നാസയുടെ പ്രവർത്തനരഹിതമായ ഒരു ഉപഗ്രഹം ഏത് നിമിഷവും ഭൂമിയിൽ പതിച്ചേക്കാം എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഒരു ഷിപ്പിങ് കൺടെയ്നറിന്റെ വലിപ്പവും 275 കിലോഗ്രാം ഭാരവുമുള്ള ഈ കൃത്രിമോപഗ്രഹം പക്ഷെ ആളുകളെ കൊല്ലാനുള്ള സാധ്യത 2500 ൽ ഒന്ന് മാത്രമാണെന്നും അവർ പറയുന്നു. ഭൗമാന്തരീക്ഷത്തിലേക്ക് ഈ മൃത ഉപഗ്രഹം പ്രവേശിക്കുന്നത് എവിടെ എന്നത് ഇനിയും പുറത്തു വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ നിരവധി ഊഹോപോഹങ്ങളും പരക്കുന്നുണ്ട്.

ഇതിന്റെ അവശിഷ്ടങ്ങൾ തെക്കെ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ എവിടെ വേണമെങ്കിലും പ്രവേശിക്കാം എന്നാണ് നാഷണൽ സെക്യുരിറ്റി സ്പേസ് പ്രോഗ്രാം ആയ എയ്‌രോസ്പേസ് പറയുന്നത്. 75 ശതമാനവും സാധ്യത അവശിഷ്ടങ്ങൾ കടലിൽ പതിക്കുവാൻ തന്നെയാണെന്ന് നാസ പറയുന്നു. എന്നാൽ, കരയിൽ പതിക്കുന്നതിനുള്ള സാധ്യത നാസ തള്ളിക്കളയുന്നുമില്ല. അതിനിടയിൽ ഇതിന്റെ ചില അവശിഷ്ടങ്ങൾ യുക്രെയിൻ തലസ്ഥാനമായ കീവിൽ പതിച്ചതായ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

രാത്രി ആകാശത്ത് ഒരു അഗ്‌നി ഗോളം പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതായി പലരും അവകാശപ്പെടുന്നുമുണ്ട്. എന്നാൽ, അത് നാസയുടെ ഉപഗ്രഹമോ ശൂന്യാകാശത്തു നിന്നും പതിച്ച ഏതെങ്കിലും വസ്തുവോ അല്ല എന്ന് ജ്യോതിശ്ശാസ്ത്രജ്ഞനും ഹാർവാർഡ് സ്മിത്സോണിയൻ സെന്റർ ഫോഫ്ര് അസ്ട്രോഫിസിക്സിലെ അസ്ട്രോഫിസിസിസ്റ്റുമായ ജോനാഥൻ മെക്ഡൊവൽ പറയുന്നു. ഒന്നുകിൽ ഒരു ഉൽക്കയോ അല്ലെങ്കിൽ റഷ്യൻ മിസൈൽ ആക്രമണമോ ആകാം അത് എന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ പ്രവർത്തന രഹിതമായിരിക്കുന ഉപഗ്രഹം 2002 ഫെബ്രുവരി 5 ന് ആയിരുന്നു വിക്ഷേപിച്ചത്. സൗരജ്ജ്വാലകൾ നിരീക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ ദൗത്യം. ഈ ഉപഗ്രഹവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതോടെ 2018-ൽ നാസ ഇതിനെ പ്രവർത്തന രഹിതമാക്കുകയായിരുന്നു. എയ്റോസ്പേസിന്റെ ഏറ്റവും അവസാനം പുറത്തുവിട്ട റീ എൻട്രി പ്രൊജക്ട് മാപ്പിൽ ഇതിന്റെ സ്ഥാനം വടക്ക് പടിഞ്ഞാറൻ ഇന്ത്യക്ക് മുകളിൽ ആയിരുന്നു.

ഏതായാലും എൽപിച്ച ദൗത്യം പൂർണ്ണമായും പൂർത്തിയാക്കി തന്നെയാണ് ഈ ഉപഗ്രഹത്തിന്റെ മടക്കം. അതിലെ ഇമേജിങ് സ്പെക്ടോമീറ്ററിന്റെ സഹായത്താൽ സൂര്യനിൽ നിന്നുള്ള എക്സ് രശ്മികളേയും ഗാമ രശ്മികളേയും ഇത് റെക്കോർഡ് ചെയ്തിരുന്നു. അതിനു മുൻപായി സൗരജ്ജ്വാലയുടെ എക്സ്‌റേ ചിത്രങ്ങൾ എടുത്തിരുന്നില്ല. ഇത് നൽകിയ വിവരങ്ങൾ സൗരജ്ജ്വാലയുടെ പല രഹസ്യങ്ങളിലേക്കും വെളിച്ചം വീശുന്നതുമായിരുന്നു.