ഗോള താപനത്തിന്റെ ദുരന്തഫലങ്ങൾ ഇതിനോടകം തന്നെ നാം അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും ക്രമം തെറ്റിയും കൂടെക്കൂടെയുമുള്ള വൻ ചുഴലിക്കാറ്റുകളും കനത്ത മഴയുമൊക്കെയായി ദുരന്തങ്ങൾ ഭൂമിയിലെക്ക് പെയ്തിറങ്ങാൻ തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് പരിസ്ഥിതി സംരക്ഷണത്തിനും ആഗോള താപനം തടയുന്നതിനും ഉന്നം വച്ചുള്ള പലപദ്ധതികളും ലോകരാഷ്ട്രങ്ങൾ ഗൗരവകരമായി ആലോചിക്കുന്നതും.

ആഗോള താപനത്തിന്റെ ഫലമായി ഭൂമിയിലെ ജാലാംശം വർദ്ധിച്ചു വരികയാണ് എന്നത് ഒരു വസ്തുതയാണ്. മഞ്ഞുപാളികൾ വർദ്ധിച്ച ചൂടിൽ ഉരുകുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. എന്നാൽ ഇപ്പോൾ, ഭൂമിയിലെ ഏറ്റവും വലിയ രണ്ട് മഞ്ഞുപാളികൾ ഉരുകുന്നതു വഴി ലഭ്യമാകുന്ന ജലംസമുദ്രത്തിൽ എത്തുക വഴി സമുദ്ര ജലനിരപ്പ് എത്ര ഉയരുമെന്ന് ശാസ്ത്രജ്ഞർ കൃത്യമായി കണക്കു കൂട്ടിയിരിക്കുകയാണ്.

ഭൂമിയിലെ ശുദ്ധജലത്തിന്റെ 99 ശതമാനവും അടങ്ങിയിരിക്കുന്നത് രണ്ട് വലിയ മഞ്ഞുപാളികളിലാണ്. ദക്ഷിണാർദ്ധഗോളത്തിലെ അന്റാർട്ടിക് മഞ്ഞുപാളിയിലും ഉത്തരാർദ്ധ ഗോളത്തിലെ ഗ്രീൻലാൻഡ് മഞ്ഞുപാളിയിലും. ഇത് രണ്ടും ഉരുകിയൊലിക്കുമ്പോൾ, 2150 ആകുമ്പോഴേക്കും സമുദ്രത്തിലെ ജലനിരപ്പ് 4.6 അടി വരെ ഉയരുമെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നത്.

തീർച്ചയായും ഭീതി ഉയർത്തുന്ന ഒരു കാര്യമാണിത്. എന്നാൽ, സമുദ്ര നിരപ്പ് ഉയരുന്നതിനുള്ള മറ്റു കാരണങ്ങൾ കൂടി കണക്കിലെടുത്താൽ ഫലം കൂടുതൽ ഭീതമായിരിക്കും എന്ന് കാണാം. ആഗോള താപനത്തിന്റെ ഫലമായി സമുദ്രങ്ങളിൽ ഒഴുകി നടക്കുന്ന മഞ്ഞുമലകളും ഉരുകുന്നുണ്ട്. ഈ ജലവും സമുദ്രത്തിൽ തന്നെയാണ് ചേരുക. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ആഗോളതലത്തിൽ സമുദ്രനിരപ്പിൽ ഉണ്ടായ ശരാശരി വർദ്ധനവ് 7.8 ഇഞ്ച് ആയിരുന്നു എന്നതോർക്കണം.

ഇതാണ് അടുത്ത ഒരു നൂറ്റാണ്ടിൽ 4.6 അടി ആയി വർദ്ധിക്കുന്നത്. ഭൂമിയെ ഏതാണ്ട് പൂർണ്ണമായും തന്നെ വെള്ളത്തിനടിയിലാക്കാൻ തക്ക ഭീകരമായ ഈ സാഹചര്യം ഒഴിവാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇതിന്റെ മുന്നോടിയായിരുന്നു 2015- ലെ പാരിസ് ഉടമ്പടി. ആഗോളതലത്തിൽ താപനിലയിൽ ഉണ്ടാകുനൻ ശരാശരി വർദ്ധനവ് 2 ഡിഗ്രിയിൽ താഴെയാക്കി നിലനിർത്തുക എന്നത് ഉദ്ദെശിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.