''ഞങ്ങൾ പോകാൻ ആഗ്രഹിക്കുന്നത് ചന്ദ്രനിലേക്കാണ്...'' ജോൺ എഫ് കെന്നഡി, ചരിത്രപ്രധാനമായ ആ പ്രഖ്യാപനം നടത്തിയിട്ട് അര നൂറ്റാണ്ടിലേറെ കഴിഞ്ഞിരിക്കുന്നു. പിന്നീട് ലോകം കണ്ടത്, ബഹിരാകാശത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശക്തിപ്രകടനമായിരുന്നു. ആറ് പതിറ്റാണ്ട് മുൻപോട്ട് വന്നപ്പോൾ ആ മത്സരത്തിന് വീറും വാശിയുമേറുകയാണ്. നേരത്തെ ഇത് രണ്ട് വൻശക്തികൾ തമ്മിൽ മാത്രമുള്ള പോരാട്ടമായിരുന്നെങ്കിൽ ഇപ്പോൾ ഇന്ത്യയും, ചൈനയും അവർക്കൊപ്പം മത്സര രംഗത്ത് ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു.

എന്നാൽ, പഴയതുപോലെ ദേശീയ അഭിമാനം മാത്രമോ, സാങ്കേതിക വിദ്യയിൽ മേൽക്കൈ നേടാനുള്ള ശ്രമം മാത്രമല്ല, ഇപ്പോഴത്തെ ബഹിരാകാശ മത്സരം. അമേരിക്കയും, റഷ്യയും, ഇന്ത്യയും, ചൈനയും ഇപ്പോൾ മത്സരിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്, ചന്ദ്രനിലെ, അമൂല്യമായ നിധി ശേഖരം എന്നു തന്നെ പറയാവുന്ന പ്രകൃതിവിഭവങ്ങൾ. അത് സ്വന്തമാക്കുന്നതെങ്ങനെയെന്ന ചിന്തയിലാണ് നാല് രാഷ്ട്രങ്ങളും.

വിരളമായ ഭൗമലോഹങ്ങൾ മുതൽ, ഭാവിയിൽ ഊർജ്ജ സ്രോതസ്സായി മാറിയേക്കാവുന്ന ഹീലിയം വരെ ചന്ദ്രോപരിതലത്തിൽ വ്യാപിച്ചു കിടക്കുന്നത് ലക്ഷ-ലക്ഷക്കണക്കിന് ഡോളറിന്റെ അമൂല്യ സമ്പത്താണ്. അതിൽ ഹൈഡ്രജനും ഉൾപ്പെടുന്നു. ഊർജ്ജാവശ്യത്തിനുള്ള ഹൈഡ്രജനും, ശ്വസിക്കുന്നതിനുള്ള ഓക്സിജനുമായി വിഘടിപ്പിക്കാവുന്ന, ഘനീഭവിച്ച ജലം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാകെ വ്യാപിച്ചു കിടക്കുന്നു.

2025 ഓടെ, മനുഷ്യനെ ചന്ദ്രനിൽ തിരികെയെത്തിക്കുന്നതിനുള്ള അമേരിക്കയുടെ പുതിയ ആർട്ടെമിസ് പദ്ധതിയുടെ ലക്ഷ്യം തന്നെ അതാണ്. ഇപ്പോഴിതാ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനരികിലുള്ള മാൻസിനസ് ഗുഹാമുഖത്തിനരികിൽ ഇന്ത്യയുടെ ചന്ദ്രയാൻ ഇറങ്ങിക്കഴിഞ്ഞു. സമാനമായ രീതിയിൽ ബോഗുസ്ലാവ്സ്‌കി ഗുഹാമുഖത്തിനരികിൽ ഇറങ്ങാനുള്ള റഷ്യയുടെ ശ്രമം പക്ഷെലൂണ -25 തകർന്നതോടെ പരാജയപ്പെടുകയായിരുന്നു.

അതേസമയം, 2030 ആകുമ്പോഴേക്കും തങ്ങളുടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമങ്ങൾ ചൈന തുടരുകയാണ്. സുരക്ഷിതമായി ദക്ഷിണ ധ്രുവത്തിലിറങ്ങാൻ, അമേരിക്ക കണ്ടെത്തിയതുപോലെ ചില ഇടങ്ങൾ ചൈനയും കണ്ടെത്തിക്കഴിഞ്ഞു. ശാസ്ത്രീയ ഗവേഷണങ്ങളുടെ പേരിൽ ചന്ദ്രനുമേൽ ചൈന അവകാശവാദം ഉന്നയിച്ചേക്കും എന്ന് അമേരിക്ക ആശങ്കപ്പെടുന്നുമുണ്ട്. ചൈന ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും, ചന്ദ്രനിലെ വിഭവങ്ങൾ എങ്ങനെ വിതരണം ചെയ്യപ്പെടും എന്നതിനെ കുറിച്ച് ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

ചന്ദ്രനിലെ വിഭവങ്ങൾ നീതിപൂർവ്വം കൈകാര്യം ചെയ്യപ്പെടാനായി 1979 ൽ ഉണ്ടാക്കിൂയ ചാന്ദ്ര കരാർ ഉൾപ്പെടെയുള്ളവയെല്ലാം അന്താരാഷ്ട്ര പിന്തുണ നേടുന്നതിൽ പരാജയപ്പെടുകയായിരുന്നു. റഷ്യയും ചൈനയും ഇതിൽ ഒപ്പു വച്ചിട്ടില്ല എന്നതു തന്നെ ഇതിന്റെ പ്രസക്തി ഇല്ലാതെയാക്കുകയാണ്. ഈ നാല് രാജ്യങ്ങൾക്ക് പുറമെ ഒരു കൂട്ടം സ്വകാര്യ കമ്പനികളും ചന്ദ്രനെ ലക്ഷ്യം വച്ച് കുതിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഇവരെല്ലാം ലക്ഷ്യം വയ്ക്കുന്നത് ചന്ദ്രനിലെ ആ നിധിശേഖരം തന്നെയാണ്.

ജലം

അമ്പിളിയമ്മാവന്റെ നിധിശേഖരത്തിലെ പ്രധാന വസ്തു ജലം തന്നെയാണ്. നാസയുടെ ലൂണാർ റീകണ്ണൈസനസ് ഓർബിറ്റർ (എൽ ആർ ഓ)നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കി ശാസ്ത്രജ്ഞർ പറയുന്നത് ചന്ദ്രന്റെ ധ്രുവങ്ങളിൽ 600 ബില്യൻ കിലോഗ്രാം ഘനീഭവിച്ച ജലമുണ്ടാകും എന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒളിമ്പിക്സിലെ നീന്തൽ കുളങ്ങളുടെ വലിപ്പമുള്ള 2,40,000 നീന്തൽ കുളങ്ങളിൽ നിറയ്ക്കാൻ കഴിയുന്നത്ര ജലം.

ഭൂമിയിൽ ഒരു ബില്യൻ ക്യൂബിക് കിലോമീറ്ററിലധികം ജലമുണ്ടെന്നുള്ളത് പരിഗണിക്കുമ്പോൾ ചന്ദ്രനിലെ ജലത്തിന് എന്ത് പ്രസക്തി അന്ന് സംശയിക്കാം. എന്നാൽ, ഭാവിയിൽ നമ്മുടെ ഗ്രഹത്തിനപ്പുറത്തേക്ക് മനുഷ്യന്റെ കരങ്ങൾ നീളുന്ന സാഹചര്യത്തിൽ തീർത്തും അമൂല്യമായ ഒന്നാണിത്. അതിൽ പ്രധാനം, ഭൂമിയിൽ നിന്നും ധാരാളം ജലം ബഹിരാകാശത്തേക്ക് എത്തിക്കാൻ പറ്റില്ല എന്നതാണ്. കേവലം ഒരു ക്യൂബിക് മീറ്റർ ജലം ഭൂസമീപ ഭ്രമണപഥത്തിൽ എത്തിക്കണമെങ്കിൽ പോലും 1 മില്യൻ ഡോളർ ചെലവഴിക്കേണ്ടി വരും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മാത്രമല്ല, ബഹിരാകാശ യാത്രകളിലും പര്യവേഷണങ്ങളിലും ചന്ദ്രൻ ഒരു ഇടത്താവളമാകുമ്പോൾ, കുടിവെള്ളമായും ഇത് ഉപയോഗിക്കാനാകും. മാത്രമല്ല, ഈ ജലത്തെ വിഘടിപ്പിച്ച് റോക്കറ്റിനുള്ള ഇന്ധനമായ ഹൈഡ്രജനും, ശ്വസിക്കുന്നതിനുള്ള ഓക്സിജനും വേർപെടുത്താം. ഭാവിയിൽ ഇത് ചന്ദ്രനിൽ നിന്നും ബഹിരാകാശത്തേക്കും ചൊവ്വ പോലുള്ള മറ്റു ഗ്രഹങ്ങളിലേക്കും ഉള്ള റോക്കറ്റ് വിക്ഷേപണത്തിനും സഹായകരമാകും.

ലോഹങ്ങൾ

ഭൂമിയിൽ വിരളമായ പല ലോഹങ്ങളും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഷാക്കിൽടൺ, ഷൂമേക്കർ, ഡി ഗെർലാഷ്, ഹാവർത്ത് തുടങ്ങിയ ഗുഹാമുഖങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. അതിവേഗം വികസിക്കുന്ന ആധുനിക സാങ്കേതിക വിദ്യക്ക് അത്യന്താപേക്ഷിതമായ ലോഹങ്ങളാണിവ. കൂടാതെ സ്മാർട്ട്ഫോണുകൾ കമ്പ്യുട്ടറുകൾ, ഹൈബ്രിഡ് കാർ ബാറ്ററികൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിലും ഇവ ഉപയോഗിക്കുന്നുണ്ട്.

വിരളമായ ലോഹങ്ങളിൽ സ്‌കാൻഡിയം യിട്രിയം എന്നിവ ചന്ദനിൽ വളരെ വലിയ അളവിൽ തന്നെയുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇവ വാഹനങ്ങളുടെ എഞ്ചിൻ, ഗ്ലാസ്സ്, സിറാമിക്,. ഇലക്ട്രോണിക് ഉപകരണങ്ങൾ, റഡാർ സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുവാൻ കഴിയും. ബസാൾട്ട്, ഇരുമ്പ്, ക്വാർട്ട്സ്, സിലിക്കോൺ എന്നിവയുടെ സാന്നിദ്ധ്യവും ചന്ദ്രനിലുണ്ട്. സോളാർ പാനൽ ഉൾപ്പടെ പലതിന്റെയും നിർമ്മാണത്തിൽ ഇവ ഉപയോഗിക്കാൻ കഴിയും. അതിനു പുറമെ വിലകൂടിയ ലോഹങ്ങളായ പ്ലാറ്റിനം, പല്ലേഡിയം, റോഡിയം എന്നിവയും ഇവിടെ സമൃദ്ധമാൺ്യൂ്.

ഹീലിയം

ന്യുക്ലിയർ ഫ്യുഷൻ അഥവാ അണുസംയോജനം ഫോസിൽ ഇന്ധനത്തിന് പകരമായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണിപ്പോൾ. സൂര്യൻ ഹൈഡ്രജനെ ഹീലിയം ആക്കി മാറ്റി ഊർജ്ജം ഉത്പാദിപ്പിക്കുന്ന പ്രക്രിയ പുനരാവിഷ്‌കരിച്ച് ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കന്ന വളരെ വിരളമായ ഡ്യൂട്രിയം എന്ന തരം ഹൈഡ്രജനും അതിനേക്കാൾ ഏറെ വിരളമായ ഹീലിയം -3 എന്നതരം ഹീലിയവുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഇതിൽ, മേൽ സൂചിപ്പിച്ച ഹീലിയത്തിന്റെ തരം ഭൂമിയിൽ വളരെ വിരളമാണ്. എന്നാൽ ചന്ദ്രനിലെ സീ ഓഫ് ട്രാൻക്വിലിറ്റി ഉൾപ്പടെയുള്ള ഭാഗങ്ങളിലിത് വളരെ വലിയ അളവിൽ കാണപ്പെടുന്നു. ചിലയിടങ്ങളിൽ ഉപരിതല പദാർത്ഥങ്ങളുടെ 20 ശതമാനം വരെ ഹീലിയം - 3 ആണ്. ചന്ദ്രോപരിതലത്തെ സംരക്ഷിക്കാൻ ഒരു അന്തരീക്ഷമില്ലാത്തതിനാൽ, സൗരവാതങ്ങൾ അവിടെ നിക്ഷേപിക്കുന്നതാണിത്.

ആണവോർജ്ജ നിർമ്മാണത്തിൽ യുറേനിയത്തിന് പകരമായി ഈ ഐസോടോപ് ഉപയോഗിക്കാൻ കഴിയും. ഇത് ഒരു റേഡിയോ ആക്ടീവ് പദാർത്ഥല്ല എന്നതിനാൽ താരതമ്യേന സുരക്ഷിതവുമാണ്. ഏകദേശം 1.2 ക്വാഡ്രില്യൻ ഡോളർ വിലമതിക്കുന്ന ഹീലിയം 3 ചന്ദ്രനിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

ആരാദ്യം ? ആർക്കാദ്യം ?

സർക്കാർ പദ്ധതികളും, സ്വകാര്യ സംരംഭങ്ങളുമായി 2022 നും 2032 നും ഇടയിലായി 400 ഓളം ചാന്ദ്ര ദൗത്യങ്ങളാണ് ആഗോളാടിസ്ഥാനത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം ചാന്ദ്ര ദൗത്യങ്ങളിൽ വിജയിച്ച അമേരിക്ക, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പുറമെ ജപ്പാനും, ദക്ഷിണ കൊറിയയും ചാന്ദ്ര ദൗത്യങ്ങൾക്കായി തയ്യാറെടുക്കുന്നുണ്ട്. അവയ്ക്ക് പുറമെ നിരവധി സ്വകാര്യ കമ്പനികളും ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇവയിൽ പലതും ഉന്നം വയ്ക്കുന്നത് ചന്ദ്രനിൽ ഒരു സ്ഥിരം ആസ്ഥാനം ഉണ്ടാക്കി എടുക്കുക എന്നതാണ്. അതുവഴി ചന്ദ്രനിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും എന്ന് അവർ കരുതുന്നു.

ഇവിടെയുയരുന്ന പ്രധാന ചോദ്യം, ആരായിരിക്കും ആദ്യം ഈ ദൗത്യത്തിൽ വിജയിക്കുക, ആർക്കാണ് ചാന്ദ്ര വിഭവങ്ങൾ ആദ്യമായി കൈക്കലാക്കാൻ കഴിയുക എന്നതാണ്. അമേരിക്കയുടെ ദൗത്യം 2025 ൽ നടക്കുമ്പോൾ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ചന്ദ്രനിൽ ആളെഎത്തിക്കാനാണ് ചൈന ശ്രമിക്കുന്നത്. റഷ്യയും ഇന്ത്യയും മത്സരത്തിൽ ഒട്ടും പിന്നിലല്ല. അതുപോലെ സ്വകാര്യ കമ്പനികളും ഇഞ്ചോടിഞ്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ചന്ദ്രന്റെ സ്രോതസ്സുകൾക്ക് മേൽ ആദ്യം ആധിപത്യം സ്ഥാപിക്കുന്നവർ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരായി മാറും എന്നാണ് കരുതപ്പെടുന്നത്. അവിടെയാണ് ചന്ദ്രയാൻ 3 ന്റെ വിജയം ഇന്ത്യയുടെ കുതിപ്പിന്റെ തുടക്കമാകുന്നത്. കേവലംസാങ്കേതിക രംഗത്തെ മേൽക്കോയ്മ മാത്രമല്ല, നാളത്തെ ലോകവും ഒരുപക്ഷെ ഇന്ത്യയുടെതാക്കാൻ ചന്ദ്രായാൻ 3 യുടെ വിജയം ഒരു തുടക്കമായേക്കാം.