പ്രപഞ്ചത്തിന്റെ ചലനങ്ങൾ ഇന്നും പൂർണ്ണമായി മനസ്സിലാക്കാൻ മനുഷ്യനായിട്ടില്ല എന്നത് ഒരു വസ്തുതയാണ്. ഇനിയും എണ്ണിത്തീർക്കാത്തത്ര നക്ഷത്രങ്ങളും അവയെ ചുറ്റുന്ന എണ്ണമറ്റ ഗ്രഹങ്ങളും, ഇടക്കെപ്പഴോ വഴിതെറ്റിയ ഛിന്നഗ്രഹങ്ങളും ഉൽക്കകളുമൊക്കെ സദാ ചനലനത്തിലാണ്. വഴിതെറ്റിയെത്തിയ ഒരു ഛിന്നഗ്രഹം 66 മില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ പതിച്ചപ്പോൾ അന്യം നിന്നുപോയത് ഒരു വംശം തന്നെയായിരുന്നു, ഡിനോസറുകളുടെ.

എന്നാൽ, അത്തരത്തിൽ ഒരു ഛിന്നഗ്രഹം ഇപ്പോൾ ഭൂമിയെ ലക്ഷ്യമാക്കി എത്തിയാൽ, അതിനെ വഴിതിരിച്ച് വിടാൻ കഴിയുമെന്ന് നാസ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ എങ്ങനെ അതിനെ അതിജീവിക്കാനാകും എന്ന ആശങ്ക ഇപ്പോഴും ജനമനസ്സുകളിൽ അവശേഷിക്കുകയാണ്. പ്രത്യേകിച്ച്, അത്തരമൊരു സാഹചര്യം ഉണ്ടായേക്കും എന്ന് ചില ശാസ്ത്രജ്ഞർ എങ്കിലും വിശ്വസിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ.

ഒഴിവാക്കാൻ ആകാത്ത ഇത്തരമൊരു സാഹചര്യത്തെ അതിജീവിക്കുവാനുള്ള തയ്യാറെടുപ്പുകൾക്കായി ശാസ്ത്രലോകം അശ്രാന്ത പരിശ്രമത്തിലാണ്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ, ആദ്യ നടപടി ആ ഛിന്നഗ്രഹത്തെ നശിപ്പിക്കുക എന്നതാണ്. ഈ ഒരു ദൗത്യം ഏറ്റെടുക്കാൻ നാസ പര്യാപതമാണെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. 2000 ൽ അധികം സ്പേസ് റോക്കറ്റുകൾ ഇതിനായി സദാ തയ്യാറായി നിൽക്കുകയാണത്രെ.

2022-ൽ ആയിരുന്നു നാസ ആദ്യ ഡബിൾ ആസ്ട്രോയ്ഡ് റെ ഡൈറക്ഷൻ സിസ്റ്റം പരീക്ഷിച്ചത്. ഡാർട്ട് എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഈ സംവിധാനം ആദ്യത്തെ ഗ്രഹ പ്രതിരോധ സംവിധാനമായി വാഴ്‌ത്തപ്പെടുന്നു. മണിക്കൂറിൽ 15,000 മൈൽ വേഗതയിൽ സഞ്ചരിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബർ 26 ന് ഡാർട്ട് ഡോമിഫോറസ് എന്ന ഛിന്നഗ്രഹത്തെ അതിന്റെ പാതയിൽ നിന്നും തള്ളി മാറ്റിയതിന് ലോകം സാക്ഷ്യം വഹിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ മാർച്ച് 1 ന് ദൗത്യം പൂർണ്ണമായും വിജയകരമായിരുന്നു എന്ന് നാസ പ്രഖ്യാപിക്കുകയും ചെയ്തു. ഡിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹത്തോളം വലിപ്പമുള്ള ഒന്ന് ഇനിയും ഭൂമീയിൽ എത്താനുള്ള സാധ്യത 100 മില്യൺ മുതൽ 200 മില്യൺ വർഷങ്ങളിൽ ഒരിക്കൽ മാത്രമാണ്. എന്നാൽ, അത് തികച്ചും അസംഭവ്യമല്ല എന്നർത്ഥം. അങ്ങനെയെത്തുന്ന ഛിന്നഗ്രഹത്തെ പാത തിരിച്ചു വിടാൻ നാസയ്ക്ക് പൂർണ്ണമായും കഴിഞ്ഞില്ലെങ്കിൽ, അടുത്ത ഏറ്റവും നല്ല മാർഗ്ഗം അത് ഇടിക്കാൻ ഇടയുള്ള സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോവുക എന്നതാണ്.

കടല്ത്തീരങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ഭൂമിയുടെ 71 ശതമാനത്തോളം കടൽ ആയതിനാൽ, ഛിന്നഗ്രഹം കടലിൽ വീഴുന്നതിനാണ് കൂടുതൽ സാധ്യതയുള്ളത് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. അങ്ങനെ സംഭവിച്ചാൽ അത് കൂറ്റൻ സുനാമി തിരമാലകൾക്ക് വഴിയൊരുക്കും. സമീപത്തുള്ള ഭൂപ്രദേശത്തെ അത് അപ്പാടെ വിഴുങ്ങിയെന്നും വരാം.

ഛിന്നഗ്രഹം പതിച്ചാൽ ജീവൻ രക്ഷിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം ഭൂഗർഭ അറകളിൽ അഭയം തേടുക എന്നതാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. പക്ഷെ ഭൂമിയിൽ പതിക്കുന്ന ഛിന്നഗ്രഹം, വിഷവാതകങ്ങളും പൊടിപടലങ്ങളും അന്തരീക്ഷത്തിൽ നിറയ്ക്കും. ഇതെല്ലാം ഒഴിഞ്ഞ് പൂർവ്വസ്ഥിതിയിലാകാൻ ചിലപ്പോൾ പതിറ്റാണ്ടുകൾ എടുത്തേക്കും. അത്തരത്തിലുള്ള ബങ്കറുകളുടെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.