ളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഇന്ന് സംഭവിക്കാൻ പോകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളേയും പൂർണ്ണമായ അന്ധകാരത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഹൈബ്രിഡ് സൂര്യഗ്രഹണം നടക്കുകയാണ്. ഇന്ന്.

ചന്ദ്രൻ പൂർണ്ണമായും സൂര്യനെ മറയ്ക്കുമ്പോഴാണ് പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. എന്നാൽ, സൂര്യന്റെ മധ്യഭാഗം മാത്രം മൂടുകയും, പുറത്തെ വലയം ദൃശ്യമാവുകയും ചെയ്യുന്നതിനെ വാർഷിക സൂര്യഗ്രഹണം അഥവാ ആനുലർ എക്ലിപ്സ് എന്ന് പറയുന്നു. ഇത് രണ്ടും ഒരുമിച്ച് സംഭവിക്കുന്നതാണ് ഹൈബ്രിഡ് സൂര്യ ഗ്രഹണം.

ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നു നോക്കുമ്പോൾ, സൂര്യന്റെ വ്യത്യസ്ത തോതിലുള്ള ഭാഗങ്ങളെ മറയ്ക്കുന്ന ഇത്തരം ഹൈബ്രിഡ് സൂര്യഗ്രഹണങ്ങൾ 10 വർഷത്തിൽ ഒരിക്കൽ മാത്രമാണ് നടക്കുക. ചില സ്ഥലങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കുമ്പോൾ മറ്റു ചിലയിടങ്ങളിൽ വാർഷിക സൂര്യഗ്രഹണമായിരിക്കും സംഭവിക്കുക. അതായത്, ചന്ദ്രൻ സൂര്യനേക്കാൾ അല്പം ചെറുതായി കാണപ്പെടുകയും, അതിനു ചുറ്റുമായി സൂര്യന്റെ ഒരു പ്രകാശ വലയം ദൃശ്യമാവുകയും ചെയ്യും.

ഗ്രീൻവിച്ചിലെ റോയാൾ ഒബ്സർവേറ്ററി പറയുന്നത് ഭൂമദ്ധ്യരേഖയോട് സമീപത്തുള്ള ചില പ്രദേശങ്ങളിലും ദക്ഷിണാർദ്ധഗോളത്തിലും മാത്രമെ ഇത് ദൃശ്യമാവുകയുള്ളു എന്നാണ്. ബ്രിട്ടനിലോ അമേരിക്കയിലോ ഇത് ദൃശ്യമാവുകയില്ല. പടിഞ്ഞാറൻ ആസ്ട്രേലിയയിൽ ഉള്ളവർക്കും തെക്കൻ ഏഷ്യയിൽ ഉള്ളവർക്കും ഇത് പ്രാദേശിക സമയം രാവിലെ 11.30 മുതൽ കാണാൻ ആകും. സമ്പൂർണ്ണ സൂര്യഗ്രഹണം കാണാൻ ആഗ്രഹിക്കുന്ന, ലോകത്തിന്റെ മറ്റിടങ്ങളിൽ ഉള്ളവർക്കായി ആസ്ട്രേലിയയിൽ പെർത്തിൽ നിന്നും നാസ ഒരു തത്സമയ സംപ്രേഷണം നടത്തുന്നുണ്ട്.

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് സമയം വ്യാഴാഴ്‌ച്ച രാവിലെ 3.30 ന് ആയിരിക്കും ഇത്. പ്രേക്ഷകർക്ക് നാസ ശാസ്ത്രജ്ഞന്മാരോട് സംശയങ്ങൾ ചോദിക്കുവാനുള്ള അവസരവും ഇതിൽ ഒരുക്കുന്നുണ്ട്.ഇതിനു മുൻപ് ഹൈബ്രിഡ് സൂര്യഗ്രഹണം ഉണ്ടായത് 2013 ൽ ആയിരുന്നു. അന്ന് ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ചില ഭാഗങ്ങൾ പൂർണ്ണമായും അന്ധകാരത്തിലാണ്ടിരുന്നു. ഇനിയൊരിക്കൻ ഈ പ്രതിഭാസം ദൃശ്യമാകണമെങ്കിൽ 2031 നവംബർ വരെ കാത്തിരിക്കണം.