തിനഞ്ച് കോടി കിലോമീറ്ററുകൾക്ക് അപ്പുറത്താണെങ്കിലും സൂര്യനിലെ വിള്ളലിന്റെ പ്രഭാവം ഭൂമിയറിയും. ഏറെ കാത്തിരിക്കാനൊന്നുമില്ല, നാളെ മുതൽ തന്നെ അതിന്റെ പ്രഭാവം ഭൂമിയിൽ ദൃശ്യമാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കഴിഞ്ഞ ദിവസമായിരുനു സൂര്യനിൽ ഉണ്ടായ, ത്രികോണാകൃതിയിലുള്ള ഗർത്തത്തിന്റെ ചിത്രം നാസ പുറത്തു വിട്ടത്. ഭൂമിയേക്കാൾ 20 മടങ്ങ് വലിപ്പമുള്ളതാണ് ആ ഗർത്തം.

കൊറോണൽ ഗർത്തം എന്ന് അറിയപ്പെടുന്ന അത്തരം ഗർത്തങ്ങളാണ് സൗരക്കാറ്റുകളുടെ പ്രഭവസ്ഥാനങ്ങൾ. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ ഗർത്തത്തിൽ നിന്നും ആഞ്ഞടിക്കുക മണിക്കൂറിൽ 27 ലക്ഷം കിലോമീറ്റർ വേഗതയിലുള്ള സൗരക്കാറ്റാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ സൗരക്കാറ്റ് ഭൂമിക്ക് നേരെ എത്തിക്കൊണ്ടിരിക്കുകയാണ്. നാളെ, വെള്ളിയാഴ്‌ച്ച മുതൽ നമുക്ക് ഇതിന്റെ പ്രഭാവം അറിയാനാകുമെന്നും ശാസ്ത്രജ്ഞർ സ്ഥിരീകരിക്കുന്നു.

കൊറോണൽ ദ്വാരങ്ങൾ എന്ന, സൂര്യനിലെ തുറന്ന കാന്തിക വലയങ്ങൾ ഒരു സ്വാഭാവിക പ്രതിഭാസമാണ്. ഇതിൽ നിന്നാണ് അതിവേഗതയുള്ള സൗരക്കാറ്റ് ശൂന്യാകാശത്തേക്ക് ആഞ്ഞടിക്കുക. അന്തരീക്ഷത്തിൽ മനോഹരങ്ങളായ വർണ്ണരാജികൾ തീർത്ത് സുഖകരമായ കാഴ്‌ച്ചകൾ സമ്മാനിക്കാൻ ഇതിനാവും എന്നതിനു പുറമെ, ബഹിരാകാശത്തെ കൃത്രിമോപഗ്രഹങ്ങളെയും ഭൂമിയിലെ പവർ ഗ്രിഡുകളെയും, ജി പി എസ് സിസ്റ്റത്തെയുമൊക്കെ പ്രതികൂലമായി ബാധിക്കാനും ഇതിനാകും.

സൂര്യൻ തുടർച്ചയായി തന്നെ ചൂടുള്ള വാതകങ്ങൾ പുറത്തേക്ക് വിട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറിയ പങ്കും ഇലക്ട്രോണുകളും പ്രോട്ടോണുകളുമായിരിക്കും ഇതിനെയാണ് സൗരക്കറ്റ് എന്ന് അറിയപ്പെടുന്നത്. സൂര്യൻ പരിക്രമണം ചെയ്യുന്നതിനാൽ അതിന്റെ ധ്രുവങ്ങളിലായി കാന്തിക വലയം ഉണ്ടായിരിക്കും. ഇതിലെ തുറന്ന ഭാഗങ്ങളാണ് കൊറോണൽ ദ്വാരങ്ങൾ എന്നറിയപ്പെടുന്നത്., ഇതിലൂടെയാണ് സൗരക്കാറ്റ് സൂര്യന്റെ അന്തരീക്ഷത്തിനു പുറത്തേക്ക് കടക്കുന്നത്.

സാധാരണ ഗതിയിൽ സൂര്യനിൽ നിന്നും പുറപ്പെടുന്ന സൗരക്കാറ്റിന്റെ പതിന്മടങ്ങിലധികം വേഗതയിലായിരിക്കും കൊറോണൽ ദ്വാരത്തിലൂടെ പുറത്തു വരുന്ന കാറ്റ് വീശുക. മാത്രമല്ല, സൗരക്കാറ്റിൽ ചാർജ്ജ് വഹിക്കുന്ന കണികകൾ ഏറെയുള്ളതിനാൽ അതിന് കാന്തിക സ്വഭാവവും ഉണ്ടായിരിക്കും. ഇത് ഭൂമിയുടെ മാഗ്‌നെറ്റൊസ്ഫിയരിൽ പ്രശ്നങ്ങൾക്ക് കാരണമാകും. ഭൂമിയുടെ കാന്തിക വലയത്തിന്റെ പ്രഭാവം നിലനിൽക്കുന്ന സ്ഥലമാണ് മാഗ്‌നെറ്റൊസ്ഫിയർ.

സൗരക്കാറ്റ് എത്തുമ്പോൾ അത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ധാരാളം ഊർജ്ജം പ്രസരണം ചെയ്യുന്നു. ഇത്തരത്തിൽ സൂര്യനിൽ നിന്നെത്തുന്ന കാന്തിക ഊർജ്ജതരംഗങ്ങളെ വലിയൊരു പരിധിവരെ പ്രതിരോധിക്കുന്നത് ഭൂമിയുടെ കാന്തിക വലയമാണ്. എന്നാൽ, ഇത്രയും അമിതവേഗത്തിൽ സൗരക്കാറ്റ് ആഞ്ഞടിക്കുമ്പോൾ അതിനെ പൂർണ്ണമായും പ്രതിരോധിക്കാൻ ഭൂമിയുടെ കാന്തിക വലയത്തിനായെന്നിരിക്കില്ല.

ഈ കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക, വിവിധ കൃത്രിമോപഗ്രഹങ്ങളെ ആയിരിക്കും. പല ഇലക്ട്രോണിക് സംവിധാനങ്ങളെയും ഇത് മാറ്റി മറിക്കുകയോ പൂർണ്ണമായും നശിപ്പിക്കുകയോ ചെയ്തേക്കാം. മാത്രമല്ല, വാരാന്ത്യമാകുമ്പോഴേക്കും ഭൂമിയിലെ ജി പി എസ് സിസ്റ്റങ്ങളിൽ പലപല പ്രശ്നങ്ങൾ ഉണ്ടായേക്കാം. മുൻപ് 1859-ൽ വളരെ വ്യാപ്തിയുള്ള ഒരു കാന്തിക മേഘക്കാറ്റ് സൂര്യനിൽ നിന്നും ഭൂമിയിൽ എത്തുകയുണ്ടായി. അത് അന്നത്തെ ആശയവിനിമയ ഉപാധികളെ മൊത്തം നശിപ്പിച്ചിരുന്നു. അത്രയും വ്യാപ്തിയുള്ള കാറ്റാണ് എത്തുന്നതെങ്കിൽ അതു തന്നെ പ്രതീക്ഷിക്കാം എന്നാണ് ശാസ്ത്ര ലോകം പറയുന്നത്.