ന ഭാഗമാണ് ഭൂമിയുടെ എറ്റവും മുകളിലുള്ള ഭാഗം. മറ്റുഭാഗങ്ങൾ എല്ലാം താഴെയാണ്. അതിനാൽ ഭൂമിയുടെ കേന്ദ്രം അഥവാ മുകൾഭാഗം എന്ന് പറയുവാൻ കഴിയുക നമ്മൾ നിൽക്കുന്ന ഭാഗമാണ്. നമ്മൾ ഓരോരുത്തരും നിൽക്കുന്ന ഭാഗമാണ് ഭൂമിയുടെ കേന്ദ്രം. യുഎഇയിൽ നിൽക്കുന്ന ഞാൻ ആയാലും, കേരളത്തിൽ നിൽക്കുന്ന മറ്റൊരാൾ ആയാലും, അമേരിക്കയിൽ നിൽക്കുന്ന, മറ്റൊരാൾ ആയാലും അവർ ഓരോരുത്തരുമാണ് ഭുമിയുടെ മുകൾഭാഗത്തുള്ളത്, അല്ലെങ്കിൽ കേന്ദ്രത്തിൽ ഉള്ളത്.

അതുകാരണം തന്നെ മക്ക അല്ലെങ്കിൽ ലോകത്തിലെ ഏതെങ്കിലും ഒരു സ്ഥലം അല്ല ഭൂമിയുടെ കേന്ദ്രം. ഭൂമിയുടെ യഥാർഥ കേന്ദ്രം എന്നത് ഭൂമിയുടെ ഉൾഭാഗത്താണ്. നമുക്ക് കാണുവാൻ സാധിക്കില്ല. ഇനി ഭൂമിയുടെ ഉപരിതലത്തിലെ ഒരു കേന്ദ്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അത് നമ്മൾ ഓരോരുത്തരും നിൽക്കുന്ന ഭാഗമാണ്. മറ്റൊരു കേന്ദ്രവും ഭൂമിക്കില്ല. ''- ബൈജു രാജ് വ്യക്തമാക്കുന്നു.