ന്യൂഡൽഹി: 36 ഉപഗ്രഹങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ(ഐഎസ്ആർഒ) ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (എൽ.വി എം-3) ബഹിരാകാശത്തേക്ക് കുതിച്ചു. ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാക്കളായ 'വൺ വെബി'ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ചു കൊണ്ടാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ(ഐഎസ്ആർഒ) ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (എൽ.വി എം-3) ബഹിരാകാശത്തേക്ക് കുതിച്ചിരിക്കുന്നത്.

രാവിലെ ഒമ്പതുമണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇന്ത്യയുടെ ഏറ്റവുംകരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എൽവി. മാർക്ക് ത്രീ റോക്കറ്റിന്റെ പരിഷ്‌കൃതരൂപമായ എൽ.വി എം.-3 വൺവെബിനുവേണ്ടി വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. 5805 കിലോഗ്രാംവരുന്ന ഉപഗ്രഹങ്ങളെ ഭൂമിയിൽനിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. ഒക്ടോബർ 23-നുനടന്ന ആദ്യവിക്ഷേപണത്തിൽ വൺ വെബിന്റെ 36 ഉപഗ്രഹങ്ങളെ ഐഎസ്ആർഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു.

ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സർക്കാർ വകുപ്പുകൾക്കും സ്വകാര്യ സംരംഭങ്ങൾക്കും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള ബൃഹദ്പദ്ധതിയാണ് ഇന്ത്യയിലെ ഭാരതി എന്റർപ്രൈസസിന് പങ്കാളിത്തമുള്ള വൺ വെബിന്റേത്. ഇതിനുമുമ്പുനടന്ന 17 ദൗത്യങ്ങളിലൂടെ 582 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വിന്യസിച്ചുകഴിഞ്ഞു. ഇന്നത്തെ വിക്ഷേപണത്തോടെ ഉപഗ്രഹങ്ങളുടെ എണ്ണം 618 ആയി ഉയർന്നു. ഇതോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാവുമെന്നും ഈവർഷംതന്നെ ലോകവ്യാപകമായി ഇന്റർനെറ്റ് സേവനം നൽകാൻ തുടങ്ങുമെന്നും വൺ വെബ് അധികൃതർ അറിയിച്ചു.

ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് റഷ്യയുടെ റോസ്‌കോസ്മോസുമായായിട്ടാണ് വൺവെബിന്റെ ആദ്യ കരാർ. യുക്രൈൻയുദ്ധത്തോടെ മറ്റ് യൂറോപ്യൻരാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്നാണ് വൺ വെബ് ബദൽസാധ്യതകൾ ആരാഞ്ഞത്. ഇതനുസരിച്ച് രണ്ടുഘട്ടങ്ങളിലായി 72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാർ ഐഎസ്ആർഒയ്ക്ക് നൽകുകയായിരുന്നു. ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്പെയ്‌സ് ഇന്ത്യ ലിമിറ്റഡാണ് വൺ വെബുമായി കരാറുണ്ടാക്കിയിരിക്കുന്നത്.

താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കുള്ള ഈ വിക്ഷേപണ വാഹനത്തിന്റെ എറ്റവും ഭാരമേറിയ ദൗത്യം. 5805 കിലോഗ്രാമാണ് ആകെ ഭാരം. 72 ഉപഗ്രഹങ്ങളെ ലോ-എർത്ത് ഓർബിറ്റിലേക്ക് (LEO) വിക്ഷേപിക്കുന്നതിനുള്ള ISROയുടെ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള വാണിജ്യ കരാർ പ്രകാരം നെറ്റ്‌വർക്ക് ആക്സസ് അസോസിയേറ്റ്സ് ലിമിറ്റഡ്, യുകെ (വൺവെബ് ഗ്രൂപ്പ് കമ്പനി) യുടെ രണ്ടാമത്തെ ദൗത്യമാണിത്. കമ്പനിക്ക് വേണ്ടിയുള്ള 36 ഉപഗ്രഹങ്ങളുടെ ആദ്യ സെറ്റ് 2022 ഒക്ടോബർ 23 ന് വിക്ഷേപിച്ചിരുന്നു.

36 ഉപഗ്രഹങ്ങളെ റോക്കറ്റ് 87.4 ഡിഗ്രി ചെരിവുള്ള 450 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിക്കും. വിക്ഷേപണം കഴിഞ്ഞ് പത്തൊന്പതാം മിനുട്ടിൽ ആദ്യ ഉപഗ്രഹം വേർപ്പെടും. എൽ വി എം3യുടെ ആറാമത്തെ പറക്കലാണിത്. ചന്ദ്രയാൻ-2 ഉൾപ്പെടെ തുടർച്ചയായി അഞ്ച് വിജയകരമായ ദൗത്യങ്ങൾ എൽവി എം 3-ന് ഉണ്ടെന്നും ഐ എസ് ആർ ഓ പ്രസ്താവനയിൽ പറഞ്ഞു.

ഗവൺമെന്റുകൾക്കും ബിസിനസുകൾക്കും കമ്മ്യൂണിറ്റികൾക്കുമായി കണക്റ്റിവിറ്റി പ്രാപ്തമാക്കുന്ന, ബഹിരാകാശത്ത് നിന്ന് പ്രവർത്തിക്കുന്ന ഒരു ആഗോള ആശയവിനിമയ ശൃംഖലയാണ് വൺവെബ്ബ്. ഇന്ത്യയുടെ ഭാരതി എന്റർപ്രൈസസ് ഒരു പ്രധാന നിക്ഷേപകനും ഓഹരി ഉടമയുമായി ഉള്ള കമ്പനി ലോ എർത്ത് ഓർബിറ്റ് സാറ്റലൈറ്റുകളുടെ ഒരു കൂട്ടമായിട്ടാണ് പ്രവർത്തിക്കുന്നത്.