ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിയെ വിലയിരുത്തി 1990 കളിൽ പലരും പ്രവചിച്ചിരുന്നത് ഈ സമയമാകുമ്പോഴേക്കും, അതായത് 2020 കളിൽ നമ്മൾ വെള്ളത്തിനടിയിലായിരിക്കും ജീവിക്കുക എന്നും പറക്കുന്ന കാറുകളിലായിരിക്കും സഞ്ചരിക്കുക എന്നുമായിരുന്നു. എന്നാൽ, വർത്തമാനകാല വിദഗ്ദ്ധർ പ്രവചിക്കുന്നത് തീർത്തും വിചിത്രവും കുറെയേറെ ഭയപ്പെടുത്തുന്നതുമായ കാര്യങ്ങളാണ്.

സാങ്കേതിക രംഗത്തെ പ്രമുഖരുമായി ഡെയ്ലി മെയിൽ 2050 ലെകാര്യം സംസാരിച്ചപ്പോൾ അവരിൽ പലരും പറഞ്ഞത് അപ്പോഴേക്കും നിർമ്മിത ബുദ്ധി മനുഷ്യരെ അടിമകളാക്കിയിട്ടുണ്ടാകും എന്നാണ്. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്തിന്റെ വലിയൊരു ഭാഗം താമസയോഗ്യമല്ലാതെയാകുമെന്നും അവർ പറയുന്നു. അന്യഗ്രഹ ജീവികളുമായി സമ്പർക്കം ഉണ്ടാകും എന്നു തുടങ്ങി നിരവധി വിചിത്രങ്ങളായ പ്രവചനങ്ങൾ അക്കൂട്ടത്തിലുണ്ട്.

അതിൽ ഏറ്റവും അധികം ഭയപ്പെടുത്തുന്നത് നിർമ്മിത ബുദ്ധിയെ കുറിച്ചുള്ള പ്രവചനം തന്നെയാണ്. ഇപ്പോൾ തന്നെ പലരും അഭിപ്രായപ്പെടുന്നത് നിർമ്മിത ബുദ്ധിയുടെ വികാസം മനുഷ്യന്റെ തൊഴിലവസരങ്ങൾ ഇല്ലാതെയാക്കും എന്നാണ്. എന്നാൽ നിർമ്മിത ബുദ്ധിയുടെ കളി ഇതുകൊണ്ടൊന്നും അവസാനിക്കില്ല എന്ന് ചില സാങ്കേതിക വിദഗ്ദ്ധർ പറയുന്നു. ഹ്രസ്വകാലാടിസ്ഥാനത്തിൽ സാങ്കേതിക വിദ്യയെ മഹത്വത്ക്കരിക്കുന്നവർ ദീർഘകാലാടിസ്ഥാനത്തിൽ അത് വരുത്തുന്ന അപകടം മനസ്സിലാക്കുന്നില്ല എന്നാണ് ഒരു പരസ്യ കമ്പനിയിലെ സ്ട്രാറ്റജി ഓഫീസർ ആയ ജോർജ്ജ് സ്റ്റാക്കോവ് പറയുന്നത്.

ഇപ്പോൾ നിർമ്മിത ബുദ്ധിയുടെ വികാസം നഷ്ടപ്പെടുത്തുന്ന വൈറ്റ് കോളർ ജോലികളെ കുറിച്ചു മാത്രമാണ് നമ്മൾ വിലപിക്കുന്നത് എന്നാൽ, 2050 ആകുമ്പോഴേക്കും ഈ സാങ്കേതിക വിദ്യ മനുഷ്യരെ അടിമകളാക്കി മാറ്റിയിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഇക്കാലയളവിൽ ഉണ്ടാകുന്ന മറ്റൊരു മാറ്റം മനുഷ്യർ തങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ ശരീരത്തിൽ ചിപ്പുകൾ ഘടിപ്പിച്ചു തുടങ്ങും എന്നതാണ്.

ഒരു സാങ്കേതിക പി ആർ സ്ഥാപനമായ ഗാലിയം വെഞ്ചർ സ്ഥാപക ഹീതർ ദെലനി പറയുന്നത് ഇത് അവരവരുടെം ആരോഗ്യ സ്ഥിതി സ്ഥിരമായി നിരീക്ഷിക്കാൻ മനുഷ്യരെ സഹായിക്കും എന്നതാണ്. ഇപ്പോൾ തന്നെ അവർ തന്റെ കൈയിൽ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. അത് വാതിൽ തുറക്കാനും ആളുകളെ തന്റെ കമ്പനി വെബ്സൈറ്റുമായും സമൂഹമാധ്യമ അക്കൗണ്ടുകളുമായും ബന്ധിപ്പിക്കാനും സഹായിക്കുന്നു എന്നും അവർ പറയുന്നു.

മാത്രമല്ല, നിർമ്മിത ബുദ്ധി ഏകോപിപ്പിച്ച കണ്ണടകളും രംഗത്ത് എത്തു. അത് ധരിക്കുന്ന ആളോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുക ഈ കണ്ണടകളായിരിക്കും. മറ്റൊരു വിചിത്രമായ മുന്നറിയിപ്പ്, ബുദ്ധിശാലികളായ അന്യഗ്രഹ ജീവികളുമായി 2050 ആകുമ്പോഴേക്കും മനുഷ്യർ സമ്പർക്കം ഉണ്ടാക്കും എന്നതാണ്. 2036 ആകുമ്പോഴേക്കും അവരുമായുള്ള ബന്ധത്തിന് തുടക്കമാകും.

അതീവ ഖേദകരമായ കാര്യം 2050 ആകുമ്പോഴേക്കും ഭൂമിയിലെ വലിയൊരു ഭാഗം ജനാവാസത്തിന് യോഗ്യമല്ലാതായി മാറും എന്നതാണ്. തെക്കൻ ഏഷ്യ, പേർഷ്യൻ ഉൾക്കടൽ, ചെങ്കടൽ എന്നിവ ഇതിൽ ഉൾപ്പെടും. 2070 ആകുമ്പോഴേക്കും ബ്രസീലും ചൈനയും ഈ വിഭാഗത്തിൽ പെടും. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമാണ് ഇതിന് കാരണമാകുന്നത്. താപനിലയും ആർദ്രതയും ഒരുപോലെ വർദ്ധിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ആർദ്രത അഥവ ഹ്യൂമിഡിറ്റി കുറവാണെങ്കിൽ മനുഷ്യർക്ക് 50 ഡിഗ്രി സെൽഷ്യസ് താപനില വരെ അതിജീവിക്കാനാകും എന്നാൽ ഉയർന്ന ഹ്യൂമിഡിറ്റിയിൽ അത് സാധ്യമല്ല. അതീവ ആരോഗ്യമുള്ളവർ പോലും മണിക്കൂറുകൾക്കുള്ളിൽ മരണമടയുന്ന അവസ്ഥ സംജാതമാകും.