വാഷിങ്ടൺ: ചൊവ്വാഗ്രഹത്തിൽ, ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള നിരന്തര പരിശ്രമത്തിലാണ് അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. ചൊവ്വയിലെ കുത്തനെയുള്ള പാറക്കെട്ടുകളുടെ മുകളിൽ നിന്നു സെൽഫി ചിത്രങ്ങളെടുത്ത് നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റി നമ്മളെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ വിചിത്രമായ ഒരു ചിത്രം ചൊവ്വയിൽ നിന്ന് എടുത്തിരിക്കുകയാണ് ക്യൂരിയോസിറ്റി.

കാറിന്റെ ആകൃതിയിലുള്ള പേടകം ആറു ചക്രത്തിൽ ഓടിനടന്നാണ് ചൊവ്വയെ പഠിക്കുന്നത്. ചൊവ്വയിലെ ഗെയിൽ എന്ന ഗർത്തത്തിലാണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. 150കിലോമീറ്ററോളം വലിപ്പമുള്ള ഈ ഗർത്തം ഒരു കാലത്ത് തടാകമായിരുന്നുവെന്നാണ് കരുതുന്നത്.  ഈ ഗർത്തത്തിലെ മുള്ളുകൾ പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു പാറയുടെ ദൃശ്യമാണ് ക്യൂരിയോസിറ്റി നമുക്കായി സമ്മാനിക്കുന്നത്.

ഏപ്രിൽ ഒന്നിന് ക്യൂരിസോസിറ്റിയുടെ ക്യാമറകൾ എടുത്തതാണ് ചിത്രം. ഒരുദേവദാരു മരത്തിന്റെ ചില്ല പോലെയോ മീനിന്റെ അസ്ഥി പോലെയൊ എന്നൊക്കെയാണ് ചിലർ ഇതിനെ താരതമ്യപ്പെടുത്തുന്നത്.

2012ൽ ചൊവ്വയിൽ ഇറങ്ങിയ പര്യവേക്ഷണ പേടകമാണ് ക്യൂരിയോസിറ്റി. 2015ൽ ക്യൂരിയോസിറ്റി പങ്കുവച്ച ഡാറ്റയുപയോഗിച്ചുള്ള പഠനത്തിൽ ഏറെക്കാലം ചൊവ്വയിൽ തടാകങ്ങളും മറ്റും ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ക്യൂരിയോസിറ്റി ഇറങ്ങിയത് ഏതാണ്ട് മുന്നൂറ്റമ്പത് കോടി വർഷങ്ങൾക്കു മുൻപ് ഒരു ഉൽക്ക ഇടിച്ചുണ്ടായ ഗർത്തത്തിൽ ആണെന്നാണ് കരുതുന്നത്. ചൊവ്വയിൽ വെള്ളംഒ ഴുകിയിരുന്നുവെന്നാണ് ക്യൂരിയോസിറ്റി പങ്കിട്ട ഡാറ്റ പഠനത്തിൽ നിന്ന് തെളിഞ്ഞത്. മണ്ണ് പരിശോധനയിൽ, സൂക്ഷ്മജീവികൾക്ക് വളരാൻ സാധ്യതയുള്ള മണ്ണായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വയിലെ കാലാവസ്ഥയും ഭൂമിശാസ്ത്രവും ഒക്കെ പഠിക്കുകയും, ഒപ്പം മനുഷ്യന്റെ നേരിട്ടുള്ള പര്യവേക്ഷണത്തിന് കളമൊരുക്കുകയും ആണ്‌ ക്യൂരിയോസിറ്റിയുടെ ദൗത്യം. വഴിയിൽ കാണുന്ന വിചിത്ര രൂപങ്ങൾ എല്ലാം പകർത്തി അയയ്ക്കുകയാണ് ആൾ. 20 വർഷത്തെ ചൊവ്വ പര്യവേക്ഷണത്തിനിടെ ഏറ്റവും വിചിത്രമായ പാറയാണ് താൻ നിരീക്ഷിക്കുന്നതെന്ന് ആസ്‌ട്രോ ബയോളജിസ്റ്റായ നതാലി എ കബ്രോൾ ട്വീറ്റ ചെയ്തു. ചൊവ്വയിലെ ശക്തമായ കാറ്റിൽ പാറ പൊടിഞ്ഞുപോയതിന്റെ അവശിഷ്ടങ്ങളാവാം കാണുന്നതെന്നും ചിലർ പറയുന്നു.