ലത്തിന്റെ ഉത്ഭവം എവിടെ നിന്നെന്ന ചോദ്യം ശാസ്ത്രജ്ഞരെ പതിറ്റാണ്ടുകളായി അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു. പ്രപഞ്ചത്തിന്റെ ദുരൂഹമായ പാതകളിലൂടെ ജലം ഒഴുകിയെത്തിയ ദിശക്ക് എതിരായി നടന്നു നീങ്ങിയ ശാസ്ത്രലോകം ഇപ്പോൾ എത്തി നിൽക്കുന്നത് ഭൂമിയിൽ നിന്നും 1300 പ്രകാശവർഷങ്ങൾ അകലെയുള്ള ഒരു നക്ഷത്രത്തിലാണ്. ഒരുപക്ഷേ ജലത്തിന്റെ ജന്മരഹസ്യം ഇവിടെ വെളിപ്പെട്ടേക്കാം.

ഭൂമിക്ക് എങ്ങനെ ജലം ലഭിച്ചു എന്ന കോദ്യത്തിൽ പിടികിട്ടാതിരുന്ന ഒരു വള്ളി കൂടി ലഭിച്ചു എന്നു മാത്രമല്ല, നമ്മുടെ സൗരയൂഥത്തിൽ ജലം പിറവികൊണ്ടത് സൂര്യൻ ജനിക്കുന്നതിനും ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപാണെന്നും ഈ പുതിയ പഠന റിപ്പോർട്ടിൽ പറയുന്നു. ഗ്രഹങ്ങളിൽ, വാൽനക്ഷത്രങ്ങളിൽ എല്ലാം ജലത്തിന്റെ സാന്നിദ്ധ്യമുണ്ട് എന്ന് നമുക്ക് അറിയാം, ഇപ്പോൾ നടത്തുന്നത് ജലോത്പത്തിയുടെ ആദ്യ ബിന്ദുവിലേക്കുള്ള ഒരു യാത്രയാണ്, പഠനത്തിന് നേതൃത്വം നൽകുന്ന നാഷണൽ റേഡിയോ അസ്ട്രോണമി ഒബ്സർവേറ്ററിയിലെ ജോൺ ടോബിൻ എന്ന ജ്യോതിശാസ്ത്രജ്ഞൻ പറയുന്നു.

അകലെയുള്ള വി 883 ഓറിയോണിസ് എന്ന നക്ഷത്രത്തെ വലയം വെയ്ക്കുന്ന ഒരു ഗ്രഹത്തിൽ ജലത്തിന്റെ സാന്നിദ്ധ്യം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. വാതക രൂപത്തിലുള്ള ജലത്തിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. നക്ഷത്രങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്ന വാതക മേഘങ്ങളിൽ രാസമിശ്രിതമായി ഉൾക്കൊള്ളുന്ന ജലം നമ്മുടേത് പോലുള്ള ഗ്രഹങ്ങളിലേക്ക് എത്തിച്ചേരുന്നതിന്റെ രഹസ്യം ഇത് വെളിപ്പെടുത്തുന്നു എന്നാണ് ഗവേഷകർ പറയുന്നത്.

അതായത്, നമ്മുടെ സൗരയൂഥത്തിൽ സൂര്യൻ പിറവിയെടുക്കുന്നതിനു മുൻപ്, സൂര്യ ജന്മത്തിന് നിദാനമായ രാസമേഘങ്ങൾക്കുള്ളിൽ ജലം ഉണ്ടായിരുന്നു എന്നർത്ഥം. അതായത് സൂര്യൻ പിറക്കുന്നതിനും മുൻപ് ജലം ജന്മമെടുത്തു എന്ന് ചുരുക്കം. ആവശ്യത്തിന് പൊടിപടലങ്ങളും, രാസ വാതക മേഘങ്ങളും ഒരിടത്ത് ഒത്തുകൂടുമ്പോൾ, അവയുടെ സ്വന്തം ഗുരുത്വാകർഷണത്താൽ തമ്മിൽ കൂട്ടിമുട്ടുകയും നക്ഷത്രങ്ങൾ രൂപപ്പെടുകയും ചെയ്യും.

ഇതിനു ചുറ്റും അവശേഷിക്കുന്നവ ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് വാൽ നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും, ഗ്രഹങ്ങളും ഒക്കെയായി മാറുന്നു. ചിലിയിലെ അറ്റക്കാമ ലാർജ് മില്ലിമീറ്റർ അറേ (എ എൽ എം എ) ഉപയോഗിച്ചാണ് ്യൂടോബിനും സംഘവും ഈ ജലത്തിന്റെ കെമിക്കൽ സിഗ്‌നേച്ചർ അളന്നത്. അതോടൊപ്പം നക്ഷത്ര രൂപീകരണത്തിൽ പങ്കാളികളാകുന്ന മേഘക്കൂട്ടങ്ങളിൽ നിന്നും ഗ്രഹങ്ങളിലേക്കുള്ള പാതയും അവർ കണ്ടെത്തി.

സാധാരണ നമുക്ക് അറിയാവുന്നതുപോലെ ജലം എന്നത് ഒരു ഓക്സിജൻ ആറ്റവും രണ്ട് ഹൈഡ്രജൻ ആറ്റവും ചേർന്നതാണ്. എന്നാൽ, ടോബിനും കൂട്ടരും കണ്ടെത്തിയ ജലം അല്പം ഘനജലമാണ് ഇതിലെ ഒരു ഹൈഡ്രജൻ ആറ്റത്തിനു പകരമായുള്ളത് ഹൈഡ്രജന്റെ കുറേക്കൂടി ഭാരമുള്ള ഐസോടോപ് ആയ ഡ്യൂട്രിയമാണ്. വ്യത്യസ്ത സാഹചര്യങ്ങളിലാണ് ലഘു ജലവും ഘനജലവും രൂപപ്പെടുന്നത്. അതായത് ജലത്തിലെ ആറ്റങ്ങളുടെ അനുപാതത്തിൽ, സാഹചര്യത്തിനനുസരിച്ച് വ്യത്യാസങ്ങൾ ഉണ്ടാകും എന്നർത്ഥം.

നെരത്തേ സൗരയൂഥത്തിലെ ചില വാൽ നക്ഷത്രങ്ങളിൽ കണ്ടെത്തിയ ജലാംശത്തിലെ അറ്റോമിക അനുപാതം ഭൂമിയിലേതിനു സമാനമായിരുന്നു. അതായത് വാൽനക്ഷത്രങ്ങളാണ് നമ്മുടെ ഗ്രഹത്തിലേക്ക് ദ്രാവക ജലം കൊണ്ടുവന്നത്. താന്മാത്ര മേഘങ്ങളിൽ നിന്നും നക്ഷത്രമായും അതുപോലെ വാൽനക്ഷത്രങ്ങളിൽ നിന്ന് ഗ്രഹങ്ങളിലേക്കും ഉള്ള ജലത്തിന്റെ സഞ്ചാരപാത നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, നക്ഷത്രങ്ങളിൽ നിന്നും വാൽ നക്ഷത്രങ്ങളിലേക്കുള്ള പാത ഇപ്പോഴാണ് കണ്ടെത്തുന്നത്.