മോസ്‌കോ: 47 വർഷത്തിന് ശേഷം റഷ്യ നടത്തിയ ചാന്ദ്രദൗത്യം വൻ പരാജയമായി. ദൗത്യം പൂർത്തീകരിക്കുന്നതിന് മുമ്പ് ലൂണ 25 പേടകം തകർന്നു വീണും. ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാൻ 3നൊപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യൻ ബഹിരാകാശ പേടകമാണ് തകർന്നു വീണത്. ഇക്കാര്യം റഷ്യൻ ബഹിരാകാശ ഏജൻസി സ്ഥിരീകരിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ 'ലൂണ 25' ചന്ദ്രനിൽ തകർന്നു വീണതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്.

പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. 'അസാധാരണ സാഹചര്യം' നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജൻസി അറിയിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നാളെയാണ് ലൂണ ഇറങ്ങേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി പേടകം താഴ്‌ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്‌നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്.

അതേസമയം, ചന്ദ്ര ഗർത്തങ്ങളുടെ ലൂണ അയച്ച ആദ്യ ദൃശ്യങ്ങൾ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്.

47 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള റഷ്യയുടെ ആദ്യ ദൗത്യത്തിൽ പേടകത്തെ ബുധനാഴ്ച വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ദക്ഷിണ ധ്രുവത്തിൽ തിങ്കളാഴ്ച പേടകത്തെ ഇറക്കാൻ ലക്ഷ്യമിട്ടിരുന്ന ദൗത്യം ഈ സംഭവം കൊണ്ട് വൈകുമോ എന്ന് റോസ്‌കോസ്മോസ് വ്യക്തമാക്കിയില്ല. തങ്ങളുടെ ബഹിരാകാശ മേഖല പര്യവേക്ഷണങ്ങൾക്ക് കുതിപ്പേകാനാണ് റഷ്യ ചന്ദ്രനിലേക്ക് പേടകം അയച്ചത്. ലൂണ-25 ആണ് ഓഗസ്റ്റ് 11 ന് ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. 1976 ൽ യു എസ് എസ് ആർ ആയിരിക്കെയാണ് മോസ്‌കോയുടെ ആദ്യ ചാന്ദ്രദൗത്യം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയ ശേഷം മൂന്നു മുതൽ ഏഴുദിവസം എടുത്തായിരിക്കും താഴേക്കിറക്കം എന്നാണ് റോസ്‌കോസ്മോസ് പറഞ്ഞിരുന്നത്.

ചരിത്രത്തിൽ ആദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ബഹിരാകാശ പേടകമിറങ്ങും. ഇതുവരെ ഭൂമധ്യരേഖാ മേഖലയിലാണ് എല്ലാവരും ഇറങ്ങിയിരുന്നത്, റോസ്‌കോസ്‌മോസ് ഉദ്യോഗസ്ഥൻ അലക്‌സാണ്ടർ ബ്ലോഖിൻ പറഞ്ഞു. എന്നാൽ, ഈ പ്രതീക്ഷയെ തെറ്റുകയാണ് പേടകം തകർന്നു വീണതോടെ.

800 കിലോഗ്രാം ഭാരമുള്ള ലാൻഡറിനെ ചന്ദ്രനിലിറക്കി ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയിൽ പഠനം നടത്തുകയാണ് റഷ്യൻ പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ പഠനങ്ങൾക്കുള്ള 31 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും ലാൻഡറിലുണ്ടായിരുന്നു. സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. 1976ലാണ് ഏറ്റവും ഒടുവിൽ സോവിയറ്റ് യൂണിയൻ ചാന്ദ്രദൗത്യം നടത്തിയത്.