2046-ൽ പ്രണയദിനം ആഘോഷിക്കുമ്പോൾ, ഒരു വലിയ ദുരന്തം കൂടി ഭൂമിയെ തേടി എത്തുമെന്ന് നാസ മുന്നറിയിപ്പ് നൽകുന്നു. 2023 ഡി ഡബ്ല്യൂ എന്ന ഛിന്നഗ്രഹം ഫെബ്രുവരി 14 ന് ഭൂമിയിൽ ഇടിക്കാൻ 560 ൽ ഒന്ന് സാധ്യതയാണുള്ളത് എന്ന് നാസ പറയുന്നു. എന്നാൽ, കൃത്യമായി ഇത് എവിടെ പതിക്കുമെന്ന് പറയാൻ ആവില്ല. ഇന്ത്യൻ മഹാസമുദ്രം മുതൽ പസഫിക് സമുദ്രം വരെ ഇത് എവിടെ വേണമെങ്കിലും പതിക്കാം. ലോസ് ഏഞ്ചലസ്, ഹവായ്, വാഷിങ്ടൺ ഡി സി തുടങ്ങിയ നഗരങ്ങൾ എല്ലാം തന്നെ അപകട പരിധിയിൽ ഉൾപ്പെടുന്നു.

165 അടി വലിപ്പമുള്ള 2023 ഡി ഡബ്ല്യൂ ഭൂമിയുമായി കൂട്ടിയിടിക്കുന്നത് 114 വർഷങ്ങൾക്ക് മുൻപ് സൈബീരിയയിൽ നടന്ന ടൂൺഗസ്‌ക സംഭവത്തിന് സമാനമായ പ്രതിഭാസമായിരിക്കും എന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. വലിയൊരു ജനതയെ നശിപ്പിക്കാൻ തക്ക സ്ഫോടന ശേഷിയോടെയായിരുന്നു 160 അടി വലിപ്പമുണ്ടായിരുന്ന ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചത്. എന്നാൽ, മനുഷ്യകുലത്തിന്റെ ഭാഗ്യത്തിന് അന്ന് അത് പതിച്ചത് മനുഷ്യവാസമില്ലാത്ത വന മേഖലയിലായിരുന്നു. 80 ദശലക്ഷം മരങ്ങളായിരുന്നു അന്ന് ആ ആഘാതത്തിൽ നശിച്ചത്.

2023 ഡി ഡബ്ല്യൂ കണ്ടെത്തിയ വിവരം ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയായിരുന്നു നാസ പുറത്തുവിട്ടത്. ഇനിയും ആഴ്‌ച്ചകളോളം അതിനെ കുറിച്ച് പഠിക്കാനുണ്ടെന്നും, കുറേക്കൂടി വിവരങ്ങൾ ലഭിച്ചാൽ മാത്രമെ അതിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം മാറുകയുള്ളു എന്നും നാസ പറയുന്നു. വരും നാളുകളിലെ അതിന്റെ ഭ്രമണപഥത്തിന്റെ ദിശ മനസ്സിലാക്കാനും കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

ഇത് ഭൂമിയുമായി കൂട്ടിയിടിക്കുന്നതിനുള്ള സാധ്യതയും കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളിൽ ഏറെ മാറിമറിഞ്ഞിട്ടുണ്ട്., മാർച്ച് 1 ന് ഒരു ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞൻ കണക്ക് കൂട്ടിയത് 1,200 ൽ ഒരു സാധ്യത എന്നായിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം ഇത് 710 ൽ ഒന്നായി വർദ്ധിച്ചു എന്നും നാസ പറയുന്നു. ഇപ്പോൾ അതിനുള്ള സാധ്യത 560 ൽ ഒന്നാണ്. നിലവിൽ നാസയുടെ അപകട സാധ്യതാ ലിസ്റ്റിൽ ഏറ്റവും മുകളിലുള്ള 2023 ടോറിനോ സ്‌കെയിലിൽ 1 ൽ ആണ്. അതായത്, നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട എന്നർത്ഥം.

നിലവിലെസാഹചര്യത്തിൽ ഭൂമിക്ക് ഒരു അപകടവും സംഭവിക്കുകയില്ലെങ്കിലും ഇതിന്റെ ഭ്രമണപഥം സ്ഥിരമായ ടെലെസ്‌കോപിക് നിരീക്ഷണത്തിലായിരിക്കും. അപകട സാധ്യത വർദ്ധിക്കുന്നതിനനുസരിച്ച് ലെവൽ 0 ലേക്ക് ഇതിനെ നീക്കും. കാലാകാലങ്ങളിൽ നിരീക്ഷണ ഫലങ്ങൾ പുറത്തു വിടുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നിലവിൽ, ഭൂമിയുമായി സംഘട്ടന സാധ്യത ഇല്ലാത്ത ലെവൽ 1 ൽ ആണെങ്കിലും, സംഘട്ടനം ഉറപ്പെന്ന് സൂചിപ്പിക്കുന്ന ലെവൽ 10 ലേക്ക് ഇത് എത്താമെന്നും നാസ പറയുന്നു. ലെവൽ 3 ൽ എത്തുമ്പോൾ തന്നെ ജനങ്ങളെ വിവരം അറിയിക്കുമെന്നും നാസ അറിയിച്ചിട്ടുണ്ട്.

ഛിന്നഗ്രഹങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഭവം ഏറ്റവും അവസാനം നടന്നത് 2013 ഫെബ്രുവരി 15 ന് ആയിരുന്നു. 5 ലക്ഷം ടൺ ടി എൻ ടി ഉൾപ്പെടുന്ന സ്ഫോടനത്തിൽ ബഹിർഗമിക്കുന്ന അത്രയും ഊർജ്ജവും പേറി 60 അടി വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചു. റഷ്യൻ നഗരമായ ചെല്യാബിൻസ്‌കിൽ കനത്ത നാശം വിതച്ച ഈ ഛിന്നഗ്രഹ പതനം ഏക്ജദേശം 1600 ൽ അധികം ആളുകൾക്ക് പരിക്കുകളും ഏൽപിച്ചു. ഇതിന്റെ ഇരട്ടിയേക്കാൾ വലുതാണ് 2023 ഡി ഡബ്ല്യൂ.

എന്നാൽ, 2021 ലെ മിഷൻ ഡാർട്ട് പരീക്ഷണത്തിനു ശേഷം, ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കാതെ ഛിന്നഗ്രഹത്തിന്റെ പാത വഴിതിരിച്ചു വിടാൻ കഴിയുമെന്ന് നാസ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇതിനായി നടത്തിയ ഡബിൾ ആസ്ട്രോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) വിജയകരമായിരുന്നു.